അവസാനമില്ലാത്ത ഉയരത്തിൽ എന്നപോലെ തലയുയർത്തി നിൽക്കുന്ന മലമുകളിലേക്ക് അവൾ ഓടിക്കയറി. പതിയെ പോകാൻ പിറകിൽ നിന്ന് അവൻ വിളിച്ചു പറയുന്നത് അവൾ കേട്ടില്ല. കുത്തനെ ഉള്ള വഴികളിൽ മൂടൽ മഞ്ഞിന്റെ നേർത്ത മറ വീണു കിടക്കുന്നു. മുന്നോട്ട് ചെല്ലുന്തോറും മഞ്ഞിൽ മാഞ്ഞുപോയ വഴി തനിയെ തെളിയുന്നു. മഞ്ഞിനൊപ്പം വീശുന്ന തണുത്ത കാറ്റ് അവളെ നിരന്തരം തഴുകി കൊണ്ടിരുന്നു. ഏറ്റവും മുകളിൽ എത്തിയ ശേഷം അവൾ തിരിഞ്ഞ് അവനെ നോക്കി ഉറക്കെ വിളിച്ചു. അവൻ കിതച്ചു കൊണ്ട് താഴെ നിന്നു കൈ വീശി കാണിച്ചു. അവൻ പതിയെ കയറി വരുന്നതും നോക്കി അവൾ അവിടെ നിന്നു. അവളുടെ അടുത്തെത്തി അവൻ നടുവിന് കൈ കൊടുത്തു നിന്നു കിതച്ചു. അത് കണ്ട് അവൾ ചിരിച്ചു.
"ഇത്ര ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതിയില്ല ഇവിടെ വരെ എത്താൻ" അവൾ നീട്ടിയ കൈ പിടിച്ച് അവൾ നിൽക്കുന്നിടത്തേക്ക് കയറുമ്പോൾ അവൻ പരാതി പോലെ പറഞ്ഞു.
"ഒന്നും ചിന്തിക്കാതെ എന്റെ കൂടെ വരാം എന്ന് പറഞ്ഞപ്പോൾ അതൊക്കെ ചിന്തിക്കണമായിരുന്നു" അവൾ കളിയാക്കി കൊണ്ട് മുന്നോട്ട് നടന്നു.
"തന്റെ കൂടെ ആയത് കൊണ്ട് മാത്രമാണ് ഇറങ്ങി തിരിച്ചത്" അവൻ കിതപ്പ് അവസാനിക്കാതെ പറഞ്ഞു.അവൾ വീണ്ടും ചിരിച്ചു.
"അതു കൊണ്ടല്ലേ ചെന്നെത്തുന്നതിന്റെ അവസാനം താങ്കൾക്കു മാത്രമായൊരു കാഴ്ചയുടെ വിസ്മയം എപ്പോഴും അനുഭവിക്കാൻ പറ്റുന്നത് " അവൾ നടപ്പ് അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞത് കേട്ടപ്പോൾ അവൻ ചുറ്റും ഒന്നു നോക്കി. മഞ്ഞു പുതച്ചു നിൽക്കുന്ന മലനിരകൾ. എവിടെ നിന്നോ ഇരമ്പിയെത്തുന്ന തണുത്ത കാറ്റിന്റെ ശബ്ദം. മഞ്ഞ നിറത്തിൽ പൂത്ത മരങ്ങളുടെ തലപ്പുകൾ അവിടവിടെ ഉയർന്നു കാണാം. അവർ നിൽക്കുന്നതിനു താഴേക്ക് ശൂന്യത എന്നപോലെ മഞ്ഞു കൊണ്ട് മറഞ്ഞു കിടക്കുന്നു. അവർ നിൽക്കുന്നയിടത്തെല്ലാം മഞ്ഞപ്പൂക്കൾ കൊഴിഞ്ഞു കിടക്കുന്നുണ്ട്. മഞ്ഞും മല നിരകളും അവളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. അതെത്ര കണ്ടാലും മതി വരാത്തത് പോലെയാണ് അവൾക്ക്.
ആളുകൾ ചെന്നെത്താത്ത അത്തരം സ്ഥലങ്ങൾ അന്വേഷിച്ചു കണ്ടു പിടിച്ച് അവിടെ എത്തുകയും ചെയ്യും, അവൻ ഓർത്തു.
"തനിക്ക് എന്താണ് ഉയരങ്ങളോട് ഇത്ര പ്രിയം" കിതപ്പ് ഒന്ന് അടങ്ങിയപ്പോൾ അവൻ തിരക്കി.
"ഉയരങ്ങൾ നമ്മളോട് നിശബ്ദമായി മാത്രമേ സംസാരിക്കൂ എന്നത് കൊണ്ട്" അവളുടെ ഉത്തരം കേട്ട് അയാൾ അവളെ ഒന്ന് നോക്കി.
