Skip to main content

Posts

Showing posts from December, 2018

To my Valentine

ഇന്നലെ , ഇളംചുവപ്പ് നിറത്തിൽ, നുറുങ്ങു വെളിച്ചമുള്ള ആ നിശബ്ദതയിൽ, എന്റെ മാത്രം വിചാരങ്ങളിൽ നിറഞ്ഞ് നിറഞ്ഞ്, ഒറ്റയെന്നൊരു ഭൂതലത്തിൽ, ഞാനങ്ങനെ ചിലവിടുകയായിരുന്നു ... വായിച്ചു പാതിയാക്കിയൊരു പുസ്തകത്തിന്റെ മറിഞ്ഞുപോയ താളുകളൊന്നിൽ , പേരറിയാത്തൊരു പുഴക്കരയിൽ-പ്രണയസ്മരണകളിൽ മുഴുകിയിരുന്നൊരു കാമുകിയുടെ നിശ്വാസങ്ങൾ ഉതിർന്നുകിടന്നിരുന്നു... ചില നിമിഷങ്ങൾ വഴിതെറ്റിയ നീയോർമകളായി ഇടക്കെപ്പോഴൊക്കെയോ വന്നു പോകുമ്പോൾ പ്രണയത്തിന്റെ കരിനീലപാടുകൾ അവശേഷിച്ചു കൊണ്ടേയിരുന്നു, തുടർച്ചയായി..!! തുടക്കമോ ഒടുക്കമോ ഇല്ലാത്ത ഓർമകളെ കണ്ണിചേർക്കുന്ന ഒറ്റപ്പെട്ട ചില നിമിഷങ്ങളുടെ ഒരു തുരുത്താണെനിക്ക് നീയെന്നും.. !! നിലയ്ക്കാത്തൊരു വസന്തം പരസ്പരം കണ്ടെടുത്തിട്ടില്ലാത്ത നമുക്കിടയിലെ ശൂന്യമായ നിശ്ശബ്ദതകളിൽ പ്രണയം നിസ്സഹായമായി പെയ്തു നിറയാറുണ്ട്, പലപ്പോഴും.. നീയെന്ന പേരിനെ ഞാൻ, പ്രണയം എന്ന് തിരുത്തി വായിക്കാറുമുണ്ട്.. !!

മറയൂർ

..'നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം' എന്ന സോളമന്റെ വരികളോടുള്ള പ്രണയം കാലമേറെ ആയിട്ടുള്ളതാണെങ്കിലും, മറയൂർ, നിന്നെ കണ്ടനാൾ മുതലാണ് ആ വരികളിൽ കാഴ്ചയുടെ വശ്യതയും ചാരുതയും നിറഞ്ഞത്... ചന്ദനക്കാറ്റു വീശുന്ന, ശർക്കര മണമുള്ള,കരിമ്പു പൂത്ത പാടങ്ങളും,  മഞ്ഞലയിൽ മൂടിയുറങ്ങുന്ന മലകളും, ചുറ്റിയൊഴുകുന്ന പുഴകളും നിറഞ്ഞ ഗ്രാമീണത..അതാണെനിക്ക് നീ, മറയൂർ.. പ്രിയപ്പെട്ട ഒന്നിലേക്കുള്ള യാത്രയിൽ മറയൂർ, നീ നൽകുന്ന നൽകുന്ന കാഴ്ചകൾ മഞ്ഞിന്റെ കുളിർമയുള്ള ഓർമകളാണ് എനിക്ക്.. വീണ്ടും തിരിച്ചെത്തുവാൻ പ്രേരിപ്പിക്കുന്നതൊന്ന് ബാക്കിയാക്കിയാണ് നിന്നിൽ നിന്നുള്ള എന്റെ മടക്കങ്ങളും.. !നീ നൽകിയ ഓർമകളുടെ വസന്തം ഉള്ളിൽ കൊരുത്തിട്ട് , ഇനി വീണ്ടും കാണുന്ന നാളൊന്നിൽ നിന്നിൽ നിന്ന് കണ്ടെടുക്കുന്ന പുതുമകൾക്കായി ഞാൻ എന്നും കാത്തിരിക്കാറുണ്ട്..!!

ചില നേരങ്ങളിൽ

ചില വാക്കുകളുണ്ട്, നമ്മോടു മാത്രം മിണ്ടുന്നത്... ചില നോട്ടങ്ങളുണ്ട്, നെഞ്ചോളം ആഴത്തിൽ ചെല്ലുന്നത്.. ചില നേരങ്ങളുണ്ട്, മറ്റാർക്കും വേണ്ടി ജനിക്കാത്തത്. ചില മൗനങ്ങളുണ്ട്, നമുക്കിടയിൽ മാത്രം തെളിയുന്നത്..

യാത്രയിൽ അവൾ

മുന്നൊരുക്കങ്ങൾ ഇല്ലാതെ, ആദ്യം കാണുന്ന ബസിനു കൈ കാണിച്ചു കയറി, വിൻഡോ സീറ്റ്‌ എന്ന സ്വർഗ്ഗത്തിന്റെ വാതിലിനു പുറത്തേക്ക് കൂട്  തുറന്നു വിടുന്ന ചിന്തകൾക്കൊപ്പം, സ്വയം മാഞ്ഞില്ലാതായി തീരുന്ന ഓരോ യാത്രകൾ.. എനിക്കും,ഞാൻ കാണുന്ന കാഴ്ചകൾക്കിടയിലും കാറ്റടിച്ചു പാറുന്ന മുടിയിഴകളുടെ ഭാരമില്ലായ്മ മാത്രം.. പച്ച പൂത്ത കാടുകൾക്കും, മഞ്ഞു മൂടുന്ന മലനിരകൾക്കും ഒപ്പം, ഇറങ്ങി വരുന്ന - നീലയും വെള്ളയും കലർന്ന ആകാശത്തിന്റെ അതിരുകൾക്കപ്പുറം പറക്കാൻ ഒരുവളെ നിർബന്ധിക്കുന്ന അതേ ഭാരമില്ലായ്മ.. ഓരോ യാത്രയും  ഓരോ അനുഭവം ആണ്.. പിന്നീട് ഒരിക്കലും ആവർത്തിക്കപ്പെടാനാകാത്ത വിധം ഒരാളിലേക്ക് മാത്രം നിറയുന്ന നിമിഷങ്ങളുടെ അനുഭവം.. ഓരോ കാഴ്ചയും കണ്ടു തീരാനുള്ളവയും അല്ല.. പിന്നെയും പിന്നെയും പുതുമ തേടിയുള്ള മനസിന്റെ തിരിച്ചു വരവ് മാത്രമാണ്..