പെയ്തു തീരില്ല എന്നു തോന്നും വിധം മഴ ശക്തിയാർജിച്ചു കൊണ്ടിരിക്കുന്നു. മുന്നിൽ റോഡും മരങ്ങളും നിഴൽ രൂപങ്ങളായി കാണാൻ കഴിയുന്നുണ്ട്. കാറിന്റെ മുന്നിലെ ചില്ലിലൂടെ ഒഴുകിയിറങ്ങുന്ന മഴയിൽ നോക്കി അവൾ നിശ്ശബ്ദമായിരുന്നു. അരികിൽ, ഡ്രൈവിംഗ് സീറ്റിൽ , അവനും. വളരെ നേരമായി സംസാരിച്ചിരുന്ന പല കാര്യങ്ങളിൽ നിന്നെന്തൊക്കെയോ ഓർത്തെടുക്കുന്നത് പോലെ ഇരുവരും നിശബ്ദരായി തുടർന്നു..അവൻ ഇടയ്ക്ക് തല ചെരിച്ചവളെ നോക്കിയെങ്കിലും വിദൂരതയിലേക്ക് നോക്കി സ്വയം മറന്നപോലെയിരിക്കുന്ന അവളെ ശല്യപ്പെടുത്തിയില്ല.കുറച്ചു നിമിഷങ്ങൾ കൂടി അങ്ങനെ ഇരുന്നതിനു ശേഷം അവൾ അവനെ നോക്കി. അവനും അവളെ നോക്കി ഒന്നു ചിരിച്ചു. ആ ചിരിയിലൊരു ബലമില്ലായ്മ അവൾക്ക് അനുഭവപ്പെട്ടു..
"അപ്പോൾ കല്യാണം ഇനി ഉടനെ ഉണ്ടാകുമല്ലേ" അവൾ നിശബ്ദത മുറിച്ചു.
അവൻ മുന്നിലെ മഴയിലേക്ക് നോട്ടം മാറ്റി.
" മിക്കവാറും ഉണ്ടാകും. എല്ലാവർക്കും ഇഷ്ടമായി. എല്ലാം കൊണ്ടും നല്ലതാണെന്ന് പറയുന്നു. അങ്ങനെ ആണെങ്കിൽ വരുന്ന ഡിസംബറിൽ കല്യാണം" . മുഖത്തേക്ക് ചിതറി വീണ മുടിയിഴകൾ അവൻ ഇടംകൈ കൊണ്ട് ഒതുക്കി വയ്ക്കുന്നത് അവൾ വെറുതെ നോക്കിയിരുന്നു.
"അപ്പോൾ താങ്കൾക്ക് കാണണ്ടേ പെൺകുട്ടിയെ?!
"എനിക്കങ്ങനെ പ്രത്യേകിച്ചു കാണണം എന്നൊന്നും ഇല്ല!!"
"അതെന്താ, ജീവിതത്തിലേക്ക് കൂട്ടാൻ പോകുന്ന ആളെക്കുറിച്ചു അറിയണ്ടേ ?!"
"അറിയാനൊക്കെ സമയം കിട്ടുമല്ലോ"!
അവൾ ഒന്നും മിണ്ടാതെ അവനെ നോക്കിയിരുന്നു."എന്തേ?!" അവളുടെ മുഖഭാവം കണ്ട് അവനല്പം ഉറക്കെ ചിരിച്ചു.
"ഏയ്.. ഒന്നുമില്ല..!! അവൾ തല ചലിപ്പിച്ചു.
ഒന്നും പറയാനില്ലാത്ത പോലെ ഒരു നിശബ്ദത അവർക്കിടയിൽ കുറച്ചു നേരം കൂടി തങ്ങി നിന്നു.
"പക്ഷെ..എന്തോ, എനിക്കൊരു പ്രത്യേകമായ ഇഷ്ടം ഉണ്ട്, താങ്കളോട്.." അവന്റെ സ്വരം അവളെ ചിന്തകളിൽ നിന്നുണർത്തി.
അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി.
" എന്ത് തരം ഇഷ്ടം?! അവൾ പെട്ടെന്ന് ചോദിച്ചു.
"ഇഷ്ടങ്ങളെ അങ്ങനെ നിർവചിക്കാനൊക്കെ കഴിയുമോ?! അവൻ വീണ്ടും ദുർബലമായി ചിരിച്ചു..
" കഴിയുമല്ലോ, ആർക്ക് ആരോട് എന്നതിനനുസരിച്ച് ഇഷ്ടങ്ങൾ എല്ലാം നിർവച്ചിക്കപ്പെടും.."
അവൻ സീറ്റിലേക്ക് ചാരി ഇരുകൈകൾ കൊണ്ട് സ്റ്റിയറിങ് വീലിൽ പിടിച്ചു..അവളെ നോക്കി വെറുതെ ചിരിച്ചു.
"പറയൂ.." അവൾ കൈകൾ മാറിൽ പിണച്ചിരുന്നു.
" ചോദ്യോത്തര പരിപാടിയാണോ?! അവൻ സീറ്റിലേക്ക് തല ചായ്ച്ചു വച്ചുകൊണ്ട് അവളെ നോക്കി.
"ചോദ്യങ്ങൾ ചോദിക്കാൻ എനിക്ക് ഇഷ്ടമാണ്.. ഒരു സ്റ്റേറ്റ്മെന്റ് നടത്തുമ്പോൾ പിന്നാലെ വരുന്ന ചോദ്യങ്ങൾ കൂടി പ്രതീഷിക്കാവുന്നതാണ്.." അവൾ ചിരിച്ചു.
" ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചില്ല."
" ഇപ്പോൾ ചിന്തിക്കാമല്ലോ.." അവൾ വിടാനുള്ള ഭാവമില്ലാത്ത മട്ടിൽ അവന്റെ നേരെ ചെരിഞ്ഞിരുന്നു.
"എന്തൊക്കെ തരം ഇഷ്ടങ്ങൾ ആണുള്ളത് മനുഷ്യർക്കിടയിൽ?! അവൻ മറുചോദ്യം ഉന്നയിച്ചു.
" പല പേരിൽ.സൗഹൃദം. പ്രണയം .കാമം.മോഹം. വാത്സല്യം.സഹോദര....
" പ്രണയം"..അവൾ പൂർത്തിയാക്കുന്നതിന് മുൻപ് അവനിടക്ക് കയറി..
....?!!!!
"പ്രണയം.. അതു തന്നെ.മാറ്റമില്ല.."തന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന അവളുടെ മിഴികളിൽ പ്രകടമായ അമ്പരപ്പ് കണ്ട് അവൻ ചിരിച്ചുകൊണ്ടു ചോദിച്ചു
"ഉത്തരം കിട്ടിയോ?!
അവൾ മറുപടി പറഞ്ഞില്ല.
