Skip to main content

നിലാവടർന്ന വഴി

രാവിലെ ഉറക്കമുണർന്നത് മുതൽ അയാൾ ആലോചനയിലായിരുന്നു, തലേന്ന് രാത്രിയിൽ തന്‍റെ സ്വപ്നങ്ങളിൽ നിറഞ്ഞ അവ്യക്തതയെ കുറിച്ചാണയാള്‍ ആലോചിച്ചത് .  നേർത്ത പുകപടലങ്ങൾ ഓർമ്മയെ മറച്ചു പിടിച്ചിരിക്കുന്നത് പോലെ അയാൾക്ക് തോന്നി. ഒരു ചായ കിട്ടിയിരുന്നെങ്കിൽ ഈ അലസതയെ കുടഞ്ഞെറിഞ്ഞു കളയാമായിരുന്നു, അയാൾ അസ്വസ്ഥതപ്പെട്ടു. ഇന്നലെ ഈ വീട്ടിലേക്കു ആദ്യമായി താമസത്തിനു വരുമ്പോൾ ആത്മാർത്ഥ സുഹൃത്തായ നന്ദഗോപനും ഉണ്ടായിരുന്നു ഒപ്പം. രാവിലെയും വൈകിട്ടും പാൽ കൊണ്ടുതരാൻ ആളെ ഏർപ്പെടുത്തിയേക്കാമെന്ന് ഇന്നലെ രാത്രി ഫോൺ വിളിച്ചപ്പോഴും അവൻ ഉറപ്പു തന്നതാണ്. അവനെ വിളിച്ചു വഴക്ക് പറയേണ്ടി വരുമോ എന്നാലോചിച്ചു കൊണ്ടയാൾ മുറിയിൽ നിന്നു കിഴക്കു ഭാഗത്തേക്ക്‌ തുറക്കുന്ന ജനൽ തുറന്നിട്ടു.  ഒരു ചെറുകാറ്റ് അയാളെ തഴുകി മുറിക്കുള്ളിൽ കടന്നു.
ഇന്നലെ വന്നപ്പോൾ വീടും പരിസരവും വെറുതെ ഒന്ന് ചുറ്റി നടന്നു കണ്ടതേ ഉണ്ടായിരുന്നുള്ളു. അയാള്‍ ഓര്‍ത്തു.തുറന്നിട്ട ജനലിൽ കൂടി  പരന്നു കിടക്കുന്ന വീടിന്‍റെ പിൻവശം അയാൾക്ക്‌ ദൃശ്യമായി. പായൽ പിടിച്ച മുറ്റത്തിന്‍റെ അതിരിൽ നിന്ന് വളർന്നു നിൽക്കുന്ന കുറ്റിച്ചെടികൾക്കിടയിലൂടെ നീണ്ടുപോവുന്ന, നടന്നു തെളിഞ്ഞൊരു പാത കാട് മൂടി കിടന്നു. . ആ വഴി പോകാനൊരുങ്ങിയ തന്നെ, പാമ്പ് കാണുമെന്നു പറഞ്ഞു നന്ദഗോപൻ  തടഞ്ഞു. രാത്രിയിലെ നിലാവിൽ, അവസാനമില്ലാത്ത, നീണ്ടുപോകുന്നൊരു വരപോലെ കിടക്കുന്ന ആ വഴി നോക്കി അയാൾ ഏറെ നേരം നിന്നിരുന്നു.
ചിന്തകളെ മുറിച്ചുകൊണ്ട് പെട്ടെന്നൊരു മണിനാദം മുഴങ്ങി. അയാൾ തിരിഞ്ഞു മുൻവരാന്തയിലേക്ക് നോക്കി. വീണ്ടും മണി മുഴങ്ങി. ആരോ വന്നിരിക്കുന്നു. അയാൾ ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി മുറുക്കി അയയിൽ നിന്നൊരു തോർത്ത്‌ വലിച്ചെടുത്തു പുതച്ചു കൊണ്ട് ചെന്ന് വാതിൽ തുറന്നു. മുറ്റത്തെ തുളസിത്തറക്കടുത്തായി ഒരു പെൺകുട്ടി ആകാംഷ നിറഞ്ഞ മുഖഭാവത്തോടെ നിന്നിരുന്നു. കൈയിലൊരു ഓട്ടുമൊന്ത. അയാൾ ചോദ്യഭാവത്തിൽ നോക്കിയതും അവൾ ആ മൊന്ത അയാൾക്ക്‌ നേരെ നീട്ടി.
