Skip to main content

Posts

Showing posts from September, 2018

എഴുത്ത്

നീ കൈപ്പറ്റുമെന്ന് ഉറപ്പുണ്ടായിട്ടും പൂർത്തിയാക്കാതെ മാറ്റി വയ്ക്കപ്പെട്ടൊരു എഴുത്തുണ്ട് എന്റെ പക്കൽ... ഇനിയങ്ങോളം നീയാൽ മാത്രം വായിക്കപ്പെടേണ്ടിയിരുന്ന വരികൾക്കിടയിൽ മയിൽ‌പ്പീലി കുഞ്ഞുങ്ങൾ പെറ്റുപെരുകുന്നു...!!

പുഴയോർമ്മകൾ

നാമറിയാതെ, നമ്മിലൊരു ലോകം തീർക്കുന്നുണ്ട്, തൊട്ടിരിക്കുന്ന വിരൽദൂരങ്ങൾ.. പിണഞ്ഞിറങ്ങാൻ തേടുന്നുണ്ട്, വഴുതിമാറുന്ന മിഴിസ്പർശങ്ങൾ. കണ്ടെത്തപ്പെടുന്നുണ്ട് നാം തനിയെ നിറഞ്ഞു തൂകിയ നിമിഷങ്ങളിൽ.. മറവികളിൽ സ്വയം പൂത്തു തുടങ്ങുന്നുണ്ട് ഉടഞ്ഞു വീഴുന്ന മൗനങ്ങൾ.. പിന്നെയും തൊട്ടു വിളിക്കുന്നുണ്ട്  ഇരുണ്ടു തുടങ്ങിയ വിജനതകൾ. പിന്നോട്ട് പിടിച്ചടുപ്പിക്കുന്നുമുണ്ട് , കുഞ്ഞു കുഞ്ഞു വെളിച്ചങ്ങൾ.. നാമിരുവർക്കുമിടയിൽ ബാക്കിയാകുന്നുണ്ട് വരണ്ടു തുടങ്ങിയ പുഴയോർമ്മകൾ .. 

പ്രളയം

വേഗങ്ങളെ പിടിച്ചു നിർത്തി കല്ല് കെട്ടി, കമ്പു കോർത്തു ഉള്ളുറഞ്ഞു കനം തിങ്ങിയ മൗനമാക്കുമ്പോൾ , പൊട്ടിയുതിർന്നുണർന്നു വരുന്നൊരു കാലം അടിയിലെവിടെയോ അടിഞ്ഞു കിടന്നിരുന്നു  . ഉയിർക്കൊണ്ട പുതിയ പ്രവാഹങ്ങളിൽ തുരുമ്പെടുത്ത പടവാളുകൾ തീരം തേടി പാഞ്ഞു,സീമകളില്ലാതെ  .. മറഞ്ഞുപോയ ഓർമകൾക്ക് ഇത്രയേറെ മുറിവുണ്ടാക്കാൻ കഴിയുമെന്ന് ഓർമിപ്പിച്ചു കൊണ്ട്  , പിന്നെയും നിസ്സംഗമായി തീ പടർന്നു കൊണ്ടിരുന്നു . ഇരുകരകളിലെയും സ്വർഗം നഷ്ടപ്പെടുന്നവർ, ഭൂമിയും ആകാശവും മാത്രമല്ലാതൊരു നിയമം തേടുന്നവരായി.. തേടിചെല്ലാനില്ലാത്ത വിധം ശൂന്യമായ നിലങ്ങളിൽ കണ്ണീരിന്റെ ഉപ്പുനീരുറവ പുതിയ ചാലുകീറി ഒഴുകിയിരുന്നു.. യുഗങ്ങളോളം ഘനീഭവിച്ചു പോയ, പകയുടെ ,തിര തുപ്പിയ ജീർണ്ണനിലങ്ങൾ..