"താങ്കളോടുള്ള ഇഷ്ടം എന്താണെന്നുള്ളതിനു ഇതിൽ കൂടുതലൊരു വിശദീകരണം തരാൻ എനിക്കാവില്ല. വേറെന്തു പറഞ്ഞാലും അതൊരു നുണയാകും. ഇത് , ഇപ്പോൾ, ഈ നിമിഷം തോന്നിയതൊന്നുമല്ല. വർഷങ്ങളായി എന്റെ മനസിലുള്ളതാണ്, തമ്മിൽ സംസാരിച്ചു തുടങ്ങിയതിന്റെ ഇടക്കെപ്പോഴോ. അതുണ്ടായത് പെട്ടെന്നും അല്ല, സമയമെടുത്ത് തന്നെയാണ്. പക്ഷെ, പറയാനുള്ളൊരു ധൈര്യം എനിക്കില്ലായിരുന്നു.അങ്ങനെ ഒരു സാഹചര്യം നമുക്കിടയിൽ ഉണ്ടായിരുന്നുമില്ല. ഞാൻ എന്തെങ്കിലും പറഞ്ഞു എന്ന കാരണത്താൽ നമ്മുക്കിടയിലുള്ള സൗഹൃദം നഷ്ടപ്പെടുന്നതിനോട് എനിക്കൊട്ടും താല്പര്യം ഇല്ലായിരുന്നു.എനിക്ക് താങ്കൾ എന്റെ ജീവിതത്തിൽ, അത്ര പ്രാധാന്യം ഉള്ള വ്യക്തിയാണ്. പറയാതിരുന്നാൽ പറഞ്ഞില്ല എന്നേ ഉള്ളു, പക്ഷെ, താങ്കൾ എപ്പോഴും എന്റെ കൂടെ കാണുമല്ലോ..ഇപ്പോൾ ഇങ്ങനെ ഇത് പറയുമെന്നും ഞാൻ കരുതിയതല്ല..പ്രണയം മാത്രമല്ല, താങ്കളെ ഒന്നെന്റെ നെഞ്ചോടു ചേർത്തു പിടിക്കണം എന്നും, ചുംബിക്കണം എന്നുമൊക്കെ ഉണ്ട് ആഗ്രഹം, കാലങ്ങളായി.പക്ഷെ എന്തോ, ആഗ്രഹങ്ങൾ അങ്ങനെ തന്നെ നിലനിന്നോട്ടെ എന്നു കരുതിയിരുന്നു..താങ്കളുടെ സാമീപ്യം തന്നെയാണ് എനിക്ക് മറ്റെന്തിനെക്കാളും വലുത്..." കാലങ്ങളായി കരുതി വച്ചതൊക്കെ പറഞ്ഞു തീർത്തത് പോലെ അവൻ ചെറുതായി കിതച്ചു..
"പിന്നെയെന്തു കൊണ്ടിപ്പോൾ ?!
" അറിയില്ല. പറയാതിരിക്കാനാവാത്ത വിധം എന്തോ ഒന്നെന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു.അതാണ് സത്യം.." അവർ കുറച്ചു നിമിഷങ്ങൾ പരസ്പരം നോക്കിയിരുന്നു. അവൾ പെട്ടെന്ന് നോട്ടം മാറ്റി കാറിന്റെ ചില്ലുകൾ താഴ്ത്തി. മഴ നനഞ്ഞു കുതിർന്നൊരു തണുത്ത കാറ്റ് കാറിനുള്ളിലേക്ക് ഒഴുകിയിറങ്ങി.
"മഴ മാറി.." അവൾ ആകാശത്തേക്ക് നോക്കി കൊണ്ട് തുടർന്നു " നമുക്ക് പോയാലോ.. ലേറ്റ് ആകുന്നു.."
അവനൊന്നും മിണ്ടിയില്ല. കാർ പാർക്ക് ചെയ്തിരുന്ന റോഡിനു മറുവശം വൈദ്യുതി പോസ്റ്റുകളിൽ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി. നേർത്ത മഴനൂലുകൾ വെളിച്ചം തട്ടി തിളങ്ങുന്നത് അവൻ നോക്കിയിരുന്നു. അവളും കുറച്ചു നേരം ചിന്തയിൽ മുഴുകിയിരുന്നു. അല്പം കഴിഞ്ഞ് അവൾ അവനെ നോക്കി. അവനപ്പോഴും അതേ ഇരുപ്പ് തുടർന്നു.
"താങ്കൾ ഇത് കുറച്ചു നേരത്തെ എന്നോടൊന്ന് സൂചിപ്പിക്കാമായിരുന്നു..!! അവളുടെ സ്വരത്തിൽ വേദനയുടെ നിഴൽ വീണു കിടന്നു. അത് ശ്രദ്ധിച്ചിട്ടെന്നവണ്ണം അവൻ അവളുടെ നേരെ തിരിഞ്ഞിരുന്നു.
