Skip to main content

അജ്ഞാതർ

പുറത്തെ വളരുന്ന ഇരുട്ടും, കനം വെച്ച് തുടങ്ങിയ മഴയും നോക്കിയിരിക്കെ അവരുടെ ഹൃദയം ഭയാശങ്കകളാൽ നനഞ്ഞു കുതിരാൻ തുടങ്ങി. എന്നും രാവിലെ, കോളേജിലേക്ക് പുറപ്പെടുന്ന  മകളോടൊപ്പമാണവർ പട്ടണത്തിൽ ജോലിക്ക് പോകാറുള്ളത്. പട്ടണത്തിലുള്ള കോളേജിൽ മകൾ പഠിക്കാൻ പോയി തുടങ്ങിയിട്ട് ഇത് രണ്ടാം വർഷം. രാവിലെ പത്തുമണി മുതൽ വൈകിട്ട് നാലുമണിയോളം മൂന്നുനാലു വീടുകളിൽ പുറംപണിയും, അടുക്കളജോലിയും ,വൃത്തിയാക്കലും കഴിഞ്ഞ് അന്നന്നത്തെ കൂലിയും വാങ്ങി ആറുമണിയോടെ വീട്ടിലെത്തുമ്പോൾ ആവി പറക്കുന്ന കട്ടൻകാപ്പിയുമായി മകൾ കാത്തിരിക്കും. പിന്നീട് ഒരുമിച്ച് കാപ്പികുടിക്കലും അത്താഴമുണ്ടാക്കലും കഴിഞ്ഞ്, ഇതുവരെ വൈദ്യുതി കിട്ടിയില്ലാത്ത ആ ഓലപ്പുരയുടെ വരാന്തയിൽ മണ്ണെണ്ണവിളക്കിന്റെയോ മെഴുകുതിരിയുടെയോ മുനിഞ്ഞു കത്തുന്ന വെളിച്ചത്തിൽ മകളിരുന്നു വായിക്കും. അരികിൽ കാതോർത്തിരുന്ന് അമ്മയത് കേൾക്കും. അമ്മയുടെ കൗതുകങ്ങൾക്ക് മകൾ, അവളെ കൊണ്ട് കഴിയുന്ന രീതിയിൽ വിവരണങ്ങൾ നൽകും. അത്താഴം കഴിഞ്ഞു വിളക്കണച്ചു വിദൂരഭാവിയുടെ വെള്ളിവെളിച്ചത്തെ സ്വപ്നം കണ്ട് അവർ , ആ അമ്മയും മകളും , കെട്ടിപ്പിടിച്ചു കിടന്നുറങ്ങും. അതാണവരുടെ ലോകം,അവരുടെ മാത്രമുള്ള ലോകം. ജീവിതത്തിന്റെ മറ്റു സുഖവശങ്ങൾ തേടിയൊരച്ഛൻ അവരെ ഉപേക്ഷിച്ചു പോയിടം തൊട്ടിന്നോളം മകൾക്ക് വേണ്ടി മാത്രം , കഴുകനും കുറുക്കനും കടന്നു വരാനാവാത്തവിധം , ആ അമ്മ നെയ്തുണ്ടാക്കിയ വളരെ ചെറിയൊരു ലോകം. പക്ഷെ ഇന്ന് വൈകുന്നേരം  ജോലികഴിഞ്ഞെത്തിയപ്പോൾ അവർ കണ്ടത് അപ്പോഴും പൂട്ടപ്പെട്ട നിലയിൽ ഉള്ള വീടിന്റെ വാതിലാണ്. കോളേജ് വിട്ടാൽ സാധാരണ  നാലര മണിയോടെ മകൾ വീട്ടിലെത്താറുള്ളതാണ്. വരാന്തയിലേക്ക് ചാഞ്ഞു നിൽക്കുന്ന മേൽക്കൂരയുടെ ഓലക്കീറിനിടയിൽ വച്ചിരുന്ന താക്കോലെടുത്തു വീട് തുറന്നുള്ളിൽ കയറുമ്പോഴേക്കും അവരുടെ മനസ്സിൽ ആശങ്കകൾ പെയ്തു തുടങ്ങിയിരുന്നു. ആരുടെയോ ഉത്തരവിന് കാത്തു നിന്നിട്ടെന്നോണം ആകാശം മൂടിക്കെട്ടി,പെയ്യാൻ വെമ്പി നിന്നു. ബസ് താമസിക്കുകയോ ടൗണിലെ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങുകയോ ചെയ്തിട്ടുണ്ടാകാം എന്ന് സ്വയം ആശ്വസിച്ചു കൊണ്ട് അവർ വരാന്തയിൽ തന്നെ ഇരിപ്പു തുടർന്നു.

