Skip to main content

അവരിടങ്ങൾ 6

പിങ്ക് നിറത്തിൽ ഒറ്റവര തെളിഞ്ഞു നിൽക്കുന്ന ആ ഉപകരണത്തിൽ നോക്കി അവൾ ചിരിച്ചു. അവൾക്കെതിരെ,  കസേരയിൽ ഫോണിൽ നോക്കിയിരുന്ന അവൻ കണ്ണുകളുയർത്തി അവളെ നോക്കി.
"ഉം? !!

"നെഗറ്റീവ് "

" ഉം " പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ അവൻ ഫോണിലേക്ക് തന്നെ നോക്കി.അവൾ അരികിലിരുന്ന ഗ്ലാസിലെ വെള്ളമെടുത്തു കുടിച്ചു കൊണ്ട് അവനെ അൽപനേരം നോക്കിയിരുന്നിട്ട്, ചോദിച്ചു.

"സമാധാനമായില്ലേ? !!

"എനിക്കെന്ത് സമാധാനക്കേട്‌. നിനക്കല്ലായിരുന്നോ ഇങ്ങെത്തുന്നത് വരെ ടെൻഷൻ " അവൻ ഫോണിൽ നിന്ന് മുഖമുയർത്തിയില്ല.

അവൾ മറുപടി പറഞ്ഞില്ല.  എന്തോ ആലോചനയിൽ മുഴുകിയിരിക്കുന്ന അവളെ അവനിടക്ക് അലസമായി മുഖമുയർത്തി നോക്കി. അൽപനേരം അങ്ങനെ ഇരുന്നിട്ട് അവളൊരു നിശ്വാസത്തോടെ അവനെ നോക്കി.

"ഇപ്പോഴൊരു കൊച്ചിന്റെ തന്തയാകാൻ അത്ര ആവേശമുണ്ടോ? !

അവൻ മുഖമുയർത്തി നീരസത്തോടെ അവളെ നോക്കി.

"അതെന്താ, നിന്റെ കൊച്ചിന്റെ തന്തയാകാനുള്ള യോഗ്യത എനിക്കില്ലേ? !"

അവൾ ചുണ്ടുകളമർത്തി അവനെ നോക്കി.

അവൻ തുടർന്നു " നീയല്ലേ പ്രസവിക്കാൻ സാധ്യമല്ല എന്നുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  എനിക്കെന്താ പ്രശ്നം, നമുക്ക് രണ്ടിനും കൂടി ഒരു കുഞ്ഞുണ്ടായാൽ വളർത്തും. അത്ര തന്നെ. "

അവൾ ചിരിയമർത്തി, കൈകൾ മാറിൽ പിണച്ചു കെട്ടി കസേരയിലേക്ക് ചാരിയിരുന്നു.

" എനിക്കതിനു കാരണങ്ങളും ഉണ്ട് . ഇപ്പോൾ എന്തായാലും ഗർഭിണിയാകാനും പ്രസവിക്കാനും ഞാൻ ഒട്ടും പ്രിപയേർഡ്  അല്ല. മറ്റു പല കാരണങ്ങളും ഉണ്ട്. നിനക്കതൊക്കെ അറിയാമല്ലോ. പിന്നെന്തിനാണ് ഇപ്പോഴൊരു കുറ്റപ്പെടുത്തലിന്റെ സ്വരം.? !"

അവൻ പരിഹാസം കലർന്ന ഒരു ചിരി ചിരിച്ചു.

"ഗർഭവും പ്രസവവും ഒക്കെ ആയാൽപിന്നെ കാമുകന്മാരോടുള്ള സംസാരവും കറക്കവും ഒന്നും നടക്കില്ലായിരിക്കും "

അവന്റെ സ്വരത്തിലെ അസൂയ അവളെ പൊട്ടിച്ചിരിപ്പിച്ചു. ചിരിച്ചു ചിരിച്ചു അവളുടെ മുഖം ചുവന്നു. അവളുടെ ചിരി അവനെ കൂടുതൽ ചൊടിപ്പിച്ചു.

" ചിരിക്കേണ്ട. അല്ലെങ്കിൽ തന്നെ ഇതൊക്കെ പറയാൻ എനിക്ക് എന്താണ് റോൾ? ! എ ഫ്രണ്ട്.. ഫ്രണ്ട് വിത്ത്‌ ബെനെഫിറ്റ്‌സ്..!അവന്റെ സ്വരം കൂർത്തു.

അവൾ അവനെ സൂക്ഷിച്ചു നോക്കി. അവൻ അവളുടെ നോട്ടത്തെ അവഗണിച്ചു കൊണ്ട് കൈയിലിരുന്ന ഫോൺ മേശയിൽ വച്ച് അടുത്തിരുന്ന സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണം എടുത്ത് കത്തിച്ചു.

"നിന്റെ സിഗരറ്റ് വലിയിത്തിരി കൂടുന്നുണ്ട് ! അവൾ കുറ്റപ്പെടുത്തി.

അവനവളുടെ മുഖത്തേക്ക് നോക്കിയിട്ട് തലയല്പം മുകളിലേക്ക് ചരിച്ച് പുകയൂതി.

"നിനക്ക് ഇടക്കെങ്കിലും ഒന്ന് ചിരിച്ചാലെന്താണ്? ! അവൾ ഇടം കൈ താടിയിലൂന്നി അവനെ നോക്കി.
"ഇതാരെ കാണിക്കാൻ ആണ് എപ്പോഴും ഇത്ര വലിയ ഗൗരവത്തിന്റെ ഉടുപ്പും ഇട്ടു നടക്കുന്നത്? !"

