പുകയുന്ന ഒരു നീർത്തുള്ളിയെ ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ ഒളിപ്പിച്ചാണവൾ, ഇന്നൊരു ചിരിയുടെ നനവണിഞ്ഞത്.. ഇനിയൊന്നും ബാക്കിയില്ലാത്തവൾ.. സ്വന്തങ്ങളില്ലാത്ത, ബന്ധങ്ങളില്ലാത്ത, കളിചിരികൾ പൂത്ത സൗഹൃദമില്ലാത്ത, സ്വപ്‌നങ്ങളില്ലാത്ത, പുതിയ, അപരിചിതമായൊരു ലോകത്തിൽ, ഒറ്റക്കായവൾ... ഇനി ബാക്കിയുള്ളത് അടിവയറ്റിൽ നാമ്പിട്ടൊരു ജീവൻ മാത്രം.. തൊട്ടാൽ തുടിക്കുന്നൊരു മിടിപ്പ് മാത്രം... ഓർമ്മകൾ കൊളുത്തി വലിക്കുമ്പോഴൊക്കെയും പല്ലുകടിച്ചൊതുക്കുന്ന വേദന മാത്രം... അവൾ, ഇരുണ്ട, നിറം മാഞ്ഞ, ഇടനാഴിയൊന്നിൽ അമ്മയെന്നൊരു വേദനയായി സ്വയം ജനിച്ചു വീണവൾ... മറഞ്ഞു പോയ, മറന്നുപോയ കൗമാര ദിനങ്ങൾക്കൊപ്പം ഉതിർന്നുടഞ്ഞ ഓർമകളെ ഇടനെഞ്ചിൽ ചുരക്കുന്ന പാൽമണമാക്കിയവൾ.... ഏൽക്കാനാരുമില്ലാത്ത, അനാഥമാക്കപ്പെട്ടൊരു മാതൃത്വത്തിന്റെ അവകാശി.. ആരുമല്ലാത്തൊരു നെഞ്ചോടു ചേർന്ന്, വേദന പൂത്ത ശരീരത്തിൽ; പിറന്നു വീണൊരു തേങ്ങലാൽ അമ്മയായി പുനർജനിച്ചവൾ.. ഉറഞ്ഞ വെറുപ്പിനെ കഴുകിക്കളഞ്ഞവൾ.. എവിടെയോ ആരോ ഒരുവൾ.. ആർക്കും ഒന്നുമല്ലാത്തവൾ.. ഇരയെന്ന്, ഒരു ചൂണ്ടയിൽ കൊരുത്ത, ആരും അറിയാതെ പോകുന്നൊരുവൾ...