Skip to main content

Posts

Showing posts from July, 2018

കനല്‍ ചൂടിയ വസന്തം

ഒരേ വസന്തം വേരു പടർത്തിയ രണ്ട് കരകളായിരുന്നു നാം  , അകലങ്ങളിൽ മാത്രം കണ്ടെടുക്കപ്പെടുന്നവർ ... മൗനങ്ങളിൽ മാത്രം അടയാളപ്പെടുത്തുന്നവർ.. ഒരേ വസന്തത്തിന്റെ കനലിതൾ വിടര്‍ത്തുന്ന ചില്ലകൾ നാം, വരണ്ട വേനൽ മാത്രം സ്വപ്നത്തിൽ പേറിയവർ. ഒടുവിൽ മാത്രം കൊഴിയാൻ ബാക്കിയാകുന്നവർ .. ഒരേ വസന്തത്തിന്റെ ഓർമകളെ മറവിതീരങ്ങളിൽ നട്ട് പടർത്തി പിരിഞ്ഞ വഴികളിൽ പിന്തിരിഞ്ഞു നടന്നവർ

എന്തെന്നാൽ ഞാനാകുന്നു പ്രേമം

എന്തെന്ന് വച്ചാൽ, പ്രേമത്തിന് അങ്ങനെ ഒരു ഗുണമുണ്ട് .. നിനച്ചിരിക്കാതെ കിട്ടുന്നൊരു കരുത്താണത് .. കണ്ണിൽ നോക്കി കത്തിപ്പടരാനുള്ള കരുത്ത് .. ഇതുവരെ കാണാതിരുന്നൊരു ലോകത്തെ ചിരികളെ നിന്നിലേക്ക്‌ ചുരുക്കിയെടുക്കാനുള്ള കരുത്ത്. . നിന്റെ വലതു തോളിനു താഴെ, കറുത്തു കുറുകിയൊരു പുള്ളിയിലേക്ക് സ്വയം എരിഞ്ഞൊഴുകുന്നവനാകാൻ ഒരുവനെ നിർബന്ധിക്കുന്ന കരുത്ത്  ... ഉപ്പു രുചിയുള്ള നിമിഷങ്ങളുടെ ഉടമസ്ഥയായിരിക്കാനുള്ള കരുത്ത് ... നീയെന്ന മങ്ങിയ കാഴ്ചയെ അറിയാനാവാതെ ഒരുവൻ പിന്തിരിയുന്നത് നോക്കി നിന്ന് നിറഞ്ഞു പെയ്യാനുള്ള കരുത്ത്.