ഒരുക്കലും തിരിച്ചു കിട്ടാത്ത വിധം ബാല്യം ഒരു നഷ്ടമായി തീരുന്നത് ജീവിതം പല തിരിച്ചറിയലുകളിലൂടെ കടന്നുപോകുമ്പോഴാണ്. മഴയും മണ്ണും വെയിലും കാവും പുഴയും ചിരിയും കളിയും എല്ലാം ജീവിതത്തിൽ നിന്നെങ്ങോട്ടോ ഒഴുകിപോകുന്നത് നിസ്സഹായമായി നോക്കി നിൽക്കേണ്ടി വരും. നിസ്സഹായമായ അത്തരം നോക്കി നിൽക്കലുകൾക്ക് വേണ്ടി സമയം മുന്നേ തന്നെ കുറിയ്ക്കപ്പെട്ടിട്ടുമുണ്ടാകും, ഓരോരുത്തർക്കും.
മഴയും വെയിലും മാറി മാറി തെളിഞ്ഞ എന്റെ ബാല്യത്തിന് മേൽ കൗമാര സങ്കല്പങ്ങളുടെ പുതിയ ആകാശം, പുതിയ നിറഭേദങ്ങളോടെ വിടരാൻ ആരംഭിച്ച കാലത്താണ് അപ്രതീക്ഷിതമായി, ആ നാടും വീടും വിട്ടെങ്ങോട്ടേക്കോ പോകാനുള്ള അച്ഛന്റെയും അമ്മയുടെയും തീരുമാനം അറിയുന്നത്. അവരതെന്തിന്, എപ്പോൾ ആ തീരുമാനം എടുത്തു എന്ന് ആലോചിച്ചിട്ട് ഒരു ഉത്തരമൊട്ടു കിട്ടിയതുമില്ല. ഒരു നാൾ അറിയുന്നു അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്തിനടുത്തേക്ക് താമസം മാറുന്നു എന്ന്.ആ ഗ്രാമത്തിന്റെ അതിര് വിട്ടൊരു വിട്ടൊരു ലോകം അന്നോളം കണ്ടിട്ടില്ലാത്ത എനിക്കതൊരു ആകാംക്ഷ ആയിരുന്നെങ്കിലും വേര് പറിച്ചെടുത്തു എങ്ങോട്ടോ യാത്രയാകാൻ പോകുന്നു എന്ന തിരിച്ചറിവ് മനസ്സിലെവിടെയോ നോവായി കിടന്നു.അമ്മയെയും മൂന്നു പെൺമക്കളെയും ഒറ്റക്കാക്കി ദൂരെയെവിടെയോ പോയി ജോലിചെയ്യേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാവാക്കാനായിരിക്കാം അച്ഛനമ്മമാർ അങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന് പിന്നീട് മനസിലാക്കി.
പക്ഷെ അതൊരു സ്ഥിരമായ യാത്ര ആയിരുന്നില്ല. അവിടം മുതൽ യാത്രകൾ ആരംഭിക്കുകയായിരുന്നു. ഒന്നിന് പിറകെ മറ്റൊന്നായി, കൃത്യമായൊരിടവേളകൾ ഇല്ലാതെ ജീവിതം ഞങ്ങളെ പല ദേശങ്ങളിൽ പല ആളുകൾക്കിടയിൽ പുതുതായി എത്തുന്ന വാടകക്കാരാക്കി. അച്ഛന്റെ ജോലി സ്ഥലം മാറുന്നതിനനുസരിച്ചു ജീവിതം പുതിയ മേച്ചിൽപ്പുറങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. പക്ഷെ, അതിനുമൊരു അവസാനം ഞങ്ങൾക്ക് വേണ്ടി ജീവിതം കാത്തു വെച്ചിട്ടുണ്ടായിരുന്നു. സുഗമമായ ജീവിതസൗഭാഗ്യങ്ങളുടെ മടിയിൽ നിന്ന് ദുരിതക്കയങ്ങളുടെ അറ്റം കാണാത്തൊരു ആഴത്തിലേക്ക് നിഷ്ക്കരുണം ജീവിതം ഞങ്ങളെ, ഒരമ്മയെയും മൂന്നു പെണ്മക്കളെയെയും, തള്ളിയിട്ടു.
