ഒരേ നിറത്തിലുള്ള യൂണിഫോം ധരിച്ച, അതിഭയങ്കര പ്രണയസംഘർഷം ചാലിച്ച മുഖഭാവവുമായി രണ്ടു കമിതാക്കൾ എനിക്കെതിരെ ഇരിക്കുന്നുണ്ടായിരുന്നു .. ബസ് വരുന്നുണ്ടോ എന്ന് നോക്കുന്ന ഭാവത്തിൽ ആ പ്രണയകലഹത്തെ ഒളിഞ്ഞു നോക്കാതിരിക്കാൻ എനിക്ക് ആവുമായിരുന്നില്ല..അവരുടെ കലഹത്തിന്റെ എല്ലാ സംഘർഷങ്ങളുമായി ഇരുവരുടെയും സുഹൃത്തുക്കൾ ഇരുവശങ്ങളിലുമായി അവരെ വീക്ഷിച്ചു കൊണ്ട് നിൽക്കുന്നുണ്ട്.അവൾ കടുത്ത ദേഷ്യത്തിൽ ആണെന്ന് മുഖം പറയുന്നു. അവനെ ഗൗനിക്കാതെ മറ്റേതോ ലോകത്തിൽ ചിന്തയിലാണവൾ. പക്ഷെ മിണ്ടിയാൽ കരയും എന്ന ആ ഭാവം !! അവൻ എന്ത് വേണമെന്നറിയാതെ വിരലുകൾ അഴിച്ചും കൊരുത്തും അവളുടെ അടുത്തു നിന്ന് മാറാതെ !!! ഇടക്കവന്റെ കൂട്ടുകാർ അവനെ വിളിച്ചു. അവന്റെ തോളിൽ കൈയിട്ടു മാറി നിന്നവർ എന്തോ കാര്യമായി സംസാരിക്കുന്നു.. അവൾ അനക്കമില്ലാതെ ,അതേ നിലയിൽ.. ഉള്ളിലെ ചിന്താഭാരം മുഴുവൻ മുഖത്ത് കാണാം. അവൻ തിരിച്ചെത്തി.. എന്തോ അവളോട് പറയുന്നുണ്ട് .കേട്ട ഭാവം നടിക്കാതെ അവൾ.സഹികേട്ടിട്ടെന്നോണം അവനവളുടെ കൂട്ടുകാരിയെ വിളിച്ചു .. എന്നിട്ടും അവൾക്കു കുലുക്കമില്ല .. കൂട്ടുകാരിയുടെ മുഖത്ത് അവരുടെ വഴക്കിൽ ഒരു തീരുമാനം ആകാത്തതിന്റെ അസ്വസ്ഥത .ത...