Skip to main content

Posts

Showing posts from January, 2019

എന്റെ മാത്രം തീരത്ത്

പ്രണയം പൂത്ത നിന്റെ മിഴിക്കോണുകളുടെ നനഞ്ഞ നോട്ടത്തിലാണ് ഞാൻ പിന്നെയും നിറഞ്ഞു പെയ്തത്. നിന്നെ നോക്കി നോക്കി, പെയ്തൊഴിയാതെ എത്ര കാലങ്ങൾ .. ചില നേരങ്ങളിൽ നെഞ്ചിൽ കനക്കുന്ന മൗനങ്ങൾ നിന്റെ വാക്കുകളിൽ കുരുങ്ങി കിടക്കുന്നു.. ചില സ്വപ്നങ്ങളിൽ നിന്റെയൊപ്പം, ചിരിപൂക്കുന്ന നിറസന്ധ്യകളിൽ വിരൽ കോർത്ത് ഏറെദൂരം ഞാൻ പോയിരുന്നു, നീ മാത്രം പൂക്കുന്ന കാഴ്ചകൾക്ക് അവസാനം നമ്മളോരുമിച്ചു  കാണുന്ന കാഴ്ചകളിലാണ് ഞാൻ എന്നെ തിരയുന്നത് ... പറയാതെ പോയ പലതിലും ഞാൻ എന്നെ തന്നെ ആണ് നിനക്ക് തന്നത് ... നിന്റെ ഓർമ മേഞ്ഞ കിനാക്കളിൽ നമുക്ക് വേണ്ടി മാത്രമാണ് ഞാനൊരു കൂടൊരുക്കിയത് .. പറഞ്ഞു പഴകിയ പലതിലും നിനക്ക് -ചിലപ്പോൾ എന്നെ കണ്ടെത്താനാവില്ല .. എന്റെ മാത്രം തീരത്ത് നീ തേടിയെത്തണം, ഒരിക്കലെങ്കിലും.. അപ്പോൾ മാത്രം നാമൊരുമിച്ച ചില്ലകൾക്ക് ഒരു പൂക്കാലം കടം കൊള്ളാം..!!