" ഞാൻ പറഞ്ഞില്ലേ, ഏതെങ്കിലും വിധത്തിൽ താങ്കൾ എന്നെ തിരസ്കരിക്കുമോ എന്ന പേടി.ഇപ്പോൾ വരെ താങ്കൾ എനിക്ക് തന്നിരുന്ന സ്ഥാനത്തിന് അപ്പുറത്തേക്ക്, താങ്കളുടെ ലോകത്തേക്ക് എനിക്കു കടന്നു വരാൻ കഴിയുമോ എന്ന ആത്മാവിശ്വാസക്കുറവ്.. അങ്ങനെ എന്തെല്ലാമോ ഉണ്ടായിരുന്നു കാരണങ്ങളായി.." അവന്റെ സ്വരം താഴ്ന്നു.
" എനിക്ക് മനസിലായി.ഇടക്കൊക്കെ ഞാനും സംശയിച്ചിരുന്നു, എനിക്ക് താങ്കൾ ആരാണ് എന്നും എന്താണ് എന്നും ചിന്തിച്ചിരുന്നു.. പരസ്പരം പറയാനാവാത്ത എന്തോ ഒന്ന് നമുക്കിടയിൽ ഉണ്ടെന്ന് തോന്നിയിരുന്നു.. പക്ഷെ അത് വെറും സംശയം മാത്രമാണെങ്കിൽ താങ്കളുടെ മുന്നിൽ ചെറുതായി പോകുമോ എന്ന പേടി എന്നെയും ആ സംശയം ചോദിക്കുന്നതിൽ നിന്നു പിന്തിരിച്ചു?! അവളൊന്നു ചിരിച്ചു. അവൻ കണ്ണുമയ്ക്കാതെ അവളെ തന്നെ നോക്കിയിരുന്നു..അവൾ തുടർന്നു.
"പക്ഷെ , എപ്പോഴാണെങ്കിലും , താങ്കൾ എന്നോട് പറഞ്ഞിരുന്നെങ്കിൽ....എന്റെ ഉത്തരം ഒരുപക്ഷെ..."അവളൊന്നു നിർത്തിയിട്ടു അവനെ നോക്കി. അവനു തന്റെ ഹൃദയമിടിപ്പ് കൂടുന്നതായി തോന്നി...
".....ഒരു പക്ഷെ ,ഞാനൊരിക്കലും ഒരു 'നോ' പറയുമായിരുന്നില്ല.കാരണം എപ്പോഴൊക്കെയോ, താങ്കളുടെ വാക്കുകളിൽ, നോട്ടങ്ങളിൽ എനിക്കത് അനുഭവിക്കാൻ പറ്റിയിട്ടുണ്ട്.എപ്പോഴെങ്കിലും എന്നോട് അങ്ങനെ ഒന്നു പറഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിട്ടുണ്ട് " അവൾ പറഞ്ഞു നിർത്തിയിട്ട് അവനെ നോക്കാതെ തന്റെ മടിയിൽ വച്ചിരുന്ന കൈകളിലേക്ക് നോക്കിയിരുന്നു. ഇനിയും എന്തൊക്കെയോ പറയാനുണ്ട് എന്ന വിധം അവളുടെ ചുണ്ടുകൾ വിറകൊണ്ടു നിന്നു..അവനൊന്നും മിണ്ടുന്നില്ല എന്നു കണ്ട് അവൾ മുഖമുയർത്തി വീണ്ടും അവനെ നോക്കി. സ്റ്റിയറിംഗിൽ പിടിച്ചു കൊണ്ട് അവൻ റോഡിലേക്ക് തന്നെ നോക്കിയിരുന്നു.അവന്റെ ഉള്ളിൽ എന്തൊക്കെയോ സംഘർഷങ്ങൾ നിറഞ്ഞിരിക്കുന്നതായി അവൾക്ക് തോന്നി..
"പക്ഷെ ഇതിപ്പോൾ പറഞ്ഞ അവസരം വളരെ താമസിച്ചതായി പോയി.. അല്ലെ?!