മണ്ണിട്ട റോഡിൽ നിന്ന് അല്പം ഉയർന്ന സ്ഥലത്താണ് അവരുടെ വീട് . വിളിച്ചാൽ കേൾക്കുന്ന ദൂരത്തൊരു വീട് കൂടി ഇല്ല. വീട്ടിൽ നിന്ന് വെട്ടിയുണ്ടാക്കിയ മൺപടവുകളിറങ്ങിയാൽ താഴെ മൺറോഡിലെത്തും . വലത്തേക്ക് അല്പം നടന്നാൽ ഒരു ചെറിയ അമ്പലം ഉണ്ട്. കാലങ്ങൾക്കു മുൻപ്,  അമ്പലം എന്ന് പറയാൻമാത്രമില്ലാത്ത , നിറയെ വള്ളികൾ പടർന്നുകയറിയ മരങ്ങളുണ്ടായിരുന്ന, ഒരു കാവായിരുന്നത്. കാവിന്റെ ഒത്തനടുവിൽ , എപ്പോഴും ഇലകൾ വീണു കിടന്നിരുന്ന, പച്ച നിറത്തിൽ നിറയെ വെള്ളമുണ്ടായിരുന്ന ഒരു കുളവും ഉണ്ടായിരുന്നു അന്ന്. കാവിനു ചുറ്റുമായി കണ്ണെത്താ ദൂരത്തോളം പാടശേഖരങ്ങൾ വ്യാപിച്ചു കിടന്നു. അവിടെ പണിയെടുത്തിരുന്ന പാവങ്ങളുടെ അഭയസ്ഥാനം കൂടി ആയിരുന്നു ആ കാവ്. അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും, സദാ തെളിഞ്ഞുനിന്ന തിരിവെളിച്ചത്തിനു പിന്നിലെ ആ ഒറ്റക്കൽ പ്രതിഷ്ഠ കൂട്ടുനിന്നു. കാലാന്തരത്തിൽ പാടങ്ങളുടെ ഉടമസ്ഥരായ ജന്മികുടുംബങ്ങൾ കാവുൾപ്പെടെ ആ പ്രദേശങ്ങളെ തങ്ങളുടെ അതിരുകൾക്കുള്ളിലാക്കുകയും പണിക്കാരായിരുന്നവർ കുടിയൊഴിക്കപ്പെടുകയും ചെയ്തു. കാവും കുളവുമൊക്കെ അവർക്കു അന്യാധീനമായി തീർന്നു.കുളം നികത്തി അവിടെ വലിയ അമ്പലം ഉയർന്നു .മതിലും ഗേറ്റും പണിത് അനുവാദമില്ലാതെ അകത്തു പ്രവേശിക്കുന്നതിൽ നിന്നവരെ അകറ്റി നിർത്തി , അവരുടെ മൂർത്തി എന്നെന്നേക്കുമായി തടവിലാക്കപ്പെട്ടു. അന്ന് കുടിയൊഴിക്കപ്പെട്ടെങ്കിലും ചില കുടുംബങ്ങൾ ഇന്നും അവിടങ്ങളിലായി ചിതറി ജീവിക്കുന്നുണ്ട്.