"മനസിലായില്ല"
"താങ്കൾ ഒന്നു ശ്രദ്ധിക്കൂ, പ്രകൃതിയിൽ നിനുള്ളതല്ലാതെ മറ്റെന്തുണ്ട് ഇവിടെ നമുക്ക് കേൾക്കാൻ കഴിയുന്ന ശബ്ദങ്ങൾ. കാറ്റും വെള്ളച്ചാട്ടവും കിളിയൊച്ചകളും. ശ്രദ്ധിച്ചു നിന്നാൽ ഒരു നൂലിഴയുന്നത് പോലെ മഞ്ഞിന്റെ ശബ്ദം വരെ കേൾക്കാൻ കഴിയും. നമ്മൾ വന്ന വഴിയേ താഴേക്ക് പോകുന്തോറും ഇതു മാത്രമായിട്ട് നമുക്ക് ശ്രദ്ധിക്കാൻ പറ്റില്ല."
"പക്ഷെ ഇതേപോലെ ഉള്ള ടൂറിസ്റ്റ് സ്ഥലങ്ങളും ധാരാളം ഉണ്ടല്ലോ. അവിടെയൊക്കെ ചെന്നാൽ ഇങ്ങനെ ഒന്നും ഉണ്ടാകില്ല. ഇതിപ്പോൾ ആരും അങ്ങനെ വരാത്ത സ്ഥലം ആയത് കൊണ്ടല്ലേ" അയാൾ അലസമായി ചുറ്റും നോക്കി.
"അതു കൊണ്ടാണ് താങ്കൾ കൂടെ ഉണ്ടെങ്കിൽ പോകാൻ നിശബ്ദമായ സ്ഥലങ്ങൾ ഞാൻ തെരഞ്ഞെടുക്കുന്നത്" അവൾ പറഞ്ഞത് കേട്ട് അവൻ കൗതുകത്തോടെ അവളെ നോക്കി.
"അതെന്താ?! "
"നിശബ്ദമായി നമ്മളോട് സംവദിക്കുന്ന മറ്റൊന്ന് കൂടി ഉണ്ട്.
നിശബ്ദതയിൽ മാത്രം കേൾക്കാൻ കഴിയുന്ന ഒന്ന്" അവൾ ഒന്നു നിർത്തി അവനെ നോക്കിയിട്ട് തുടർന്നു. "ചിലപ്പോൾ, കേൾക്കാൻ മാത്രമല്ല കാണാനും കഴിയും" അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
" പ്രണയം" അവൾ ചിരിച്ചു.അവൻ ഒന്നു പതറി.
"അത്..അതെങ്ങനെ?!"
"അതിനിങ്ങനെ വെറുതെ താങ്കളുടെ മുഖത്തു നോക്കി നിന്നാൽ മതിയല്ലോ" അവൾ കുസൃതിയോടെ ചിരിച്ചു. അവൻ വിളറി. അവൾ അടുത്തു നിന്ന മരത്തിലേക്ക് ചാരിനിന്നുകൊണ്ട് അവനെ നോക്കി. അതിന്റെ ചില്ലകൾ അഗാധമായ ശൂന്യതയിലേക്ക് നിസഹായമായി ചാഞ്ഞു കിടന്നിരുന്നു. അവന് അവളുടെ മുഖത്ത് നോക്കാൻ ഒരു പ്രയാസം തോന്നി.
"ഒത്തിരി ഇരുട്ടുന്നതിനു മുന്നേ നമുക്ക് തിരിച്ചു പോകണം.അല്ലെങ്കിൽ നടക്കാൻ നല്ല ബുദ്ധിമുട്ടാകും" വിഷയം മാറ്റുന്നത് പോലെ അവൻ പറഞ്ഞപ്പോൾ
അവൾ അവനെ നോക്കി പൊട്ടിച്ചിരിച്ചു. അവൻ അവളുടെ ചിരി നോക്കി അങ്ങനെ തന്നെ നിന്നു.
"ഞാൻ പറഞ്ഞത് സത്യമല്ലേ?! അവൾ ചോദിച്ചു.
"ആവോ..അറിയില്ല."അവൻ അവളിൽ നിന്നു നോട്ടം മാറ്റികൊണ്ട് പറഞ്ഞു.അവൾ ഒന്നും മിണ്ടിയില്ല. കുറെ നേരം രണ്ടു പേരും ഒന്നും സംസാരിക്കാതെ നിന്നു.
"എന്തു കൊണ്ടാണെന്ന് എനിക്ക് അറിയില്ല. എന്തിനു വേണ്ടി ആണെന്നും അറിയില്ല.