നമ്മൾ എപ്പോഴും ലേറ്റ് ആണ്.. , പരിചയപ്പെടാൻ താമസിച്ചു, പരസ്പരം കാണാൻ താമസിച്ചു,
കുറെ വർഷങ്ങൾ ഉള്ളിലുണ്ടായിരുന്നത് പറയാൻ കൂടി താമസിച്ചു.." ഒരു തമാശ പറഞ്ഞത് പോലെ അവൾ ശബ്ദമുയർത്തി ചിരിച്ചു. അവൻ ചിരിച്ചില്ല.
"ഞാനൊരു കാര്യം പറയട്ടെ?! അവൻ പെട്ടെന്ന് അവളെ നോക്കി. അവൾ എന്ത് എന്ന അർത്ഥത്തിൽ അവന്റെ മുഖത്തു നോക്കി.
"എനിക്ക്..എനിക്ക് താങ്കളെ ഒന്നു ചുംബിച്ചാൽ കൊള്ളാമെന്നുണ്ട്.. ഞാൻ പറഞ്ഞല്ലോ ,വളരെ കാലം മുൻപ് തന്നെ.." അവൾ ഒന്നു പകച്ചു..എന്തു പറയണം എന്നറിയാതെ അവൾ നോട്ടം മാറ്റി. ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം
അവൾ എന്തോ പറയാൻ തുടങ്ങിയതും അവൻ തടഞ്ഞു..
"എന്റെ ഒരു ആഗ്രഹം പറഞ്ഞതാണ്. എന്റെ ഭാഗത്തു നിന്ന് ഒരു നിർബന്ധങ്ങളും ഇല്ല. താങ്കളുടെ ഇഷ്ടമാണ് പ്രധാനം. ഞാൻ പറഞ്ഞു എന്ന പേരിലോ, ഞാൻ ആണെന്നതിനാലോ താങ്കൾ ഒരു ഉത്തരം പറയണം എന്നില്ല. ഇപ്പോഴല്ലെങ്കിൽ ഇനി ഒരിക്കലും അതെനിക്ക് പറയാൻ കഴിയില്ല എന്ന് തോന്നി. ഇനിയെങ്കിലും പറയണം എന്നും..എന്റെ മനസിൽ ,താങ്കൾ എനിക്ക് വെറുമൊരു സുഹൃത്ത് അല്ല.കാലങ്ങളായി ആഗ്രഹിച്ച പ്രണയം ഞാൻ കണ്ടെത്തിയത് താങ്കളിൽ ആണ്. താങ്കൾക്ക് എന്നോട് അങ്ങനെ ഒന്നുണ്ടോ എന്നു മനസിലാക്കാൻ കഴിയാഞ്ഞത് കൊണ്ട് എനിക്കു താങ്കളോടുള്ളത് സൗഹൃദം എന്ന പേരിൽ ഞാൻ എന്നെ തന്നെ വഞ്ചിച്ചു കൊണ്ടിരുന്നു എന്നു വേണം പറയാൻ.
പക്ഷെ, ഈ ആഗ്രഹങ്ങളെല്ലാം എനിക്ക് എന്റെ ഉള്ളിൽ തന്നെ പൂട്ടി വയ്ക്കാനും പറ്റും, എത്ര കാലം വേണമെങ്കിലും.."
"പക്ഷെ... അവൾ അവന്റെ മുഖത്തേക്ക് അല്പം ദയനീയമായി നോക്കി. "പക്ഷെ.. നമ്മൾ താമസിച്ചു പോയില്ലേ..ഇനി ഇപ്പോൾ താങ്കളുടെ കല്യാണം....