നേരമിരുളുംതോറും അവരുടെ മനസ്സിൽ ആധി അഗ്നിയായി  എരിയാൻ തൂടങ്ങി. കോളേജിൽ പോയി തുടങ്ങിയ കാലത്തെന്നോ മകൾ നൽകിയ ഒരു ഫോൺ നമ്പർ കുറിച്ചെടുത്തു പഴയ ഒരു പെട്ടിയിൽ തുണികൾക്കിടയിൽ എവിടെയോ സൂക്ഷിച്ചു വച്ചിരുന്നു. അവരത് തപ്പിയെടുത്തു. ഇതുവരെ അതിന്റെ ആവശ്യം വന്നിരുന്നില്ല. കോളേജിൽ പോയി തുടങ്ങിയതോടെ മകൾക്കൊരു ഫോൺ വാങ്ങി നൽകണം എന്ന് കരുതിയിട്ടിതുവരെ അത് ചെയ്യാതിരുന്നതിൽ അവർ സ്വയം ശപിച്ചു. പുറത്തു മഴ ശക്തിയാർജ്ജിച്ചു കൊണ്ടിരുന്നു. കഴുക്കോലുകൾക്കിടയിൽ  തിരുകി വച്ചിരുന്ന പഴയ ശീലക്കുട വലിച്ചെടുത്തു ധൃതിയിൽ വീടുപൂട്ടി, ആർത്തിരമ്പുന്ന മഴയിലേക്കവർ ഇറങ്ങി. ഏതിരുട്ടിലും സദാ ജാഗരൂഗമായ അവരുടെ കണ്ണുകൾക്ക് മുന്നിലെ ഇരുട്ടൊരു തടസ്സമായി തോന്നിയില്ല.
അമ്പലത്തിനു പുറകിലായി പാടങ്ങൾക്കഭിമുഖമായിട്ടിരിക്കുന്ന വലിയൊരു വീടിനു മുന്നിലാണവരെത്തി  നിന്നത്. ബെല്ലിൽ  വിരലമർത്തി അവർ കാത്തു നിന്നു. കതകു തുറന്നു വന്നത് ഗൃഹനായികയാണ്. അവർ വെളിച്ചത്തേക്ക് നീങ്ങി നിന്നു. അവരെ തിരിച്ചറിഞ്ഞതും ആ സ്ത്രീയുടെ മുഖമൽപം ഇരുണ്ടു. ആ പ്രദേശത്തുള്ള കുടുംബങ്ങളുമായി അമ്മയ്ക്കും മകൾക്കും കാര്യമായ  അടുപ്പമുണ്ടായിരുന്നില്ല. അവരെ കാണുമ്പോൾ "വല്യ പഠിത്തക്കാരി പത്രാസ്സുള്ള മകളും ഇളക്കക്കാരി അമ്മയും" എന്നാണ് നാട്ടുകാരുടെ, പുച്ഛത്താൽ  കോടിയ ചുണ്ടുകൾ സംസാരിക്കുന്നതെന്നു  മകൾ അവരോട് ഇടക്കിടക്ക് പരാതിപ്പെടാറുണ്ട്.
"ഉം , എന്ത് വേണം? ചോദ്യത്തിൽ ഈർഷ്യ കലർന്നിരുന്നു .
"മോളിതുവരെ കോളേജിൽ നിന്നു വന്നിട്ടില്ല" അവരുടെ ശബ്ദം ഇടറി.
"അതിന്..?!!
"ഈ നമ്പറിൽ ഒന്ന് വിളിച്ചു ചോദിച്ചിരുന്നെങ്കിൽ ..? അവർ കൈയിൽ ചുരുട്ടിപിടിച്ചിരുന്ന പേപ്പർതുണ്ട് നീട്ടി.