മറുപടി ഒന്നും പറയാതെ അവൻ വീണ്ടും അവളെ നോക്കി അലസമായി പുകയൂതി. അവൾ വലംകൈയാൽ മേശമേൽ കോറിവരഞ്ഞു  കൊണ്ട് അവനെ നോക്കി.

"പക്ഷെ എനിക്കൊരു ചെറിയ ആഗ്രഹമുണ്ട്!!

"ഉം? !!

അവൾ മിണ്ടിയില്ല

"എന്താണെന്ന് "? !

"ഒന്നുമില്ല " അവളൊരു കുസൃതിയിൽ ചിരിച്ചു.

അവൻ കുറച്ചു നേരം അവളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കിയിരുന്നു. അവൾ ചിരിയമർത്തി. അവൻ നോട്ടം മാറ്റി മുന്നിലിരുന്ന ആഷ്‌ട്രേയിലേക്ക് ചാരം തട്ടിയിട്ട് സിഗരറ്റ് ചുണ്ടിൽ വച്ചു. അവൾ പതിയെ എഴുന്നേറ്റ് അവന്റെ അടുത്തെത്തി, അവന്റെ മടിയിൽ ഇരുന്ന് കഴുത്തിലൂടെ കൈ ചേർത്തു. അവൻ അസ്വസ്ഥതയുടെ ശബ്ദം പുറപ്പെടുവിച്ചത് അവൾ കാര്യമാക്കിയില്ല. അവന്റെ ചുണ്ടിലിരുന്ന സിഗരറ്റ് ബലമായി കൈലെടുത്ത് അവൾ ആഷ്‌ട്രേയിൽ കുത്തിക്കെടുത്തി. അവനല്പം  ദേഷ്യത്തിൽ അവളുടെ ഇടുപ്പിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

"അവിടെ അടങ്ങിയിരിക്ക് " അവളവന്റെ ചുമലിൽ കൈയമർത്തി.

എന്റെ ആഗ്രഹം എന്താണെന്നോ? !

അവളുടെ മുഖത്തേക്ക് ഉയർത്തിയ അവന്റെ കണ്ണുകളിൽ ചോദ്യഭാവം നിഴലിച്ചു.

"ഇനി എനിക്ക് എപ്പോഴെങ്കിലും ഒരു കുഞ്ഞിനെ പ്രസവിക്കണം എന്ന് തോന്നുകയാണെങ്കിൽ, നീയായിരിക്കണം എന്റെ കുഞ്ഞിന്റെ അച്ഛൻ "

അവളവന്റെ മീശത്തുമ്പിൽ പിടിച്ചു വലിച്ചു.
വേദനിച്ചിട്ട് അവനവളുടെ കൈ തട്ടി മാറ്റി..
അവൾ വീണ്ടും അവന്റെ കഴുത്തിലൂടെ കൈ കോർത്തു പിടിച്ചു.

"നിന്നെ പോലെ എന്നെ സ്വാധീനിച്ച ആണൊരുത്തൻ ഇല്ല. നീയെന്നെ സ്നേഹിച്ചു ശ്വാസം മുട്ടിച്ചിട്ടില്ല,  സുഖാന്വേഷങ്ങളാൽ ശല്യപ്പെടുത്തിയിട്ടില്ല, കാണലുകൾക്കും സംസാരങ്ങൾക്കുമായി വാശി പിടിച്ചിട്ടില്ല, കണക്കും കണക്കുകൂട്ടലുകളുമായി അലോസരപ്പെടുത്തിയിട്ടില്ല, ഞാനെവിടെ എന്നോർത്ത് ആധി പിടിച്ചിട്ടില്ല, എന്റെ ലോകത്തൊരിടത്തും എതിരെ വന്ന് നിന്നിട്ടില്ല, ഒരു നിഴൽ പോലെ കൂടെ കൂടിയിട്ടില്ല.. " അവൾ ഒന്ന് നിർത്തി. "പക്ഷെ..അവളുടെ സ്വരം താഴ്ന്നു.. "എനിക്ക് വേണ്ടിയിരുന്ന സമയത്തൊക്കെ, നീയുണ്ടായിരുന്നു എപ്പോഴും. എവിടെ ആയിരുന്നാലും.. "അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.

"കഴിഞ്ഞോ " അവൻ പുരികമുയർത്തി അവളെ നോക്കി. എന്നിട്ട് സിഗരറ്റ് പാക്കറ്റിലേക്ക് കൈനീട്ടി. അവളുടെ മുഖം ചുവന്നു. ദേഷ്യത്തിൽ അവളതെടുത്ത് മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു..അവന്റെ കവിളിൽ കൈ ചേർത്ത് താടിയിൽ പിടിച്ചു വേദനിപ്പിച്ചു കൊണ്ട് അവൾ, പല്ല് കടിച്ചു പിറുപിറുത്തു.

"നിന്നെ പോലെയൊരുത്തൻ !" അവന്റെ മടിയിൽ നിന്നെഴുന്നേറ്റു അവൾ അടുക്കളയിലേക്ക് നടന്നു.

"ചായയല്ലേ? !" നടന്നു പോകുന്നതിനിടയിൽ അവളവനോട് വിളിച്ചു ചോദിച്ചു.

അവൾ വലിച്ചെറിഞ്ഞ സിഗരറ്റ് പാക്കറ്റ് കൈയിലെടുത്ത്  അവൾ പോയ വഴിയേ നോക്കി അവൻ ചിരിച്ചു. "അതേ.. "







Comments

  1. സൂഷ്മമായ നിരീക്ഷണ പ്രണയം വിശാല മനസിലെ സ്ത്രീ സൂക്ഷ്മത

    ReplyDelete

Post a Comment

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...