"പാലിവിടെ തരാൻ പറഞ്ഞു, അച്ഛൻ "
അവളുടെ ചിരിയിൽ ഒരു ചെറിയ നാണം കലർന്നിരുന്നു. പതിനാറു പതിനേഴു വയസു പ്രായം തോന്നുന്ന മെലിഞ്ഞ,മണ്ണിന്‍റെ നിറമുള്ളോരുവള്‍. കണങ്കാൽ മൂടുന്ന നീണ്ട പാവാടയും ബ്ലൗസും വേഷം. വലതുകൈയിൽ ചുവപ്പും പച്ചയും ഇടകലർന്ന ഒന്നുരണ്ടു കുപ്പിവളകൾ.
ചായ മുടങ്ങാത്തതില്‍  നന്ദഗോപനോട് മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ട് അയാൾ മുറ്റത്തേക്കിറങ്ങുന്ന പടിക്കെട്ടിറങ്ങി ചെന്ന് മൊന്ത കൈയിൽ വാങ്ങി.
അവൾ തുളസിത്തറയിൽ നിന്ന തുളസിച്ചെടിയിൽ നിന്നൊരു ഇല പൊട്ടിച്ചെടുത്തു മുടിയിൽ തിരുകികൊണ്ട് പറഞ്ഞു. "പാത്രം തിരികെ വേണം "
അയാള്‍ അടുക്കളയില്‍ ചെന്ന് മറ്റൊരു പാത്രത്തിലേക്ക് പാല്‍ പകര്‍ന്നു വച്ച് മോന്തയുമായി തിരികെ മുറ്റത്തെത്തി. ചെറുവിരലിലെ നഖം കടിച്ചുകൊണ്ടവള്‍ എന്തോ ആലോചിച്ച് അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. കൈയിലെ മോന്ത അവള്‍ക്കു നേരെ നീട്ടി അയാള്‍ അന്വേഷിച്ചു "കുട്ടീടെ പേരെന്താ?"
അവള്‍ വീണ്ടും നാണത്തോടെ ചിരിച്ചു,"കര്‍ണ്ണിക".
ചിരിച്ചപ്പോള്‍ അവളുടെ കവിളില്‍ വിരിഞ്ഞ നുണക്കുഴി അയാള്‍ കൌതുകത്തോടെ കണ്ടു.
"കര്‍ണ്ണിക...അയാള്‍ ആ പേരൊന്നുകൂടി ഉരുവിട്ടു."കൊള്ളാലോ, ഇതാരാ ഇത്ര മനോഹരമായൊരു പേരിട്ടത്"
"അച്ഛനാ.." എന്ന് പറഞ്ഞു ചിരിച്ചുകൊണ്ടവള്‍ വേഗം തിരിഞ്ഞു നടന്നു.പിന്തിരിഞ്ഞു നടന്നപ്പോള്‍ ഇളകിയ , കുളി കഴിഞ്ഞിറങ്ങിയ വിധം ഈറന്‍തോര്‍ന്നിട്ടില്ലാത്ത മുടിത്തുമ്പില്‍ നിന്നു തുളസിക്കതിര്‍ ഊര്‍ന്നു നിലത്തു വീണു!!
അയാള്‍ക്ക് അന്ന്പകല്‍ മുഴുവന്‍ ജോലിയായിരുന്നു. വീടിനുള്ളില്‍ നിരന്നു കിടന്ന സാധങ്ങള്‍ എല്ലാം കൃത്യമായ സ്ഥാനം നോക്കി അടുക്കി ഒതുക്കി വച്ചു. പൊടിയടിച്ചു വീട് മുഴുവന്‍ വൃത്തിയാക്കി. അതിനിടയില്‍ ആഹാരം ഉണ്ടാക്കാനുള്ള മടി കാരണം അയാള്‍ ഇടക്കിടക്ക് ഒന്നുരണ്ടു ചായ ഇട്ടു കുടിച്ചു. എല്ലാ ജനലുകളും തുറന്നിട്ടു. നല്ല വായുസഞ്ചാരമുള്ള വീടെന്നു അയാള്‍ സംതൃപ്തിയോടെആലോചിച്ചു. കുളികഴിഞ്ഞൊരു ചായയുമായി ജനലക്കടുത്ത് ഒരു  ബുക്കുമായി അയാള്‍  ചെന്നിരുന്നു. ബുക്ക്‌ തുറക്കാതെ മടിയില്‍ തന്നെ വച്ച്കൊണ്ട് അയാള്‍ ജനല്‍പ്പടിയിലേക്ക് കാലെടുത്ത് വച്ച് അസ്തമിക്കുന്ന സൂര്യനെ നോക്കി കസേരയിലേക്ക് ചാരി കിടന്നു. സൂര്യന്‍റെ ചാഞ്ഞു വരുന്ന മഞ്ഞവെയിലിനൊപ്പം പുറകുവശത്തെ ആ നീണ്ടു പോകുന്ന നാട്ടു വഴിയില്‍ വെള്ളനിറത്തില്‍ ഏതോ പൂക്കള്‍ വീണു കിടക്കുന്നതയാള്‍ കണ്ടു. പെട്ടെന്നയാള്‍ എന്തോ ഓര്‍മ്മ വന്നതുപോലെ ബുക്ക്‌ മാറ്റി വച്ചിട്ടെഴുന്നേറ്റു. അതെ നിമിഷം മുന്‍വശത്തെ മണി മുഴങ്ങി.
