അവസാനമി ല്ലാത്ത ഉയരത്തിൽ എന്നപോലെ തലയുയർത്തി നിൽക്കുന്ന മലമുകളിലേക്ക് അവൾ ഓടിക്കയറി. പതിയെ പോകാൻ പിറകിൽ നിന്ന് അവൻ വിളിച്ചു പറയുന്നത് അവൾ കേട്ടില്ല. കുത്തനെ ഉള്ള വഴികളിൽ മൂടൽ മഞ്ഞിന്റെ നേർത്ത മറ വീണു കിടക്കുന്നു. മുന്നോട്ട് ചെല്ലുന്തോറും മഞ്ഞിൽ മാഞ്ഞുപോയ വഴി തനിയെ തെളിയുന്നു. മഞ്ഞിനൊപ്പം വീശുന്ന തണുത്ത കാറ്റ് അവളെ നിരന്തരം തഴുകി കൊണ്ടിരുന്നു. ഏറ്റവും മുകളിൽ എത്തിയ ശേഷം അവൾ തിരിഞ്ഞ് അവനെ നോക്കി ഉറക്കെ വിളിച്ചു. അവൻ കിതച്ചു കൊണ്ട് താഴെ നിന്നു കൈ വീശി കാണിച്ചു. അവൻ പതിയെ കയറി വരുന്നതും നോക്കി അവൾ അവിടെ നിന്നു. അവളുടെ അടുത്തെത്തി അവൻ നടുവിന് കൈ കൊടുത്തു നിന്നു കിതച്ചു. അത് കണ്ട് അവൾ ചിരിച്ചു. "ഇത്ര ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതിയില്ല ഇവിടെ വരെ എത്താൻ" അവൾ നീട്ടിയ കൈ പിടിച്ച് അവൾ നിൽക്കുന്നിടത്തേക്ക് കയറുമ്പോൾ അവൻ പരാതി പോലെ പറഞ്ഞു. "ഒന്നും ചിന്തിക്കാതെ എന്റെ കൂടെ വരാം എന്ന് പറഞ്ഞപ്പോൾ അതൊക്കെ ചിന്തിക്കണമായിരുന്നു" അവൾ കളിയാക്കി കൊണ്ട് മുന്നോട്ട് നടന്നു. "തന്റെ കൂടെ ആയത് കൊണ്ട് മാത്രമാണ് ഇറങ്ങി തിരിച്ചത്" അവൻ കിതപ്പ് അവസാനിക്കാതെ പറഞ്ഞു.അവൾ വീണ്ടും ചിരിച്ചു. ...