Skip to main content

Posts

Showing posts from April, 2020

കഴിഞ്ഞതൊക്കെയും

അവളുടെ ഉള്ളിൽ നിരന്തരം അലയടിച്ചിരുന്ന തിരകൾ ഓരോന്നായി അടങ്ങിയിരിക്കുന്നു.. തീ പോലെ ജ്വലിച്ചിരുന്ന കനലുകൾ  മങ്ങിയിരിക്കുന്നു.. മഴ പോലെ പെയ്തിരുന്ന നേരങ്ങൾ ഒഴിഞ്ഞിരിക്കുന്നു.. പറയാൻ കൂർപ്പിച്ചൊരുക്കിയ വാക്കുകൾ മറന്നു പോയിരിക്കുന്നു.. പിന്നെയും കാലങ്ങൾ എടുത്ത് ഉള്ളിലൊരു കോണിൽ നിന്ന്‌ അവൾ രൂപമില്ലായ്മ അണിഞ്ഞിരിക്കുന്നു.. തടയാൻ കഴിയാത്തൊരു കൊടുങ്കാറ്റിനൊപ്പം നടക്കാൻ  അവൾ പഠിച്ചിരിക്കുന്നു.. പിന്നിലെ വഴികളിൽ നിറഞ്ഞു കിടന്ന അവ്യക്തത ഒക്കെയും തുടച്ചെടുത്തു മുന്നോട്ടു പോയിത്തുടങ്ങിയിരിക്കുന്നു.. ചുവടുകൾ ഉറച്ചിരിക്കുന്നു..

ചില ദിവസങ്ങളിൽ

ഇടയ്ക്കൊക്കെ ജനാലക്കരികിൽ..! എന്നെ ശ്രദ്ധിക്കാതെ ഉറുമ്പുകൾ നിരനിരയായി പോകാറുണ്ട് , എന്റെ വഴിയിൽ നിന്നു ഒഴിഞ്ഞുമാറി , ധൃതിയിൽ..! മുറ്റത്തൊരു കറുമ്പൻ പൂച്ച അവന്റെ വഴി തടഞ്ഞു നിൽക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട് , ഞാൻ ഗൗനിക്കാറില്ലെങ്കിലും.. ഇലകൾ വീണ്ടും പൊട്ടിതളിർത്ത മുരിങ്ങയുടെ ചില്ലകൾ ചൂട് കൊണ്ട് തളർന്നു മുരളുന്നുണ്ട്, പലപ്പോഴും.! പല നേരം പലതരം പിന്നാമ്പുറക്കാഴ്ചകൾ ജനലോരം എത്തുന്നുണ്ട്, ഒട്ടും പ്രതീക്ഷിക്കാതെ ഇടക്ക് തുള്ളിയിട്ടു പെയ്തു തുടങ്ങുന്ന മഴമേഘങ്ങൾക്കൊപ്പം.. ഇടയ്ക്കൊക്കെ കട്ടിലിൽ തന്നെ..! തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാനിന്റെ ഒച്ച മാത്രം ഇറങ്ങി വരും.. മറ്റെല്ലാം നിശബ്ദതയിൽ ആയിരിക്കും.. അപ്പോൾ മാത്രം കിനാവള്ളിയിലൂർന്നിറങ്ങുന്ന ചില ഓർമകൾ പെയ്തു കൊണ്ടിരിക്കും മുറിനിറയെ.. പുറത്തോ അകത്തോ എന്നറിയതെയുള്ള പെയ്ത്തിൽ ഒഴുകിഒഴുകി ഞാൻ മാത്രം അകന്നു പോകുകയും ചെയ്യും.. ഇടക്കൊക്കെ മേശക്കരികിൽ..! പുസ്തകങ്ങൾ ചിതറി കിടക്കുന്നുണ്ട്.. പലനിറത്തിൽ ചായങ്ങൾ ഉണ്ട്.. ഏറ്റവും ഇഷ്ടപ്പെട്ടൊരു പേജിൽ വെറുതെ വിരലുകൾ തഴുകി മുഴുകി ഇരിക്കാറുണ്ട്.. തെന്നി തെന്നി നിന്നിലേക്ക് കുതറാൻ ശ്രമിക്...

ഒരേ കാലമെന്ന സാധ്യതകൾ

ഇഴയടുപ്പങ്ങൾക്ക് ഒരു സാധ്യതയുമില്ലാതിരുന്ന വിദൂരമായ കാലങ്ങളിലിരുന്നാണ് നാം ഒരേ സ്വപ്നങ്ങളെ പകലിരവുകൾക്കൊപ്പം ചേർത്തിരുന്നത്.. സമയ സഞ്ചാര പഥങ്ങൾക്കിപ്പുറം അതേ സ്വപ്നങ്ങളുടെ അർത്ഥതലങ്ങളാണ് നമ്മെയിന്ന് മുഖാമുഖം ചേർത്തു നിർത്തിയിരിക്കുന്നതും. ഞാൻ വിരൽതൊട്ടു കാട്ടിത്തന്ന ഓരോ ജാലകങ്ങൾക്കുമപ്പുറം നീയും അതേ പാതയിൽ നിന്റെ മാത്രം ചിന്തകൾക്കൊപ്പം നടന്നിരുന്നു. ദീർഘ ദൂരം നടന്നവസാനം, കാലങ്ങൾക്കിപ്പുറം ഇരുകരകൾക്കിരുവശം എത്തി നിൽക്കുമ്പോൾ, ഒരേ ദിശയിൽ കാണുന്നുണ്ട് നാം കണ്ടുപേക്ഷിച്ച സ്വപ്നങ്ങളുടെ , ഇന്നും അവശേഷിച്ചിരിക്കുന്ന ചില വെയിൽ നിഴലുകൾ. തെളിഞ്ഞും മാഞ്ഞും നമ്മുടെ മുന്നിൽ തന്നെയുണ്ടൊരു മൂവന്തി നേരം. ചായം കലർന്നൊഴുകുന്ന പോലെയൊരു പുഴ. തീരത്ത് , നാം ചേർന്നിരുന്നു നെയ്തുകൂട്ടിയ കിനാവലകൾ വീണുകിടക്കുന്ന നീളൻവരാന്തയുള്ളൊരു വീടിന്റെ മണ്ചുവരുകളും.. നിന്റെ നെഞ്ചിൽ,വിയർപ്പിലൊട്ടികിടന്ന നിമിഷങ്ങളുടെ കിതപ്പാറാത്ത ആ ഒറ്റമുറി വീടിന്റെ നിഴലോർമ്മകളിലാണ് നാമിന്ന് നമ്മെ തിരഞ്ഞു ചെന്നെത്തിയിരിക്കുന്നത്. ഒരേ കാലങ്ങളിൽ, ഒരേ നേരങ്ങളിൽ, ഒരേ നിറങ്ങളിൽ, ഒരേ വിചാരങ്ങളിൽ, എത്രയെത്ര ദൂരങ്ങളിലേക്കാണ് നാം പരസ...