"നന്ദന്‍ വന്നോ"..അങ്ങനെ ആലോചിച്ചുകൊണ്ടയാള്‍ പോയി വാതില്‍ തുറന്നു.
അയാള്‍ അതിശയിച്ചു. വീണ്ടും അവള്‍!!! കൈയിലതേ ഓട്ടുമൊന്തയുണ്ട്. ,രാവിലെ കണ്ട അതെ വേഷം.   അവള്‍ ചിരിച്ചു കൊണ്ട് പടി കയറി ചെന്നു.രാവിലെ മുഖത്ത് കണ്ട അപരിചിതത്വ ഭാവം  അവള്‍ക്കിപ്പോള്‍ ഇല്ല. വരാന്തയിലേക്ക് കടന്ന് കൊണ്ടവള്‍ അയാളോട് പറഞ്ഞു , "വൈകുന്നേരവും പാല് വേണമെന്നു പറഞ്ഞിരുന്നു." അയാളുടെ മറുപടിക്ക് കാക്കാതെ അവള്‍ നേരെ അടുക്കളയിലേക്ക് നടന്നു. ഒരു നിമിഷം ആലോചിച്ചു നിന്നിട്ട് അയാളും അവളുടെ പുറകെ ചെന്നു. അവള്‍ ഒരു പാത്രത്തിലേക്ക് പാല് പകരുന്നത് അയാള്‍ കണ്ടു.
മുഖമുയര്‍ത്തി അയാളെ നോക്കിയിട്ട് അവള്‍ പാല്‍ പകര്‍ത്തുന്ന ജോലി തുടര്‍ന്നു.
അയാള്‍ കൈകെട്ടി വാതില്‍ക്കല്‍ ചാരി നിന്നു കൊണ്ട് അവളോട്‌ ചോദിച്ചു "പഠിക്കുന്നുണ്ടോ?"
അവള്‍ മറുപടി ഒന്നും പറയാതെ ഒഴിച്ച് വച്ച പാല്‍പാത്രം അടച്ചു വച്ചു. എന്നിട്ട് തിരിഞ്ഞ് അയാളെ നോക്കി "പഠിത്തമൊക്കെ നിര്‍ത്തിയിട്ട് കുറെക്കാലമായി"രാവിലെ കണ്ട കുട്ടിത്തം പെട്ടെന്നവളുടെമുഖത്ത് നിന്നു മാഞ്ഞത് പോലെ തോന്നി. അവള്‍ അയാളെ കടന്ന് റൂമിലേക്ക് പ്രവേശിച്ചു.അവിടെ അടുക്കി വച്ചിരുന്ന ബുക്കുകളിലേക്ക് കൌതുകത്തോടെ നോക്കി.
"സാറൊത്തിരി വായിക്കുമോ?!"
അയാള്‍ അവള്‍ക്കു നേരെ തിരിഞ്ഞു കൈകള്‍ പുറകില്‍ കെട്ടി ഭിത്തിയില്‍ ചാരി നിന്നു "ഉം..വായിക്കും.കര്‍ണ്ണിക വായിക്കുമോ?"
"ഓ..എനിക്ക് വായിക്കാനൊക്കെ നേരമുണ്ടോ?
അവള്‍ അലസമായി ചുറ്റും നോക്കി.
"അതെന്താ ഇത്ര വലിയ ജോലി?! അയാള്‍ അന്വേഷിച്ചു.
അവള്‍ അത് കേള്‍ക്കാത്ത മട്ടില്‍ അയാളോട് ചോദിച്ചു.
"സാറിനിവിടെ ഒറ്റയ്ക്ക് താമസിക്കാന്‍ പേടിയില്ലേ?
"പേടിയോ!!? എന്തിന്?!
അവള്‍ അയാളുടെ അടുത്ത് ചെന്നിട്ട്ചുറ്റും നോക്കി സ്വരം താഴ്ത്തി.
"ഇവിടെ യക്ഷി ഉണ്ടെന്നാ നാട്ടുകാര്‍ പറയുന്നത്" അയാള്‍ അമ്പരപ്പോടെ അവളെ നോക്കി.
"യക്ഷിയോ?!
"ഉം.." അവള്‍ മൂളിക്കൊണ്ട് തലകുലുക്കി.
