പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വരുന്നതിന്റെ അറിയിപ്പ് ഉയർന്നതിനൊപ്പം അയാളുടെ ഫോൺ ശബ്ദിച്ചു. നൌഷാദ് ആണ് വിളിക്കുന്നത്. അയാൾ എടുത്ത് ചെവിയിൽ ചേർത്തു. “നീ ഇതെവിടെ പോയി കിടക്കുന്നു..? ട്രെയിൻ വരുന്നു..! “ഞാൻ എത്തി,പ്ലാറ്റ്ഫോമിലുണ്ട് .. നീ എവിടെയാണ്? നൌഷാദ് പറഞ്ഞത് കേട്ട് അയാൾ ചുറ്റും നോക്കി. പ്ലാറ്റ്ഫോമിലേക്ക് കടക്കുന്ന വാതിലിനരികിൽ നിന്ന് നൌഷാദ് ചുറ്റും നോക്കുന്നത് കണ്ടു. “തിരിഞ്ഞു നോക്ക്, ഈ ടീ ഷോപ്പിന്റെ അടുത്ത്."അത് കേട്ട് നൌഷാദ് തിരിഞ്ഞു നോക്കി. അയാളെ കണ്ടപ്പോൾ കൈ ഉയർത്തി കാണിച്ചിട്ട് ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് അയാളുടെ അരികിലേക്ക് നടന്നു വന്നു. വന്ന ഉടനെ അയാളെ കെട്ടിപ്പിടിച്ചു. “ഒന്നും പറയണ്ട അളിയാ.. ഇറങ്ങാൻ ഇത്തിരി ലേറ്റ് ആയിപ്പോയി.” “ഞാൻ ഓർത്തു ഇന്നത്തെ പോക്ക് ക്യാൻസൽ ചെയ്യേണ്ടി വരുമെന്ന്” അയാൾ നൌഷാദിനെ കുറച്ചു കടുപ്പിച്ച് നോക്കി. നൌഷാദ് ചിരിച്ചു കൊണ്ട് അയാളുടെ പുറത്ത് തട്ടി. അപ്പോഴേക്കും ട്രെയിൻ അവർ നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നു. ആളുകൾ കയറി ഇറങ്ങുന്ന തിരക്കിനിടയിൽ അവരും കയറിയിട്ട് സീറ്റ് കണ്ടു പിടിച്ചു ഇരുന്നു. നൌഷാദ് ആശ്വാസത്തോടെ ബാഗ് സീറ്റിൽ ...