വിളിച്ചിട്ടു വല്ല കാര്യവും ഉണ്ടോ? അവൾക്ക് വല്ല പ്രേമമോ മറ്റോ ഉണ്ടോ എന്ന് അറിയാമോ? അല്ല, ഇപ്പോഴത്തെ പിള്ളേരാണേ. ആർക്കും ഒന്നും പറയാൻ പറ്റില്ല .."
അപമാനിക്കപ്പെടുന്നതിന്റെ തേങ്ങൽ അവരുടെ അടിവയർ നോവിച്ചു.
"മഴയായത് കാരണം കൂട്ടുകാരിക്കൊപ്പം നിൽക്കുവായിരിക്കും. ഈ നമ്പറിൽ വിളിച്ചു ചോദിച്ചാൽ അറിയാൻ പറ്റും.." അവരുടെ വാക്കുകളിൽ ഉറപ്പുണ്ടായിരുന്നു.
"ആരാ രാധേ അവിടെ? ചോദ്യവുമായി ഭർത്താവ് ഇറങ്ങി വന്നു. അവരെ കണ്ടതും ചോദ്യഭാവത്തിൽ അയാൾ ഭാര്യയെ നോക്കി.
"അവരുടെ മകൾ കോളേജിൽ നിന്ന്  ഇതുവരെ എത്തിയില്ലെന്ന് .."
....?!!
"അവർക്ക് ഫോൺ ചെയ്യണമെന്ന്"
"അതിനെന്താ ,കയറി വരൂ " അയാൾ ക്ഷണിച്ചു.
"നിങ്ങളെന്താ ഈ പറയുന്നേ ?! ലാൻഡ് ഫോൺ കണക്ഷനോക്കെ പോയി കിടക്കുവാ ഈ മഴയത്ത്. മൊബൈലിൽ ആണേൽ പൈസയുമില്ല. പിന്നെവിടുന്ന് വിളിക്കാനാ?!! രാധ ധൃതിയിൽ പറഞ്ഞു.
എന്തോ പറയാനൊരുങ്ങിയ ഭർത്താവിനെ തടഞ്ഞു കൊണ്ടവർ , അപ്പോഴും മഴയത്തു തന്നെ നിൽക്കുന്ന ആ അമ്മയെ നോക്കി പറഞ്ഞു ,"നിങ്ങൾ വീട്ടിൽ പോയിരിക്ക്. മഴ കുറയുമ്പോൾ അവളിങ്ങു വന്നോളും."
ആർത്തുവന്നൊരു വിതുമ്പലിൽ ഉലഞ്ഞുകൊണ്ടവർ, മറുത്തൊന്നും പറയാതെ തിരികെ നടന്നു. വീശിയടിച്ചൊരു കാറ്റിൽ അവരുടെ ഉടലാകെ നനഞ്ഞു..തണുത്തു..തളർന്നു..
അയാൾ ഭാര്യയെ നോക്കി . "എന്താ നോക്കുന്നത് ?! വീട്ടിൽ കയറ്റാൻ കൊള്ളാത്ത കൂട്ടങ്ങളാണ് . ആ പെണ്ണ് വല്ലവന്റേം കൂടെ പോയതാണോ എന്ന് ആർക്കറിയാം. അവസാനം പോലീസും പട്ടാളവുമൊക്കെ അന്വേഷിച്ചു വന്നാൽ നമ്മൾ സമാധാനം പറയേണ്ടി വരും" അവർ വാതിൽ വലിച്ചടച്ചു.