"കര്‍ണ്ണിക കണ്ടിട്ടുണ്ടോ, ഈ പറയുന്ന യക്ഷിയെ.?! " അയാള്‍ കുസൃതിയോടെ അവളെ നോക്കി. അവള്‍ മുഖം കൂര്‍പ്പിച്ചു കൊണ്ട് അയാളെ നോക്കി.
"കളിയാക്കണ്ട, അനുഭവത്തില്‍ വരുമ്പോള്‍ പഠിച്ചോളും?"
അയാള്‍ ചിരിച്ചു.
"സത്യം.."അവള്‍ ആണയിടുന്നത് പോലെ പറഞ്ഞു.
"ആ കാവിലെ പാലമരത്തില്‍ യക്ഷിയെ കാണാറുണ്ട് എന്ന് പലരും പറഞ്ഞിട്ടുണ്ടല്ലോ.."
"പാലമരമോ?!എവിടെ?!" അയാള്‍ ആകാംക്ഷയോടെ അവളോട്‌ ചോദിച്ചു.
അവള്‍ പിന്നാമ്പുറത്തെ ആ  ഊടുവഴിയിലെക്ക് കൈചൂണ്ടി.
അയാള്‍ അങ്ങോട്ടേക്ക് നോക്കി,"അവിടെ പാലയുണ്ടോ?!
"അവിടെ വലിയൊരു കാവുണ്ട്.ആ കാവിനു നടുക്കാണ് പാലമരം. അവിടെയാണ് യക്ഷി തൂങ്ങിമരിച്ചത്"
അയാള്‍ പൊട്ടിച്ചിരിച്ചു"യക്ഷി തൂങ്ങി മരിക്കുകയോ?!
"യക്ഷി അല്ല.ആ പെണ്‍കുട്ടി. അവളാണ് പിന്നെ യക്ഷി ആയത്" അവള്‍ പിന്നെയും മുഖം കൂര്‍പ്പിച്ചു.
"ആട്ടെ,ഇതൊക്കെ ആരാണ് കര്‍ണ്ണികയോട് പറഞ്ഞു തന്നത്" അയാള്‍ ചിരിയടക്കി അവളോട്‌ ചോദിച്ചു.
"എന്‍റെ അച്ഛന്‍ .."അവള്‍ മറുപടി നല്‍കി.
"എന്നാല്‍ വാ നമുക്ക് ആ കാവിലൊന്ന്‍ കയറിയിട്ട് വരാം."അയാള്‍ അവളുടെ കൈ പിടിച്ചു. അവളൊന്ന് ആലോചിച്ചു നിന്നിട്ട് അയാള്‍ക്കൊപ്പം നടന്നു.
-----------------------------------
നീളമുള്ള ഒരു ചെറിയ കമ്പ് കൊണ്ട് മുന്നിലെ ചെറു ചെടികളെ വകഞ്ഞ് അവള്‍ മുന്‍പേ നടന്നു. അവള്‍ തുമ്പുയര്‍ത്തി പിടിച്ച പാവാടയ്ക്കു താഴെ അവളുടെ വൃത്തിയുള്ള പാദങ്ങള്‍ അയാള്‍ കണ്ടു. തീരെ പഴയതെന്ന്‍ തോന്നുന്ന പാദസരങ്ങള്‍ അവളുടെ പാദങ്ങളില്‍ പതിഞ്ഞു കിടന്നു. പെട്ടെന്ന്‍ അവള്‍ നിന്നു. അവളുടെ പാദങ്ങളില്‍ നിന്ന്മുഖമുയര്‍ത്തി അയാള്‍ അവളെ നോക്കി. അവളെന്തോ കണ്ടത് പോലെ അതിശയിച്ചു നില്‍ക്കുന്നു. അയാള്‍ അവള്‍ക്കടുത്തേക്ക് ചെന്നു. ഒരു നിമിഷം അയാള്‍ ആഹ്ലാദപൂര്‍വ്വം ചിരിച്ചു. ഒരു തെളിനീരുറവ കാട്ട്പൊന്തക്കിടയിലൂടെ  അവര്‍ക്ക് മുന്നിലൂടെ ഒഴുകുന്നു. മനുഷ്യന്‍റെ കണ്ണെത്താത്ത രീതിയില്‍ പ്രകൃതി അതിന്‍റെ ഒഴുക്കിനെ പൊതിഞ്ഞു പിടിച്ചിട്ടെന്നപോലെ നിശബ്ദമായി ആ നീരുറവ എങ്ങോട്ടെക്കോ ഒഴുകി മറയുന്നു. അസ്തമയ സൂര്യന്‍റെ പ്രശാന്തതയില്‍ അവിടെ അങ്ങനെ നില്‍ക്കുമ്പോള്‍ തന്‍റെ ഹൃദയം സന്തോഷം നിറഞ്ഞൊഴുകുന്നൊരു പുഴപോലെയെന്നു അയാള്‍ക്ക് തോന്നി. അപ്പോഴേക്കും