പെണ്മക്കളുള്ള ഏതൊരച്ഛനെയും പോലെ ഭാഗ്യപരീക്ഷണത്തിനായി അച്ഛൻ ഗൾഫ് എന്ന പച്ചത്തുരുത്ത് തേടി പോയ പോക്കിൽ, വലിയൊരു ചതിയിൽ പെട്ട് ബോംബയിലെവിടെയോ അകപ്പെട്ടു എന്നൊരറിവ് മാത്രം ഞങ്ങളെ തേടിയെത്തി. ഇടക്കെപ്പോഴോ വരുന്ന കത്തുകളിൽ നഷ്ട്ടപെട്ടതൊക്കെ തിരിച്ചു പിടിച്ചിട്ടേ ഇനിയൊരു മടക്കയാത്ര ഉള്ളൂ എന്ന തീരുമാനവും എത്തിക്കൊണ്ടിരുന്നു. പക്ഷെ അപ്പോൾ മുതൽ ഞങ്ങൾക്കും എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരുന്നു. അത് വരെ ഉണ്ടാക്കിയതൊക്കെ വിറ്റുപെറുക്കി ജീവിതം തിരികെ പിടിക്കാൻ അമ്മ ശ്രമിച്ചു കൊണ്ടേയിരുന്നു. ജീവിതം എത്ര വലിയ കഠിനതയിലൂടെ ആണ് കടന്നുപോകുന്നതെന്ന് മനസിലാക്കാൻ ഉള്ള പ്രായം ആയിരുന്നില്ലെങ്കിലും എത്രയോ രാത്രികളിൽ ഉറങ്ങാതെ കിടന്നൊരമ്മ കണ്ണീരൊഴുക്കിയിരിക്കാം എന്ന തിരിച്ചറിവ് പിന്നീടുള്ള ജീവിതം എപ്പോഴും ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു. അല്ലെങ്കിൽ, സ്വയം ഞാനെന്നെ ഓർമപ്പെടുത്തികൊണ്ടിരുന്നു.
വാടക വീട്ടിൽ അമ്മയും ഞങ്ങളും മാത്രം ബാക്കിയായി. സമ്പാദിച്ചതൊക്കെയും കൈവിട്ടു പോയി. അങ്ങനെ ഇഴഞ്ഞു നീങ്ങുന്ന ജീവിതത്തിലെ ഒരു പൊള്ളുന്ന വേനലവധി കഴിഞ്ഞുള്ള കർക്കിടകം, ജീവിതഗതിലേക്ക് മഴയുടെ മറ്റൊരു താളത്തെ പെയ്തിറക്കി..അതിനിടയിൽ അമ്മ ജീവിതം കരുപ്പിടിക്കാനുള്ള വേഷങ്ങൾ കെട്ടിത്തുടങ്ങിയിരുന്നു.. അന്യന്റെ അടുക്കളയിൽ അവരുടെ ജീവിതം പുകഞ്ഞു നീറി. പക്ഷെ കിട്ടുന്ന കൂലി വാടക കുടിശ്ശിക കൊടുത്തു തീർക്കാൻ പോലും തികയുമായിരുന്നില്ല. ഇറക്കി വിടുന്നതിൽ ക്രൂരത ഒഴിവാക്കാൻ ഉടമസ്ഥർക്ക് ചെയ്യാൻ ഒന്നേ ഉണ്ടായിരുന്നുള്ളു, പുതുക്കിപ്പണിയാൻ പോകുന്നു എന്ന് പറഞ്ഞകൊണ്ടവർ ആ വീടിന്റെ മേൽക്കൂര പൊളിച്ചിട്ടു. നാട്ടുകാരുടെ ഇടപെടലിൽ പൊളിക്കാതെ ഒഴിച്ചിട്ട ഷീറ്റിട്ട രണ്ട് മുറി ഒഴിച്ച്, വീട് ഒരു അസ്ഥിപഞ്ജരം പോലെ ഞങ്ങളെ നോക്കി പല്ലിളിച്ചു. തിമിർത്തു പെയ്യുന്ന മഴയിൽ വീടിനുള്ളിൽ വെള്ളം മുട്ടൊപ്പം നിന്നു എപ്പോഴും. രാത്രി, മുറിയിലെ വെള്ളം കോരിക്കളഞ്ഞ്, നനയാത്ത ഇടങ്ങളിൽ ഞങ്ങൾ കിടന്നുറങ്ങി. രാവിലെ കുടയും ചൂടി അമ്മ, അടുത്ത വീടുകളിലും ഒക്കെയായി ഞങ്ങൾക്ക് സ്ക്കൂളിൽ കൊണ്ട് പോകാൻ ചോറും കറിയും ഉണ്ടാക്കി കൊണ്ട് തന്നു.. തലയിലൊരു തോർത്തും കെട്ടി കഴുത്തിൽ കുട ഇറുക്കിപ്പിടിച്ചു കൊണ്ട് നിന്ന് അമ്മ മേൽക്കൂരയില്ലാത്ത അടുക്കളയിൽ അരച്ചുണ്ടാക്കി തന്നു വിട്ടിരുന്ന ചമ്മന്തിക്ക് കണ്ണീരിന്റെ ഉപ്പു കലർന്ന , മഴയുടെ രുചിയായിരുന്നു.