അവസാനമില്ലാത്തൊരു പ്രളയത്തിൽ താനെങ്ങോട്ടെന്നില്ലാതെ ഒഴുകുകയാണെന്നവർക്ക് തോന്നി. അവർ നിൽക്കുന്ന മൺറോഡിനപ്പുറം പാടങ്ങളിൽ, വരമ്പുകൾ  കാണാനാവാത്ത വിധം മഴവെള്ളം നിറഞ്ഞു കിടക്കുന്നു. ആ വരമ്പത്തു കൂടിയാണ് അവളെന്നും കോളേജിലേക്ക് പോയിരുന്നതും തിരിച്ചു വന്നിരുന്നതും. തന്റെ മുന്നിൽ വെള്ളം നിറഞ്ഞു കിടക്കുന്ന ആ പാടങ്ങൾക്കപ്പുറം, ഏതോ ഒരു മരച്ചുവട്ടിൽ നനഞ്ഞും വിറച്ചും തന്റെ മകൾ ഒറ്റക്ക് നിൽപ്പുണ്ടെന്നൊരു തോന്നൽ അവരുടെ നെഞ്ച് പൊള്ളിച്ചു. ചുറ്റും വീശിയടിക്കുന്ന കാറ്റിൽ അവൾ "അമ്മേ" എന്ന് കേണ് വിളിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടോ എന്നവർ സംശയിച്ചു. പെട്ടെന്നൊരു ഉൾപ്രേരണായാൽ അവർ മുന്നോട് തന്നെ നടന്നു. ആ മൺറോഡിലൂടെ നേരെ നടന്നാൽ എത്തുന്നത് പാടങ്ങൾക്ക് നടുവിലൂടെ പോകുന്ന മണ്ണിട്ട് ഉയർത്തിയ,ടാറിട്ട റോഡിലേക്കാണ്. വാഹനങ്ങൾക്ക് പോകാവുന്ന രീതിയിൽ ആ റോഡ് പണിതത് അടുത്ത കാലത്താണ്. ടൗണിലേക്ക് പോകാനും വരാനും ഇപ്പോൾ ആളുകൾ ആ റോഡാണ് ഉപയോഗപ്പെടുത്തുന്നത്. പണ്ടത്തേതിനേക്കാൾ കുറഞ്ഞ സമയത്തിൽ ഗ്രാമത്തെ ടൗണുമായി ബന്ധിപ്പിക്കാൻ ആ റോഡ് വന്നത് കൊണ്ട് കഴിഞ്ഞു.എങ്കിലും അമ്മയും മകളും അവരുടെ വീടിനു മുന്നിലെ പാടത്തിനു നടുവിലൂടെയുള്ള വരമ്പത്തു കൂടി തന്നെ എന്നും പോകുകയും വരികയും ചെയ്തു. ടാറിട്ട റോഡിലെത്തി അവർ ധൃതിയിൽ നടന്നു. ഏതെങ്കിലും ഓട്ടോ കിട്ടാതിരിക്കില്ല എന്നവർ പ്രതീക്ഷിച്ചു. അന്നത്തെ കൂലിയായി കിട്ടിയ പണം മടിക്കുത്തിൽ തിരുകിവച്ചത് അവിടെ തന്നെ ഉണ്ടെന്ന് അവർ കൈകളാൽ പരതിനോക്കി ഉറപ്പുവരുത്തി. കവലയിലെത്തിയാൽ ആദ്യം കിട്ടുന്ന വണ്ടിക്ക് തന്നെ ടൗണിലുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകാം എന്നവർ മനസ്സിൽ ഉറപ്പിച്ചു കൈകൾ വീശി ആഞ്ഞു നടന്നു.
****************************************
പോലീസ് സ്റ്റേഷന് മുന്നിൽലെത്തി ഒരു മാത്ര പകച്ചു നിന്നെങ്കിലും പാറാവുകാരനെ കണ്ടവർ കാര്യം പറഞ്ഞു. അയാളവരെ ഒരു പോലീസ്കാരന്റെ അടുത്തെത്തിച്ചു,
" സാറേ, ഇവർക്കൊരു പരാതി തരാനുണ്ടെന്ന് " .
" ഇരിക്കൂ.." മേശക്കു പുറകിലിരുന്ന, കറുത്ത ഫ്രെയിം ഉള്ള കണ്ണട വച്ച പോലീസുകാരൻ പറഞ്ഞു.