കര്‍ണ്ണിക മുന്നോട്ട് നടന്നിരുന്നു. അരുവിയുടെ കരയിലൂടെ മുന്നോട്ട് നടക്കുന്തോറും കാട്ടുവള്ളികളും ചെടികളുടെയും വന്യത കൂടി വന്നു. അല്പം കൂടി മുന്നോട്ട് ചെന്നതും വലിയ വള്ളികള്‍ പടര്‍ന്നു കയറിയ മരങ്ങള്‍ തിങ്ങി നില്‍ക്കുന്നൊരു ഇടത്തെത്തി നിന്നു അവര്‍. പണ്ടെന്നോ തിരികത്തിയ, കരിപുരണ്ട കല്‍വിളക്കുകള്‍ അവിടവിടെയായി ഇളകി കിടക്കുന്നു. അതിനിടയിലൂടെ അയാള്‍ അവളുടെ കൈപിടിച്ചു കയറി. മുന്നില്‍ ഇളകിയ കല്‍ക്കെട്ടുകളുടെ നടുവില്‍ ആകാശം മുട്ടിനില്‍ക്കുന്നൊരു പാലമരം. അയാള്‍ ആ മരത്തിലേക്ക് മുഖം ഉയര്‍ത്തി നോക്കി. പൊളിഞ്ഞു കിടന്ന പടവുകള്‍ ചവിട്ടി അയാള്‍ ആ പലമാരച്ചുവട്ടിലേക്ക് കയറി. താഴെ നിന്നവള്‍ കൈ നീട്ടി. അയാളവളെ കൈപിടിച്ചു കയറ്റി. അവള്‍ അണച്ചു കൊണ്ട് അയാളെ നോക്കി ചിരിച്ചു. അവളുടെ നെറ്റിയിലെ ഭസ്മക്കുറി വിയര്‍പ്പിലലിഞ്ഞു.
"എത്ര മനോഹരമായ സ്ഥലം?! അയാള്‍ ചുറ്റും നോക്കി.  ഉയരത്തില്‍ നിന്ന് പാലപ്പൂക്കള്‍ അടര്‍ന്നു വീണു കൊണ്ടിരുന്നു.
"അയാള്‍ വീണ്ടും മരത്തിലേക്ക് നോക്കി. "അപ്പോള്‍ ഇതാണ് കര്‍ണ്ണിക പറഞ്ഞ ആ പാലമരം.?!
"ഉം..അതേ.."അവളും മുകളിലേക്ക് നോക്കി.
"ഇനി ആ കഥ പറയൂ.."
"കഥയല്ല.സത്യം."
"എന്തായാലും പറയൂ."
"അച്ഛന്‍ പറഞ്ഞു കേട്ടഅറിവേ എനിക്കുള്ളൂ, കേട്ടോ." അവള്‍ എന്തോ ഓര്‍ത്തെടുക്കുന്നത് പോലെ ഒരു നിമിഷം നിന്നു. പിന്നീട് പെട്ടെന്ന് പറഞ്ഞു തുടങ്ങി."സാറ് താമസിക്കുന്ന വീട് പണ്ട് വലിയൊരു ഇല്ലമായിരുന്നു.അവിടുത്തെ കാരണവരുടെ  ഒരേ ഒരു മകളായിരുന്നു ഈ പെണ്‍കുട്ടി. അവള്‍ ജനിച്ചപ്പോഴേ അമ്മ മരിച്ചു പോയി. അതുകൊണ്ട് തന്നെ അവള്‍ക്കൊരു കുറവും വരുത്താതെ ആണവളുടെ അച്ഛന്‍  അവളെ വളര്‍ത്തിയത്. അവളായിരുന്നു ആ വീടിന്‍റെ സന്തോഷം...ഊര്‍ജം..അവളുടെ കൂടെ കളിക്കാനും ചിരിക്കാനും വീട്അ നിറയെ വാല്യക്കാര്‍.അങ്ങനെ ഇരിക്കെയാണ് അയാള്‍ ആ വീട്ടിലെത്തുന്നത്!! ആ നാടിനെക്കുറിച്ച് പഠിക്കാനെന്നും പറഞ്ഞാണ് അയാള്‍  ആ ഇല്ലത്ത് സഹായം തേടിയെത്തിയത്.കാരണവര്‍ സന്തോഷത്തോടെ എല്ലാ സഹായവും ചെയ്തു കൊടുത്തു. അയാള്‍ക്ക് ആ വീട്ടില്‍ തന്നെ താമസിക്കാനുള്ള സൌകര്യവും കൊടുത്തു. എല്ലാ കാര്യങ്ങള്‍ക്കും അവളുണ്ടായിരുന്നു അയാള്‍ക്കൊപ്പം. അതിനിടയില്‍ അവര്‍ തമ്മിലുടലെടുത്ത പ്രണയം ആരുമറിഞ്ഞിരുന്നില്ല.