ഒരുക്കലും തിരിച്ചു കിട്ടാത്ത വിധം ബാല്യം ഒരു നഷ്ടമായി തീരുന്നത് ജീവിതം പല തിരിച്ചറിയലുകളിലൂടെ കടന്നുപോകുമ്പോഴാണ്. മഴയും മണ്ണും വെയിലും കാവും പുഴയും ചിരിയും കളിയും എല്ലാം ജീവിതത്തിൽ നിന്നെങ്ങോട്ടോ ഒഴുകിപോകുന്നത് നിസ്സഹായമായി നോക്കി നിൽക്കേണ്ടി വരും. നിസ്സഹായമായ അത്തരം നോക്കി നിൽക്കലുകൾക്ക് വേണ്ടി സമയം മുന്നേ തന്നെ കുറി യ്ക്കപ്പെട്ടിട്ടുമുണ്ടാകും, ഓരോരുത്തർക്കും. മഴയും വെയിലും മാറി മാറി തെളിഞ്ഞ എന്റെ ബാല്യത്തിന് മേൽ കൗമാര സങ്കല്പങ്ങളുടെ പുതിയ ആകാശം, പുതിയ നിറഭേദങ്ങളോടെ വിടരാൻ ആരംഭിച്ച കാലത്താണ് അപ്രതീക്ഷിതമായി, ആ നാടും വീടും വിട്ടെങ്ങോട്ടേക്കോ പോകാനുള്ള അച്ഛന്റെയും അമ്മയുടെയും തീരുമാനം അറിയുന്നത്. അവരതെന്തിന്, എപ്പോൾ ആ തീരുമാനം എടുത്തു എന്ന് ആലോചിച്ചിട്ട് ഒരു ഉത്തരമൊട്ടു കിട്ടിയതുമില്ല. ഒരു നാൾ അറിയുന്നു അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്തിനടുത്തേക്ക് താമസം മാറുന്നു എന്ന്.ആ ഗ്രാമത്തിന്റെ അതിര് വിട്ടൊരു വിട്ടൊരു ലോകം അന്നോളം കണ്ടിട്ടില്ലാത്ത എനിക്കതൊരു ആകാംക്ഷ ആയിരുന്നെങ്കിലും വേര് പറിച്ചെടുത്തു എങ്ങോട്ടോ യാത്രയാകാൻ പോകുന്നു എന്ന തിരിച്ചറിവ് മനസ്സിലെവിടെയോ നോവായി കിടന്നു.അമ്മയെയ...