മനസിന്റെ വിങ്ങലടക്കി ഇടറിയും വിതുമ്പിയും അവർ കാര്യം പറഞ്ഞു . എല്ലാം കേട്ട് കഴിഞ് അയാൾ ആലോചനയുടെ ചോദിച്ചു,
" നിങ്ങളുടെ കൈയിലുള്ള  ഫോൺനമ്പർ തരൂ?
കൈയിലെ പേപ്പർ തുണ്ട് അവർ അയാൾക്ക് നേരെ നീട്ടി. മുൻപിലിരുന്ന ടെലിഫോണിൽ നിന്നയാൾ നമ്പർ ഡയല് ചെയ്യുന്നത് അവർ കിതപ്പടക്കി നോക്കിയിരുന്നു. അയാൾ നമ്പർ ഡയൽ ചെയ്ത് അൽപ സമയം കാതോർത്തിരുന്നതിനു ശേഷം പതിയെ റിസീവർ തിരികെ വച്ച് കൊണ്ട് അവരെ നോക്കി .
"എന്തായി സാറേ?" അവർ വേപുഥയോടെ അന്വേഷിച്ചു.
"ഇത് പഴയ നമ്പർ ആണോ? അയാൾ തിരക്കി
"മോള് തന്നതാ.."
"എന്നാണ് തന്നത്..?
"അവൾ കോളേജിൽ ചേർന്ന് കഴിഞ്ഞ്.."
"ഉം….ഈ നമ്പർ ഇപ്പോൾ നിലവിലില്ലെന്ന്  തോന്നുന്നു" അയാൾ വീണ്ടും ആലോചനയോടെ താടിയുഴിഞ്ഞു.
പുറത്തെവിടെയോ മഴയ്ക്കൊപ്പം മുഴങ്ങിയ ഇടിമിന്നൽ  തന്റെ നെഞ്ചിലാണ് പതിച്ചതെന്നവർക്കു തോന്നി.
"സാറേ , എന്റെ മോൾ .."
അവരുടെ കണ്ണുകൾ പെയ്തു തുടങ്ങി .
"നിങ്ങൾ സമാധാനമായിട്ടിരിക്കൂ. മഴ ആയതു കൊണ്ട് ബസ് കിട്ടിക്കാണില്ല. കൂട്ടുകാരിക്കൊപ്പം കാണും അവൾ. കൂട്ടുകാരുടെ ആരുടെ എങ്കിലും വീടറിയാമോ നിങ്ങൾക്ക്..?
സാരിത്തലപ്പാൽ കണ്ണുകൾ തുടച്ചുകൊണ്ടവർ "ഇല്ല " എന്നർത്ഥത്തിൽ തലയാട്ടി.
" തല്ക്കാലം ആ ബെഞ്ചിലിരിക്കൂ. നമുക്ക് അന്വേഷിക്കാം. പേടിക്കണ്ട, നിങ്ങൾ വീട്ടിലെത്തുമ്പോഴേക്കും അവൾ അവിടെ ഉണ്ടാവും.."
ഉള്ളിൽ പൊട്ടുന്ന വിതുമ്പലടക്കി തിളയ്ക്കുന്ന മനസ്സോടെ അവർ വരാന്തയിലെ ബെഞ്ചിന് നേർക്കു നടന്നു. ആ പോലീസുകാരൻ മറ്റൊരാളെ വിളിച്ചു എന്തോ ശബ്ദം താഴ്ത്തി പറഞ്ഞു. അല്പസമയത്തിനകം ജീപ്പ് സ്റ്റാർട്ട് ചെയ്തു രണ്ടു പോലീസുകാർ പുറത്തേ പോകുന്നത് അവർ കണ്ടു.

