ഓഫീസിൽ നിന്നിറങ്ങിയ വൈകുന്നേരം, മൊബൈലിൽ ആ മെസേജ് അവനെ തേടി എത്തിയതു മുതൽ തുടങ്ങിയ ആളിക്കത്തലിൽ ആണവൻ.. ഒരിടത്തു നിൽക്കാനോ ഇരിക്കാനോ വയ്യാത്ത വിധം ആകാംക്ഷ കൊണ്ടു നീറിപുകയുന്ന അവസ്ഥ. തനിക്ക് എന്താണിങ്ങനെ എന്നാലോചിച്ചിട്ടു അവനൊരു ഉത്തരം കിട്ടിയതുമില്ല.. അവൻ വീണ്ടും മൊബൈൽ എടുത്ത് ആ മെസ്സേജ് ഒന്നുകൂടി വായിച്ചു. "ഇന്ന് രാത്രി ഞാൻ നിന്റെ നഗരത്തിൽ ഉണ്ടാകും,മറ്റൊരു യാത്രയുടെ ഇടവേളയിൽ, ഒരു രണ്ടു മണിക്കൂർ നേരം. കഴിയുമെങ്കിൽ കാണുക. സംസാരിക്കാം.. " കാലങ്ങളായി അവൻ ആഗ്രഹിച്ചു കൊണ്ടിരുന്ന പ്രതികരണം. അപ്രതീക്ഷിതമായി ഇതാ വന്നെത്തിയിരിക്കുന്നു . പക്ഷെ, തിരിച്ചറിയാനാവാത്ത വികാരങ്ങാളാൽ താൻ അധൈര്യനായി പോകുന്നു എന്ന് അവൻ സംശയിച്ചു. അവൾ, മൂന്നു വർഷം മുൻപ് തുടങ്ങിയ പരിചയം. ഫെസ്ബുക് സൗഹൃദങ്ങളിലേക്ക് എഴുത്തുകാരും കവികളും കൂടുതലായി ചേക്കേറി തുടങ്ങിയ കാലത്ത് അവിചാരിതമായി കണ്ട ഒരു മുഖം..പരസ്പരം, സൗഹൃദ കൂട്ടങ്ങളിൽ ഒരാളായി പിന്നെയും കുറെ കാലം. അവളുടെ എഴുത്തിനോട് ഇടക്കൊക്കെ തോന്നിയ പ്രണയം പതിയെ അവളോടും..! സംസാരിച്ചു തുടങ്ങിയപ്പോൾ പ്രണയം കത്തിപടർന്നു. പക്ഷെ ഒരിക്കൽ പോലും ഔപചാരികമായ സൗഹൃദത്തിന്റെ വരമ്...