തോരണങ്ങളും, ആരവങ്ങളും
നീതിയുടെ കാഴ്ച മറച്ചൊരാ
കറുത്ത നാളിൽ
നിലവിളി കേട്ടില്ലൊരാളും.
അമ്മ മാത്രമായിരുന്നു ഞാൻ അപ്പോഴും.
കൈ നീട്ടി കേണതെന്റെ കുഞ്ഞിന്റെ
ജീവനായിരുന്നു.
കേൾക്കാൻ നേരമില്ലാത്ത
ചെവികളുണ്ടായിരുന്നു ചുറ്റിനും.
ചിതറിയോടുന്ന വേഗങ്ങളിൽ
പിന്തിരിഞ്ഞൊന്നു നിൽക്കാൻ,
കനിവോടെ കൈയൊന്നു നീട്ടിടുവാൻ,
ആരുമില്ലാത്തൊരീ ലോകത്തെ കഠിനത
കാത്തവൾ നിൽക്കാതെ
വിടചൊല്ലി, എന്നോടെന്നേക്കുമായി.
അകലെയെത്ര നാളുകൾ മായ്കിലും
മരണമെത്തുന്ന നാൾവരെ നീയെന്റെ
മറവി മൂടാത്ത ഓർമ്മതൻ വാടിയിൽ
ഇതൾ വിടർത്തുന്ന പൂവായിരുന്നിടും..
പിരിഞ്ഞിടും നേരത്തുമെന്റെ
കണ്ണിന്റെ മുന്നിൽ നീ,
പിറന്ന നാളിലെ കുഞ്ഞായിരുന്നു!!(കോട്ടയം നഗരത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ശക്തിപ്രകടനം മൂലമുണ്ടായ ഗതാഗതക്കുരുക്കിൽപെട്ടു അഞ്ചുവയസുകാരി 'ഐലിൻ', ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിയാത്തതിനാൽ ചികിത്സ കിട്ടാതെ അമ്മയുടെ മടിയിൽ മരണപ്പെട്ടത് വാർത്തയായിരുന്നു)
Comments
Post a Comment