അങ്ങനെ ഇരിക്കെ അയാള്‍ക്ക്‌ പോകാനുള്ള ദിവസമായി.പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്ന് അവള്‍ക്ക് ഉറപ്പു കൊടുത്ത് അയാള്‍ യാത്രയായി.വിരഹത്തിന്‍റെ അടങ്ങാത്ത വേദനയും ഉള്ളില്‍ പേറി അവള്‍ അയാള്‍ക്ക് വേണ്ടി കാത്തിരുന്നു.അയാള്‍ വന്നില്ല. .അവള്‍ അയാളെയും കാത്ത് ആ പടിപ്പുരയില്‍ തന്നെ എപ്പോഴും നിലയുറപ്പിച്ചു.അങ്ങനെ നാളുകള്‍ കഴിയവേ വളരെ വൈകിയെത്തിയ ഒരു പത്ര വാര്‍ത്തയില്‍ അവള്‍ അയാളെ കണ്ടു. അയാളുടെ നാട്ടിലേക്ക് പോയൊരു തീവണ്ടിയുടെ അപകട വാര്‍ത്ത‍.!!മരിച്ചവരുടെ വിവരങ്ങള്‍ക്കൊപ്പം അയാളുടെ ഫോട്ടോ.അത് കണ്ട നിമിഷം മുതല്‍ അവള്‍ ജീവച്ഛവം ആയി മുറിക്കുള്ളില്‍ തന്നെ ഇരുപ്പായി..ആരോടും ഒന്നും സംസാരിക്കാതെ ആയി.ചിരിയില്ല.കരച്ചിലില്ല. ഏതോ എവിടെയോ നോട്ടമുറപ്പിച്ചു ഒരേ ഇരുപ്പ് മകളുടെ ആ മാറ്റത്തില്‍ മനസു വേദനിച്ച കാരണവര്‍ പല ചികിത്സകളും ചെയ്തു നോക്കി. മന്ത്രവാദികളും വൈദ്യന്മാരും നിരന്തരം ആ വീടിന്‍റെ പടിപ്പുര കയറിയിറങ്ങി. അവളെക്കുറിച്ച് നാട്ടില്‍ പല കഥകള്‍ പാടിത്തുടങ്ങി.  ചികിത്സ നടത്തി മനസ് മടുത്ത കാരണവര്‍ അതീവ ദുഖിതനായി വീട്ടില്‍ തന്നെ ഇരുപ്പായി. ഒരു പ്രഭാതത്തില്‍, മകളെ കാണാനില്ല എന്ന വിവരമറിഞ്ഞ് ഞെട്ടിയ കാരണവര്‍ നാലുപാടും അവളെ തിരയാന്‍ ആളെ അയച്ചു. തിരച്ചിലിനൊടുവില്‍ പാലമരത്തില്‍ തൂങ്ങിയ നിലയില്‍ അവളെ  കണ്ടെത്തി. മകള്‍ ആ കടുംകൈ ചെയ്തത് എതിനാണെന്ന് അറിയാതെ നീറി നീറി ജീവിച്ച കാരണവരും പിന്നെ  അധിക കാലം ജീവിച്ചിരുന്നില്ല. വര്‍ഷങ്ങളോളം ഈ മനയും സ്ഥലവുമൊക്കെ അന്യാധീനപ്പെട്ടു കിടന്നു.പിന്നെ ആരുടെയൊക്കെയോ കൈമറിഞ്ഞ് ഇപ്പോള്‍ ഈ ഒരു ചെറിയ വീട് മാത്രമായി. അവളുടെ ആത്മഹത്യക്ക് കാരണം അറിയാത്ത നാട്ടുകാര്‍ പല കഥകളുണ്ടാക്കി. അതിലൊന്ന്, ഇപ്പോഴും ഈ പാലമരത്തില്‍  ഒരു പക്ഷിയെപ്പോലെ അവള്‍ താമസിക്കുന്നു എന്നും, പല രാത്രികളിലും കാവ്നില്‍ക്കുന്ന ആകാശത്ത് അവള്‍ പ്രത്യക്ഷപ്പെടാറുണ്ട് എന്നൊക്കെ ആണ്." പറഞ്ഞു നിര്‍ത്തി അവള്‍ പാലമരത്തിലേക്ക് നോക്കി.  അയാള്‍ ഒന്നും മിണ്ടിയില്ല. അവള്‍ അയാളുടെ മുഖത്തേക്ക് നോക്കി. അയാള്‍ ആലോചനയോടെ അങ്ങനെ തന്നെ നില്‍ക്കുന്നു.
