നിന്നോട് പറയാനുള്ളതെന്തെന്നാൽ, നിന്നോട്, നീയെന്ന അർത്ഥത്തിൽ മാത്രം ഒപ്പം ചേരുന്ന ഒരുവനിൽ ആനന്ദിക്കുക..! അങ്ങനെയൊരുവനോടൊപ്പം മാത്രം സ്വയം ചേർത്തു നിർത്തുക..! അങ്ങനെ ഒരുവനു മാത്രമേ നിന്റെ ഓർമയിൽ പ്രണയം മാത്രം കണ്ടെത്താൻ കഴിയൂ.! നിന്റെ ലോകം കൗതുകത്തോടെ മാത്രം കാണാൻ കഴിയൂ.! അവനു മാത്രമേ നീയെന്നൊരു ലോകത്തേക്ക് മാത്രം നിമിഷനേരം കൊണ്ട് ചുരുങ്ങാൻ കഴിയൂ.! നിനക്കൊപ്പം ചിരിക്കാനും, നിനക്കൊപ്പം കരയാനും കഴിയൂ..! നിന്റെ മുഷിഞ്ഞ രൂപത്താൽ തന്നെയും നിന്നെ നെഞ്ചിൽ ചേർക്കുന്നതിനും, നിന്റെ വരണ്ട മുടിയിഴകളിൽ ഉമ്മകൾ നട്ടു പിടിപ്പിക്കാനും അങ്ങനെയൊരുവന് മാത്രമേ കഴിയൂ, സമയ കാല വ്യത്യാസമില്ലാതെ..! വെയിലും പൊടിയും തട്ടി ഇരുണ്ടു പോകുമ്പോഴും, നിന്റെ മുഖത്തും കരുവാളിച്ച ചുണ്ടുകളും നോക്കി കവിത ചൊല്ലാൻ കഴിയൂ, കവിയല്ലെങ്കിൽ പോലും..! അങ്ങനെ ഒരുവന് മാത്രമേ, നീയെന്ന പേരിനെ നെഞ്ചിൽ കൊരുത്ത് , നീയെന്ന ദൂരം മാത്രം തേടിയെത്താൻ കഴിയൂ.. അങ്ങനെയുള്ള ഒരുവന് മാത്രമേ സ്വന്തം നെഞ്ചിടുപ്പുകൾ നീയെന്നു മാത്രം അടയാളപ്പെടുത്താൻ കഴിയൂ.. മറ്റൊന്നിനോടും സാമ്യപ്പെടുത്താതെ നിന്റെ ചിരികളോടൊപ്പം മാത്രം നിൽക്കാനും കഴിയൂ, ...