പ്രസവം എന്ന, സ്ത്രീജന്മത്തെ ധന്യമാക്കുന്ന ആ പ്രതിഭാസത്തെ കുറിച്ച് കേൾക്കുമ്പോൾ എനിക്കത്ര വലിയ രോമാഞ്ചം ഒന്നും തോന്നാത്തത് ഒരുപക്ഷെ, വർഷങ്ങൾക്കിപ്പുറം എന്‍റെ മനസ്സിൽ കുഞ്ഞുമോൾ എന്ന എനിക്കാരുമല്ലാത്ത ആ സ്ത്രീ ജീവിച്ചിരിക്കുന്നത് കൊണ്ടാകാം.അല്പം ഇരുണ്ട നിറത്തിൽ നല്ല ഉയരവും അതിനനുസരിച്ചു വണ്ണവും ഒക്കെ ഉള്ള , നീണ്ട ഇടതൂർന്ന മുടിയുള്ള ഒരൊത്ത അച്ചായത്തി..അതാണ് എന്‍റെ ഓർമയിലെ കുഞ്ഞുമോൾ. പഴയ ക്രിസ്ത്യൻ തറവാടിനെ അനുസ്മരിപ്പിക്കുന്ന ആ വീട് വിട്ട് അയൽവക്കങ്ങളിലേക്കൊന്നും അവരെ അങ്ങനെ കാണാറില്ല. മകനും ഭർത്താവും ആ വീടും, അതായിരുന്നു അവരുടെ ലോകം. ഒരു വെളുപ്പാൻകാലത്തു വാഹനത്തിന്‍റെയും ആളുകൾ ഉറക്കെ സംസാരിക്കുന്നതിന്‍റെയും ശബ്ദം കേട്ടുണർന്നു കിടന്ന് ഞാൻ ശ്രദ്ധിച്ചു.അൽപ നേരം കഴിഞ്ഞു പുറത്തു നിന്ന് വന്ന അമ്മ "കുഞ്ഞുമോളെ പ്രസവത്തിനു കൊണ്ട് പോയി" എന്ന് പറഞ്ഞപ്പോഴാണ് അവർ രണ്ടാമതെയും ഗർഭിണി ആയിരുന്നു എന്ന് മനസിലാകുന്നത്. "പോയിട്ട് വരാം" എന്ന് ചുറ്റും കൂടിയവരോടായി സൗമ്യമായി പറഞ്ഞു കൊണ്ട് ഭർത്താവിനും ബന്ധുക്കൾക്കും ഒപ്പം കാറിൽ കയറി പോകുന്ന കുഞ്ഞുമോളെ ഞാൻ വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കി. ഉച...