"പ്രണയവും പ്രണയനഷ്ടവും മനുഷ്യനെ ചിലപ്പോള്‍ യക്ഷികളും ഗന്ധര്‍വന്മാരുമൊക്കെ മാറ്റും" അയാള്‍ പറഞ്ഞുകൊണ്ട്അവളെ നോക്കി.
സന്ധ്യ ഇരുണ്ടു തുടങ്ങിയിരുന്നു. അപ്പോള്‍ പെട്ടെന്ന് വീശിയ കാറ്റില്‍ പാലപ്പൂവിന്‍റെ മദിപ്പിക്കുന്ന ഗന്ധം നിറഞ്ഞു. അവളൊരു ഉള്‍പ്പേടിയോടെ  അയാള്‍ക്കരികിലേക്കു നീങ്ങി നിന്നു.
"നമുക്ക് പോകാം. എനിക്കെന്തോ ഇവിടെ നില്‍ക്കാന്‍ തോന്നുന്നില്ല" അവളുടെ സ്വരം വിറച്ചു.
"വരൂ , പോകാം." അയാള്‍ അവളുടെ കൈ പിടിച്ചു താഴെ ഇറക്കി.
അവള്‍ ഓടുന്ന വേഗതയിലാണ് അയാള്‍ക്ക്‌ മുന്നില്‍ നടന്നത്. വീടിന്‍റെ മുറ്റത്ത് എത്തിയപ്പോഴേക്കും അവള്‍ നന്നായി കിതച്ചു.
"അച്ഛന്‍ എന്നെ അന്വേഷിക്കുന്നുണ്ടാകും. ഞാന്‍ പോവാ.." അയാളെന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും അവള്‍ നടന്നു മറഞ്ഞിരുന്നു.
അന്ന് രാത്രിയില്‍  അയാളുടെ മനസ്സില്‍ പാലമരത്തില്‍ തൂങ്ങിയാടുന്നൊരു പെണ്‍കുട്ടിയായിരുന്നു. . എന്തുകൊണ്ടായിരിക്കാം കര്‍ണ്ണികയുടെ കഥയിലെ പെണ്‍കുട്ടി ആ പാലമരം തന്നെ തന്‍റെ മരണത്തിനു തെരഞ്ഞെടുത്തതെന്ന് അയാള്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ചിലപ്പോള്‍ അത്രനാള്‍ തിരികൊളുത്തി പ്രാര്‍ത്ഥിച്ച ദൈവങ്ങളോടുള്ള പ്രതികാരം  ആയിരിക്കാം അവളെ അതിന് പ്രേരിപ്പിച്ചത്. അയാള്‍ സ്വയമൊരു ഉത്തരവും കണ്ടെത്തി. ജനലുകള്‍ തുറന്നിട്ടു കാവിലേക്കു നീളുന്ന ആ പാതയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ എന്തുകൊണ്ടോ അയാള്‍ക്കൊരു വിറയല്‍ അനുഭവപ്പെട്ടു. സ്വപ്നത്തില്‍ അയാള്‍ ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ച് നിലാവ് നിറഞ്ഞ ,പാലപ്പൂക്കള്‍  ഉതിര്‍ന്നു കിടക്കുന്ന ആ പാതയിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു.പാലപ്പൂവിന്‍റെ സുഗന്ധം അവരെ പൊതിഞ്ഞു നിന്നു.
-------------------------------
നിര്‍ത്താതെ മണി മുഴങ്ങുന്നത് കേട്ടാണ് അയാള്‍ രാവിലെ ഞെട്ടി ഉണര്‍ന്നത്. അയാള്‍ പെട്ടെന്ന് തന്നെ മുഖം തിരുമ്മി എഴുന്നേറ്റു. തലയ്ക്കു വല്ലാത്ത കനം. വല്ലാതെ ഉറങ്ങിപ്പോയോ?! അയാള്‍ വാതില്‍ തുറന്നു. മുറ്റത്ത് പരിചയം ഇല്ലാത്ത, പ്രായമായ ഒരു മനുഷ്യന്‍.പടിയില്‍ വച്ച സഞ്ചിയില്‍ നിന്നു കുനിഞ്ഞു നിന്ന്എന്തോ പുറത്തെടുക്കുന്നു.ശബ്ദം കേട്ടയാള്‍ തലയുയര്‍ത്തി നോക്കി. അയാള്‍ സഞ്ചിയില്‍ നിന്നൊരു സ്റ്റീല്‍ പാത്രവുമായി നിവര്‍ന്നു നിന്നു.കൈയിലിരുന്ന പാത്രം നീട്ടിക്കൊണ്ട് പറഞ്ഞു. "നന്ദന്‍ സാറ് പറഞ്ഞിരുന്നു പാലിവിടെ ആവശ്യമുണ്ടെന്ന്, രണ്ട് ദിവസമായി കാലൊന്നു ഉളുക്കി കിടപ്പായത് കാരണം ഇങ്ങോട്ടേക്ക് ഇറങ്ങാന്‍ പറ്റിയില്ല" അയാള്‍ ക്ഷമാപണം പോലെ പറഞ്ഞു.