" ഐ ജസ്റ്റ് ഡോണ്ട് കെയർ..." അവൻ അവളെ പൂർത്തിയാക്കാൻ സമ്മതിച്ചില്ല. "എന്നെ സംബന്ധിച്ച് നമുക്കിടയിൽ നില നിൽക്കുന്ന മറ്റു കാരണങ്ങൾ ഒന്നും തന്നെ എനിക്ക് താങ്കളോടുള്ളതിനു ഒരു തടസ്സമല്ല , മറ്റൊന്നിനാലും ഇല്ലാതായി പോകുന്ന ഒരു തോന്നലുമല്ല അത്.." അവന്റെ മുഖത്തെ നിശ്ചയദാർഢ്യം കണ്ട് അവൾക്ക് തന്റെ ഹൃദയത്തിൽ നിന്നൊരു വേദന മുളച്ചു പൊന്തി , തൊണ്ടക്കുഴിയിലെത്തി ഒരു കരച്ചിലായി വേരുപിടിക്കുന്നത് പോലെ തോന്നി. കൈവിരലുകൾ പിണച്ചും അഴിച്ചും അവൾ കുറച്ചു നേരം അനങ്ങാതെ ഇരുന്നു.
"പോകാം.. ഇനിയെന്നാണ് ഇതുവഴി" ?! അവളുടെ ഇരുപ്പ് ശ്രദ്ധിച്ചിട്ട് അവൻ
ചോദിച്ചു.. അവളൊന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് വെറുതെ നോക്കി..അവൻ സീറ്റ് ബെൽറ്റ് വലിച്ചിട്ടു.
അവളൊന്നു ദീർഘമായി നിശ്വാസിച്ചു. "
ഇനി വരണോ?! "
"എല്ലാം താങ്കളുടെ ഇഷ്ടമാണ്.." അവൻ ചിരിച്ചു.
"അപ്പോൾ പിന്നെയും ആ ചുംബനം കടമായി നിൽക്കില്ലേ?!! അവളുടെ ചോദ്യത്തിൽ അവന്റെ കണ്ണുകൾ വിടർന്നു. ആദ്യമായി കാണുന്നത് പോലെ അവൻ അവളെ നോക്കി. അവൾ സൈഡിലെ ഡോറിൽ കൂടി പുറത്തേക്ക് നോക്കിയിരുന്നു. എന്തു പറയണം എന്നറിയാത്ത കുറെ നിമിഷങ്ങൾ അവർക്കിടയിൽ കടന്നു പോയി.
"ലേറ്റ് ആകുന്നു.." അവൾ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് വാച്ചിൽ നോക്കി.അവൾക്കെന്തു കൊണ്ടോ അവനു നേരെ നോക്കാൻ കഴിഞ്ഞില്ല.
"പോകാം ..ആ കടം വീട്ടാൻ എനിക്ക് ഇന്ന് കഴിയുമെങ്കിൽ!!.." അവന്റെ സ്വരം മഴ വീണു നനഞ്ഞത് പോലെ ആർദ്രമായി..
മറുപടി പറയാതെ അവൾ ചിരിച്ചു..അവളെ നോക്കുമ്പോഴെല്ലാം അവന്റെ ഹൃദയം അതിദ്രുതം മിടിച്ചു കൊണ്ടിരുന്നു. അവന്റെ നോട്ടങ്ങളിൽ അവൾക്ക് തണുത്തിട്ടെന്നവണ്ണം വിറയൽ അനുഭവപ്പെട്ടു..
" അങ്ങനെ എങ്കിൽ...." അവൾ പാതിയിൽ നിർത്തി... അവൻ ആകാംക്ഷയോടെ അവളുടെ മുഖത്ത് നോക്കി..
"അങ്ങനെ എങ്കിൽ നോക്കാം..."
ഉം..?!
"ലെറ്റ്സ് കിസ്സ്.." അവളവന്റെ മുഖത്തു നോക്കാതെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.."ഇപ്പോൾ..ഇവിടെ വച്ച്.."
