ഇന്നലെയും ഓർമകളിൽ എവിടെയോ നീ വീണ്ടും ജനിച്ചിരുന്നു.
അപ്രതീക്ഷിതമായി എന്നു പറയുന്നതായിരിക്കും നല്ലത്.
പണ്ടൊരിക്കൽ വാക്ക് പറഞ്ഞൊരു യാത്രയിൽ നിന്നു നീ പിന്മാറിയതും, പിന്നെയൊരിക്കൽ അനുവാദം ഇല്ലാതെ എന്റെ വാസസ്ഥലത്തേക്ക് ഇടിച്ചുകയറി വന്നതുമൊക്കെ എനിക്ക് അപ്രതീക്ഷിതമായ ചെറിയ ചെറിയ ഞെട്ടലുകൾ നല്കികൊണ്ടായിരുന്നല്ലോ.
അതുകൊണ്ടു തന്നെ മുൻകൂട്ടിയല്ലാത്തൊരു നിമിഷത്തിന്റെ സൂചനയെ ഞാനെപ്പോഴും മനസിൽ കരുതാറുണ്ട്.
അതുകൊണ്ടായിരിക്കാം പെട്ടെന്നൊരു നാൾ എവിടേക്കെന്നു പറയാതെ, എന്തിനെന്ന് പറയാതെ, പ്രതീക്ഷിക്കാൻ കഴിയുന്ന സൂചനകൾ ഒന്നും നൽകാതെ നീ അങ്ങു മാഞ്ഞപ്പോഴും എനിക്ക് വലിയ ഞെട്ടൽ തോന്നാതിരുന്നത്.
ഇന്നലെ എന്റെ മുറിയിലെ ജനാലയിൽ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട മഞ്ഞ നിറമുള്ള വിരിയിടുമ്പോൾ തോന്നിയിരുന്നു നീ എന്റെ പുറകിലെ കസേരയിൽ ഇരുന്നെന്നെ എന്തോ പറഞ്ഞ് കളിയാക്കുന്നുണ്ട് എന്ന്.
നിന്റെ ആ പറയാത്ത യാത്രയ്ക്ക് ശേഷം ആദ്യമായാണ് അങ്ങനെ ഒരു ഓർമ നിന്നെ കുറിച്ച് ഉണ്ടാകുന്നത്.
അല്ലെങ്കിലും മഞ്ഞ പോലെ മായാതെ നിൽക്കണം എന്നു പറഞ്ഞാണല്ലോ നീ ആ ജനാലവിരി എനിക്ക് വേണ്ടി തിരഞ്ഞെടുത്തത്.
മഞ്ഞവിരി മാറ്റുമ്പോൾ മുറ്റത്തെ പടർന്നു പന്തലിച്ച മഞ്ഞ കടലാസുപൂക്കളുകളുടെ കാഴ്ചക്ക് ചന്തമേറും എന്നും നീ പറഞ്ഞ ഒരു ഓർമ എനിക്കുണ്ട്.
നീ പോയതിനു ശേഷം ഞാൻ ആ ജനാല വാതിൽ തുറന്നിട്ടുമില്ല..
ഓർമകളുടെ മഞ്ഞ വെയിലിൽ പൂക്കുന്നതൊന്നും നീയുമായി കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിച്ചതുമില്ല..!!
നിന്റെ ഒരു തിരിച്ചുവരവിന്റെ സൂചനകളിലേക്ക് തിരിയുന്ന, ഓർമകളുടെ താക്കോൽകൂട്ടം വലിച്ചെറിഞ്ഞു കളയാം എന്നു ഞാൻ പലവട്ടം കരുതിയതാണ്.
അപ്പോഴൊക്കെയും ഇതുപോലെ ഏതെങ്കിലും ഒരു കാരണത്താൽ അപ്രതീക്ഷിതമായി നീ എന്നിൽ എവിടെ എങ്കിലും വന്നു മുളച്ചു നിൽക്കും.
പിന്നെ എത്ര ദിവസങ്ങൾ ഞാൻ എന്നെ കനച്ച വേനലിൽ കുളിപ്പിച്ചെടുത്തിട്ടാണെന്ന് അറിയുമോ ആ മഞ്ഞനാമ്പുകളെ കരിച്ചു കളയുന്നത്..!
ഏതെങ്കിലും ഒരു തീരത്ത് പുതുമണ്ണിൽ നീ നിന്റെ വേരുകൾ ആഴ്ത്തി കഴിഞ്ഞിരിക്കാം എന്ന് വെറുതെ തോന്നാറുണ്ട്.
പറിച്ച് എറിയാൻ അത്രമേൽ കാരണങ്ങളില്ലാതെ നീ ഒന്നിൽ നിന്നും വേരടർന്നു പോകില്ല എന്നു എനിക്ക് അറിയാവുന്നതാണല്ലോ..!
പക്ഷെ,ചുരുങ്ങി തീർന്നുകൊണ്ടിരിക്കുന്ന ഓർമകളുടെ അവസാന ശ്വാസവും നിലച്ചു കഴിഞ്ഞാൽ തിരികെ എത്താൻ നിനക്ക് മറ്റൊന്നും അവശേഷിക്കാത്ത വിധം ഞാൻ എന്റെ വാതിൽ പൂട്ടിയേക്കാം..!!
നീ ബാക്കി വച്ചതിലേറ്റവും പ്രിയപ്പെട്ടൊരു മഞ്ഞവിരിയിട്ടു ഞാൻ എന്നെ നിന്നിൽ നിന്നു വേർപെടുത്തിയെടുത്തേക്കാം..!!
ഇത്രയധികം ഓർമകളുടെ ബാഹുല്യം എനിക്ക് ബാധ്യതയായി തുടങ്ങിയിരിക്കുന്നു..!
എന്റെ കടലാസു ചെടികൂട്ടങ്ങൾക്കിടയിലേക്ക് ഇനിയൊരു മഞ്ഞ വസന്തം കൂടി എത്തി കഴിഞ്ഞാൽ നീ എന്റെ ഓർമകൾക്ക് പിന്നിൽ നിത്യമായി ഉറങ്ങി തുടങ്ങും..!!
പിന്നെയൊരിക്കൽ കൂടി ഉണരാത്ത വിധം!!
Comments
Post a Comment