ഓ..കര്‍ണ്ണികയുടെ അച്ഛന്‍.അയാള്‍ മനസ്സില്‍ കരുതി.
അയാള്‍ വൃദ്ധന്‍റെ പുറകിലേക്ക് കണ്ണയച്ചു. അവളെവിടെപ്പോയി?!
"മകളെവിടെ?! അയാള്‍ ചോദിച്ചു.
സഞ്ചിക്കുള്ളിലെ  ബാക്കിയുള്ള ഒരു പാത്രം ഒതുക്കി വയ്ക്കുന്നതിനിടയില്‍ വൃദ്ധന്‍ പറഞ്ഞു"എനിക്കൊരു മകനാണ് സാറെ.അവനങ്ങ്‌  ഗള്‍ഫിലാ.ആറുമാസമായി പോയിട്ട്"  സഞ്ചി കൈയിലെടുത്ത് നിവര്‍ന്നു നിന്ന് അയാളോട് വീണ്ടും പറഞ്ഞു."പാത്രം ഞാന്‍ വൈകിട്ടെടുത്തോളാം" വൃദ്ധന്‍ നടന്നകന്നു. വൃദ്ധന്‍ നടന്നകലുന്നതും നോക്കി, കൈയില്‍ പിടിച്ച പാത്രവുമായി   അയാള്‍ നിശ്ചലനായി നിന്നു. പാലപ്പൂവിന്‍റെ സുഗന്ധം പേറി വീണ്ടുമൊരു ചെറുകാറ്റ് അയാളെ പൊതിഞ്ഞു. 

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

കടൽ - ചാപ്റ്റർ 2

പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വരുന്നതിന്റെ അറിയിപ്പ് ഉയർന്നതിനൊപ്പം അയാളുടെ ഫോൺ ശബ്ദിച്ചു. നൌഷാദ് ആണ് വിളിക്കുന്നത്. അയാൾ എടുത്ത് ചെവിയിൽ ചേർത്തു. “നീ ഇതെവിടെ പോയി കിടക്കുന്നു..? ട്രെയിൻ വരുന്നു..! “ഞാൻ എത്തി,പ്ലാറ്റ്ഫോമിലുണ്ട് .. നീ എവിടെയാണ്? നൌഷാദ് പറഞ്ഞത് കേട്ട് അയാൾ ചുറ്റും നോക്കി. പ്ലാറ്റ്ഫോമിലേക്ക് കടക്കുന്ന വാതിലിനരികിൽ നിന്ന് നൌഷാദ് ചുറ്റും നോക്കുന്നത് കണ്ടു.  “തിരിഞ്ഞു നോക്ക്, ഈ ടീ ഷോപ്പിന്റെ അടുത്ത്."അത് കേട്ട് നൌഷാദ് തിരിഞ്ഞു നോക്കി. അയാളെ കണ്ടപ്പോൾ കൈ ഉയർത്തി കാണിച്ചിട്ട് ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് അയാളുടെ അരികിലേക്ക് നടന്നു വന്നു. വന്ന ഉടനെ അയാളെ കെട്ടിപ്പിടിച്ചു.  “ഒന്നും പറയണ്ട അളിയാ.. ഇറങ്ങാൻ ഇത്തിരി ലേറ്റ് ആയിപ്പോയി.” “ഞാൻ ഓർത്തു ഇന്നത്തെ പോക്ക് ക്യാൻസൽ ചെയ്യേണ്ടി വരുമെന്ന്” അയാൾ നൌഷാദിനെ കുറച്ചു കടുപ്പിച്ച് നോക്കി. നൌഷാദ് ചിരിച്ചു കൊണ്ട് അയാളുടെ പുറത്ത് തട്ടി. അപ്പോഴേക്കും ട്രെയിൻ അവർ നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നു. ആളുകൾ കയറി ഇറങ്ങുന്ന തിരക്കിനിടയിൽ അവരും കയറിയിട്ട് സീറ്റ് കണ്ടു പിടിച്ചു ഇരുന്നു. നൌഷാദ് ആശ്വാസത്തോടെ ബാഗ് സീറ്റിൽ ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...