പക്ഷെ പറയാൻ അറിയാത്ത എന്തോ ഒന്ന് ഉള്ളിൽ ഉണ്ട് എന്നു മാത്രം അറിയാം. അതിനെ എന്തു പേരിട്ട് വിളിക്കണം എന്നൊന്നും അറിയില്ല" അയാൾ നിശബ്ദത ഭഞ്ജിച്ചു.
"അതിന്റെ പേരാണ് അല്പം മുൻപ് ഞാൻ പറഞ്ഞത്" അവൾ പറഞ്ഞു.
"പക്ഷെ..എങ്ങനെ..എങ്ങനെ മനസിലായി?! അവൻ അവളുടെ മുഖത്തു നോക്കാതെ ചോദിച്ചു.
"ഞാൻ പറഞ്ഞില്ലേ, നിശ്ശബ്ദതക്ക് സംസാരിക്കാൻ വാക്കുകൾ വേണമെന്നില്ല"
"പക്ഷെ, ഞാൻ ഒരു നിസ്സാരൻ. അകലെ നിന്ന് കണ്ടും കേട്ടും ആരാധിക്കുന്നവരിൽ ഒരുവൻ മാത്രം. സ്വീകരിക്കപ്പെടും എന്നറിയില്ലല്ലോ." അവന്റെ ശബ്ദം പതിഞ്ഞു. "അതുകൊണ്ട് തന്നെ ഉള്ളിൽ അടക്കിയതൊന്നും പുറത്തേക്ക് വരരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു" അയാളുടെ ശബ്ദത്തിൽ ഒരു കുറ്റബോധം നിഴലിച്ചു.
"സ്വീകരിക്കപ്പെട്ടവന് കിട്ടുന്ന സ്വാതന്ത്ര്യമാണ് ഞാൻ താങ്കളുടെ കൂടെ ചേരുന്ന ഈ ചെറിയ ചെറിയ നിമിഷങ്ങൾ എന്നും മനസിലായില്ല?! അവൾ ചോദിച്ചു.
"അതെനിക്കൊരു ഉത്തരം കിട്ടാത്ത സമസ്യ ആയിരുന്നു...ഇത് വരെ" അവൻ പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി. "പക്ഷെ, എന്തുകൊണ്ട് ഞാൻ?! അവൻ ഒരു ഉത്തരത്തിനായി ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.
അവൾ നിന്നിടത്തു നിന്ന് പതിയെ അവന്റെ അടുത്തേക്ക് വന്നു. അവന് തന്റെ ഹൃദയത്തിന്റെ മിടിപ്പ് അതിദ്രുതമാകുന്നത് പോലെ തോന്നി. അവൾ അടുത്തു വന്ന് അയാളുടെ നെഞ്ചിൽ കൈ ചേർത്തു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി .
"എന്നോടൊത്തുള്ള നിമിഷങ്ങളിൽ കാരണമില്ലാതെയുള്ള ഈ മിടിപ്പുകൾ ഞാൻ മറ്റാരിൽ നിന്നും കേട്ടിട്ടില്ല. അവസരങ്ങൾ ഉണ്ടായിട്ടും അകന്നു നിന്നു മാത്രം തൊടുന്നവന്റെ ആത്മസംതൃപ്തി മറ്റാരുടെയും കണ്ണുകളിൽ കണ്ടിട്ടുമില്ല.
അതിൽ കൂടുതൽ ഒന്നും ഞാൻ ഇതുവരെ കണ്ടെത്തിയിട്ടില്ല.." അവൾ അയാളെ നോക്കി പുഞ്ചിരിച്ചു.ശരീരത്തിന്റെ ഭാരം നഷ്ടപ്പെട്ട് അലയുന്നത് പോലെയാണ് താനിപ്പോൾ എന്ന് അവനു തോന്നി. അവളിലേക്ക് മാത്രം ഒഴുകാൻ തട കെട്ടി നിർത്തിയിരുന്ന പ്രണയത്തിന്റെ തിരതളളലിൽ അവൻ ഉലഞ്ഞു. അപ്പോഴും അവന്റെ നെഞ്ചിൽ ചേർത്തു വച്ച അവളുടെ കൈവിരലുകളിൽ അവൻ പതിയെ തൊട്ടു. അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. ഒരു ജന്മസാഫല്യത്തിന്റെ നിർവൃതിയോടെ അവൻ അവളെ ഇരുകൈകൾ കൊണ്ടും ചേർത്തു പിടിച്ചു.
മഞ്ഞിന്റെ നേർത്ത ഒരു അല അവരെ വന്നു മൂടി, അവരോട് മാത്രമായി എന്തോ പറഞ്ഞു കൊണ്ട്.
A great one santhi. As always ❤❤
ReplyDeleteThank you ❤️
Delete❤️❤️❤️beautiful
ReplyDelete