ഇരമ്പിയാർക്കുന്ന മഴയിലേക്ക് നോക്കി അവർ വരാന്തയിലെ ബെഞ്ചിൽ നിശ്ചലയായി ഇരുന്നു. പോലീസുകാരൻ പറഞ്ഞത് പോലെ മഴ കുറയാൻ കാത്ത്  അവൾ കൂട്ടുകാരിയോടൊപ്പം നിൽക്കുകയായിരിക്കും. എത്രയും പെട്ടെന്നവൾ അമ്മയുടെ അടുത്തെത്തും. സ്വയമങ്ങനെ ആശ്വസിച്ചപ്പോൾ നെഞ്ചിലെ കനമൽപ്പം കുറഞ്ഞാതായി അവർക്കു തോന്നി. മഴയൊന്നു കുറയാൻ അവർ അക്ഷമയോടെ കാത്തിരുന്നു.
****************************************
എവിടെയോ എന്തോ ശക്തിയായി പതിക്കുന്ന ഒച്ച കേട്ടാണവർ കണ്ണുതുറന്നത്. അപ്പോൾ വീശിയൊരു കാറ്റിൽ ഏതോ ജനാലകൾ തുറന്നടയുന്നു. താനെവിടെയാണിരിക്കുന്നതെന്നു മനസിലാകാതെ അവർ ചുറ്റും പകച്ചു നോക്കി. ഇത്രയും സമയം തന്റെ ചിന്തകളിൽ പുകഞ്ഞതെന്തെന്ന് അവർ ഓർത്തെടുക്കാൻ ശ്രമിച്ചു. പോലീസ്സ്റ്റേഷന്റെ വരാന്തയിലുള്ള ആ പഴയ ബെഞ്ചിലാണ് താനിരിക്കുന്നതെന്ന ഓർമ അവരുടെ ബോധത്തിലേക്ക് വളരെ പതിയെ ആണ് തിരികെ വന്നത്‌. അവർ പിടഞ്ഞെഴുന്നേറ്റു. പുറത്തു മഴ തോർന്നിരുന്നു. സ്റ്റേഷനുള്ളിലെ മുറിയിൽ നിന്ന് വരുന്ന വെളിച്ചം അവരിരുന്ന ബെഞ്ചിന് പുറകിലെ ജനാലയിലൂടെ, വരാന്തയിൽ തളം കെട്ടി കിടന്ന വെള്ളത്തിൽ പതിയുന്നുണ്ടായിരുന്നു. സമയം എത്രയായി എന്നറിയാനെന്തു വഴിയെന്നാലോചിച്ചു അവർ വീണ്ടും ചുറ്റും കണ്ണോടിച്ചു. സ്റ്റേഷനും പരിസരവും നിശബ്ദമായി കിടന്നു. വരാന്തയിലെ മേൽക്കൂരയുടെ, ഓടുകൾ അകന്ന വിടവിലൂടെ മഴത്തുള്ളികൾ ഇറ്റുവീഴുന്ന സ്വരം കേൾക്കാം. പുറത്തെവിടെ നിന്നൊക്കെയോ ചീവീടുകളുടെ ഒച്ചയും  കേൾക്കുന്നുണ്ട്.  അവർ പതിയെ വാതിലിനു നേരെ നടന്നു. ഉള്ളിലെ മുറിയിൽ, സാവധാനം തിരിയുന്ന ഫാനിന്  താഴെ മുൻപ് കണ്ട പോലീസുകാരൻ ഇരുന്ന മേശയിൽ വേറെയാരോ തലവച്ചു കിടക്കുന്നു . വേറെയാരെയും പരിസരത്തു കാണുന്നില്ല.അയാൾ  ഇരിക്കുന്നതിന് പിറകിലെ ഭിത്തിയിൽ പൊടിപിടിച്ചൊരു പഴയ  ക്ലോക്കിൽ സമയം മൂന്നു മുപ്പത് എന്ന് കാണിച്ചു. എന്തുവേണമെന്നറിയാതെ അവർ ഒരു നിമിഷം ശങ്കിച്ചു നിന്നു .പിന്നെ, തിരിഞ്ഞു നടന്നു. വാതിൽ കടന്നതിനു ശേഷമവർ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി സംശയിച്ചു നിന്നു. പുറത്തു പോയ ജീപ്പ് ഇതുവരെയും മടങ്ങി വന്നിട്ടില്ലെന്നവർക്ക് തോന്നി. വരാന്തയിലെ തൂണിനരികിൽ അൽപനേരം കൂടി നിന്നിട്ട് അവർ മുറ്റത്തേക്കിറങ്ങി. മുറ്റത്തു കെട്ടിക്കിടന്ന തണുത്ത മഴവെള്ളം അവരുടെ പാദം നനച്ചു. ഗേറ്റിനു പുറത്തു ലോകം ഒന്നുമറിയാതെ നിശബ്ദമായി ഉറങ്ങി. റോഡിലിറങ്ങിയ ശേഷം അവർ ബസ്സ്റ്റാൻഡിലേക്ക് നടന്നു.