പ്രണയം നിറഞ്ഞ മിഴികളാൽ അവൻ അവളെ നോക്കികൊണ്ട്, സീറ്റ് ബെൽറ്റിൽ നിന്നു സ്വതന്ത്രനായി അവൾക്ക് നേരെ തിരിഞ്ഞിരുന്നു. അവളുടെ കവിളുകളിൽ ഇരുകൈകളും ചേർത്തു കൊണ്ട് അവൻ അവളുടെ മുഖത്തേക്ക് അഗാധമായി നോക്കി. തന്റെ ആത്മാവോളം ആഴത്തിൽ ചെല്ലുന്ന ആ നോട്ടത്തെ നേരിടാൻ അവൾക്ക് അല്പം ധൈര്യക്കുറവ് അനുഭവപ്പെട്ടു. അവന്റെ കൈകളുടെ ചൂട് തന്റെ ശരീരത്തിൽ ഒരു വിറയലായി പടരുന്നുണ്ടെന്നു അവൾക്ക് തോന്നി. അടക്കാനാവാത്ത ഉൾപ്രേണരണയാൽ അവനവളുടെ ചുണ്ടുകളിലേക്ക് മുഖം താഴ്ത്തി. അവന്റെ ശ്വാസോച്ഛ്വാസത്തിന്റെ വേഗത്തിനൊപ്പം പുറത്ത് വീണ്ടും മഴയ്ക്കു ശക്തി കൂടുന്നത് അവളറിഞ്ഞു. ചുണ്ടും നാവും പരസ്പരം തേടിയ ഏതാനും നിമിഷങ്ങൾക്കവസാനം അവൻ അവളുടെ മുഖം സ്വതന്ത്രമാക്കി.അവൾ അല്പം കിതച്ചു കൊണ്ട് അവനെ നോക്കി..
" ഇത്ര ശ്വാസം മുട്ടിക്കുമെന്നു കരുതിയില്ല"
അവളുടെ മുഖത്തൊരു കുസൃതി നിറഞ്ഞു. അവൻ പെട്ടെന്ന് കൈ നീട്ടി അവളെ നെഞ്ചോടു വലിച്ചടുപ്പിച്ചു. കൈകൾ പുറത്തു കൂടി ചുറ്റി അവളെ തന്റെ ശരീരത്തോട് ചേർത്തു പിടിച്ച് അവളുടെ ചുണ്ടുകളിൽ വീണ്ടും അമർത്തി ചുംബിച്ചു. അവളവന്റെ കഴുത്തിൽ കൈ ചുറ്റി അവനിലെ പ്രണയത്തിന്റെ അടക്കിനിർത്താനാവാത്ത ആഗ്രഹത്തെ അറിഞ്ഞു.അവനിടക്ക് മുഖം ഉയർത്തി അവളെ നോക്കി..പുറത്ത് തെളിഞ്ഞ സ്ട്രീറ്റ് ബൾബുകളുടെ വെളിച്ചം അവളുടെ മുഖത്തും കഴുത്തിലുമായി ചിതറി കിടന്നു. അവൻ ഒരു നിശ്വാസത്തോടെ അവളുടെ മുഖം തന്റെ നെഞ്ചിൽ ചേർത്തു പിടിച്ചു. അവന്റെ താളം തെറ്റി മിടിക്കുന്ന ഹൃദയത്തുടിപ്പുകൾ കേട്ടുകൊണ്ട് , അല്പനേരം അവന്റെ നെഞ്ചിൽ മുഖം അമർത്തി ഇരുന്നതിനു ശേഷം അവൾ മുഖമുയർത്തി. അവൻ അവളെ നോക്കി.
" പോകാം..?1
അവൾ മറുപടിയെന്നോണം ചെറുതായി തല ചലിപ്പിച്ചു.
"ഇനി?! "
"വരാം..കാണാം..ഇനിയും സമയമുണ്ടല്ലോ, അടുത്ത ഡിസംബർ വരെ..! അവൾ അവനെ നോക്കിയില്ല.
"അതെന്താ ഡിസംബർ വരെ?! കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
അവൾ മറുപടി പറയാതെ ചിരിച്ചു.
Comments
Post a Comment