രാവിലെ ഉറക്കമുണർന്നത് മുതൽ അയാൾ ആലോചനയിലായിരുന്നു, തലേന്ന് രാത്രിയിൽ തന്‍റെ സ്വപ്നങ്ങളിൽ നിറഞ്ഞ അവ്യക്തതയെ കുറിച്ചാണയാള്‍ ആലോചിച്ചത് . നേർത്ത പുകപടലങ്ങൾ ഓർമ്മയെ മറച്ചു പിടിച്ചിരിക്കുന്നത് പോലെ അയാൾക്ക് തോന്നി. ഒരു ചായ കിട്ടിയിരുന്നെങ്കിൽ ഈ അലസതയെ കുടഞ്ഞെറിഞ്ഞു കളയാമായിരുന്നു, അയാൾ അസ്വസ്ഥതപ്പെട്ടു. ഇന്നലെ ഈ വീട്ടിലേക്കു ആദ്യമായി താമസത്തിനു വരുമ്പോൾ ആത്മാർത്ഥ സുഹൃത്തായ നന്ദഗോപനും ഉണ്ടായിരുന്നു ഒപ്പം. രാവിലെയും വൈകിട്ടും പാൽ കൊണ്ടുതരാൻ ആളെ ഏർപ്പെടുത്തിയേക്കാമെന്ന് ഇന്നലെ രാത്രി ഫോൺ വിളിച്ചപ്പോഴും അവൻ ഉറപ്പു തന്നതാണ്. അവനെ വിളിച്ചു വഴക്ക് പറയേണ്ടി വരുമോ എന്നാലോചിച്ചു കൊണ്ടയാൾ മുറിയിൽ നിന്നു കിഴക്കു ഭാഗത്തേക്ക് തുറക്കുന്ന ജനൽ തുറന്നിട്ടു. ഒരു ചെറുകാറ്റ് അയാളെ തഴുകി മുറിക്കുള്ളിൽ കടന്നു. ഇന്നലെ വന്നപ്പോൾ വീടും പരിസരവും വെറുതെ ഒന്ന് ചുറ്റി നടന്നു കണ്ടതേ ഉണ്ടായിരുന്നുള്ളു. അയാള്‍ ഓര്‍ത്തു.തുറന്നിട്ട ജനലിൽ കൂടി പരന്നു കിടക്കുന്ന വീടിന്‍റെ പിൻവശം അയാൾക്ക് ദൃശ്യമായി. പായൽ പിടിച്ച മുറ്റത്തിന്‍റെ അതിരിൽ നിന്ന് വളർന്നു നിൽക്കുന്ന കുറ്റിച്ചെടികൾക്കിടയിലൂടെ നീണ്ടുപോവുന്ന, നടന്നു ...