മഴ പോലെയൊന്ന് അപ്പോൾ പെയ്യുന്നുണ്ടായിരുന്നു !! പുറത്തും, നമുക്കുള്ളിലും. ഇടയ്ക്കിടെ നിന്റെ നോട്ടങ്ങളിൽ എന്നോ ഒരു മഞ്ഞുകാലത്തേക്ക് കൂടിയുള്ള ക്ഷണം ഉണ്ടായിരുന്നു. പലപ്പോഴും വെറുതെ പറഞ്ഞ് പറഞ്ഞ്, മലമുകളിൽ ഒരു മുന്തിരിക്കാലം കൂടി പൂ പൊടിഞ്ഞു തുടങ്ങിയിരുന്നു.. നീയെനിക്കൊരു വിരൽദൂരം മാത്രമാണെന്നും, ഇനിയെത്ര ദൂരവും താണ്ടാനുള്ള വേഗം നാമിരുവർക്കുമുണ്ടെന്നും, മുനിഞ്ഞു കത്തിയ മൗനത്തിലും നാം പരസ്പരം കൈമാറിയ ഉറപ്പാണ്... !! അതുകൊണ്ട് തന്നെ, എനിക്കറിയാത്ത ഏതോ കാരണങ്ങളാൽ നീ പെയ്തതൊക്കെയും എന്റെ മണ്ണിൽ മാത്രമാണ്... ! ഓരോ പെയ്ത്തിലും തളിർത്തതൊക്കെയും നീയെന്ന ഓർമ്മ മാത്രമാണ്.. വേദനയല്ല...ഓർമ്മ... !! ഓർമ്മ മാത്രമാണ് നീ എനിക്ക്.. എന്നേക്കാൾ അധികമായി എന്റെ ഉള്ളിൽ നിറയുന്നതും അത് മാത്രമാണ്.. ! ഒരിക്കൽ കൂടി ഞാൻ വരും.. നാം എന്ന ഇരുകരകൾക്കിടയിൽ ഒരു വഴി തിരയാൻ.. അന്ന്, നീ എന്ന കാലത്തിനൊപ്പം ഏറെ ദൂരം ഞാൻ ഒരു യാത്ര പോകും. നമ്മൾ പറഞ്ഞ് പറഞ്ഞ്, മലമുകളിൽ ഒരു മുന്തിരിക്കാലം കൂടി പൂ പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു.. !!