വഴിയരികിലെ കടത്തിണ്ണകളിൽ പേരും മേൽവിലാസവുമില്ലാത്ത പല മനുഷ്യർ കീറത്തുണിയിൽ മൂടിപ്പുതച്ചു,  ചുരുണ്ടു കിടന്നിരുന്നു. ബസ് സ്റ്റാൻഡിൽ എത്തി ഏറെ നേരം കാത്തിരുന്നതിനു ശേഷമാണവർക്കു ഒരു ബസ് കിട്ടിയത്. ഏറെ ദൂരം നടന്നു ക്ഷീണിതയായതുപോലെ അവർക്കു കിതപ്പനുഭവപ്പെട്ടു. താനറിയാതെ ഏതോ ലോകത്തിലൂടെ ആരുടെയൊക്കെയോ പ്രേരണയാലാണ് താൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നവർക്ക് തോന്നി. വേവുന്ന ചിന്തകളിൽ സ്വയം മറന്ന്,  മാഞ്ഞുകൊണ്ടിരിക്കുന്ന ഇരുട്ടിലേക്ക് നോക്കിയവർ, ഓടിക്കൊണ്ടിരുന്ന ബസിലിരുന്നു.
******************************************
ബസ്സിറങ്ങി പാടത്തിനക്കരക്കുള്ള റോഡിലേക്ക് കയറുമ്പോൾ ആകാശം വെളുത്തു തുടങ്ങിയിരുന്നു .വീണ്ടും മഴ ചാറി തുടങ്ങി. കക്ഷത്തിലിരുന്ന കുട നിവർത്തിയവർ നടന്നു , വീട്ടിൽ ചൂടുള്ളൊരു കട്ടൻകാപ്പിയുമായി തന്നെ കാത്തിരിക്കുന്ന മകളെന്ന പ്രതീക്ഷയിലേക്ക്.
ഏതാണ്ട് അതേ സമയം തന്നെ, അവരെത്തിച്ചേരാൻ പോകുന്ന വീടിനും, ആ റോഡിനും, പാടങ്ങൾക്കും അകലെയല്ലാത്തൊരു ദൂരത്ത്,  വിജനമായൊരു റെയിൽവേ ട്രാക്കിനരികിൽ നിന്ന് രണ്ടു പോലീസുകാർ അവരുടെ വീടിന്റെ വിലാസം തിരക്കി  യാത്ര തിരിച്ചിരുന്നു. അതേ റെയിൽവേ ട്രാക്കിനരികിലെ കാടുപിടിച്ചൊരു പ്രദേശത്ത്, പിച്ചിച്ചീന്തപ്പെട്ട നിലയിലൊരു പെൺകുട്ടി , അവകാശിയെത്തുന്നതും കാത്ത്  അജ്ഞാത മൃതദേഹമായി മഴ നനഞ്ഞു കിടന്നു..

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...