ഇടറി വീഴാതിരിക്കാൻ ഹൃദയം കൊരുത്തിട്ടതൊക്കെ
മൂർച്ചയേറിയതെന്തിലോ ആയിരുന്നു.
പൊടിഞ്ഞൊഴുകിയ വേദനകളെ
ചേർത്തുനിർത്തലെന്നു കരുതി പുണർന്നു കൊണ്ടിരുന്നു.
വരിഞ്ഞു മുറുകിയതൊക്കെ കല്പനികമായതെന്തോ എന്ന്
ഇടറിചിരിച്ചു.
ഇരുണ്ട ഇടനാഴികളിൽ ഒഴുക്കിത്തീർത്ത
വേദനകളൊക്കെ ഒരു വിഡ്ഢിയുടെ വിലാപം എന്നു പരിഹസിച്ചു.
ഉള്ളുരുക്കിയതൊക്കെ തൊണ്ടക്കുഴിയിൽ തടഞ്ഞൊരു കത്തി സദാ കൂടെ കൂട്ടി.
ഇടക്കിടെ, മുറിഞ്ഞ് മുറിഞ്ഞ് കൂടി ചേർന്നു.
ഉരഞ്ഞു പൊട്ടിയ തോൽപ്പുറങ്ങൾ
വിരലമർത്തി ഒട്ടിച്ചൊതുക്കി.
പാഞ്ഞടുത്ത കടൽക്ഷോഭങ്ങളെ
ചിരിച്ചകറ്റി.
പൊള്ളിവരണ്ട മണൽകാറ്റിൽ മുഖമമർത്തി.
മറുചോദ്യങ്ങൾക്കിടമില്ലാത്ത മരുഭൂമിയായതിനാൽ
ശ്മശാനം എന്നൊരു ചൂണ്ടുപലക നാട്ടി.
ഇതിൽക്കൂടുതൽ ഇനിയെന്തെന്നൊരു
ചോദ്യത്തിന്റെ ചൂടടിച്ച്,
അവസാന ആണിയുമമർത്തി.
Sprb
ReplyDelete❤️
Delete