തിമിർത്തു പെയ്യുന്ന മഴയുമായി മല്ലിട്ട് നിൽക്കാൻ മേൽക്കൂരയില്ലാത്ത വീടിന്റെ ഭിത്തികൾക്ക് അധികകാലം കഴിഞ്ഞില്ല. ഒരു രാത്രിയിൽ പെയ്തുകൊണ്ടിരുന്ന മഴക്കൊപ്പം ഭയങ്കരമായൊരു ശബ്ദത്തോടെ ഞങ്ങൾ ഉറങ്ങിക്കിടന്ന മുറിയുടെ ഭിത്തി ഉൾപ്പെടെ തകർന്നു വീണു. ഉറങ്ങി കിടന്ന ഞങ്ങളുടെ ദേഹത്തേക്ക് ഒരു പൊടിക്കല്ലു പോലും വന്നു വീണില്ല എന്നത് അന്നും ഇന്നും അത്ഭുതമാണ്. സംഭവിക്കുന്നതെല്ലാം നല്ലതിനെന്നുള്ള വിശ്വാസത്തെ അതൊന്നുകൂടി ബലപ്പെടുത്തി. ആ രാത്രി തന്നെ, ഓടിക്കൂടിയ നാട്ടുകാർ മുൻകൈ എടുത്തു തൊട്ടടുത്ത വീട്ടിലെ ഉപയോഗ്യശൂന്യമായ കാലിത്തൊഴുത്ത് ഞങ്ങൾക്ക് വേണ്ടി ഒരുക്കിയെടുത്തു. അതേ, ജീവിതം ഞങ്ങളെ അവസാനം കൊണ്ടെത്തിച്ചു നിർത്തിയത് അവിടെ ആയിരുന്നു.. പക്ഷെ അതൊന്നിന്റെയും അവസാനം ആയിരുന്നില്ല അപ്പോഴും.. തുടക്കം മാത്രം ആയിരുന്നു.. വീണ്ടും തുടങ്ങാൻ പോകുന്ന പുതിയ യാത്രക്ക് വേണ്ടിയുള്ള ഒരുക്കത്തിനായി ഞങ്ങൾക്ക് വേണ്ടി കണ്ടെത്തപ്പെട്ട മറ്റൊരു വേദി..
പൊരുതാനുറച്ചൊരു അമ്മ കൂടെ ഉണ്ടായിരുന്നത്, മൂന്നു പെൺകുട്ടികളെ അവരുടെ സ്വന്തം വഴികൾ തെളിച്ചെടുക്കാൻ കഴിവുള്ളവരാക്കി. തകർന്ന വഴികളിൽ പകച്ചു നിൽക്കാതെ മനഃസ്ഥൈര്യം കൈമുതലാക്കി ഓരോ തരികളും കൂട്ടിപ്പെറുക്കി അമ്മ ഉണ്ടാക്കിഎടുത്ത പുതുവഴികൾ, അത് മാത്രമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം,അന്നും ഇന്നും..
Comments
Post a Comment