പ്രണയമെന്ന് നീ പറയുമ്പോഴും , വീണ്ടും ഒന്നുകൂടി അവർത്തിക്കുമ്പോഴും ഞാൻ മറ്റെന്തോ ചിന്തകളിൽ ആയിരുന്നു..
വെറുതെ ചിരിക്കാൻ തോന്നി, ഉള്ളിൽ ഒരു പരിഭ്രമം പൊടിഞ്ഞിരുന്നെങ്കിലും..
കൈവെള്ളകൾ കാരണമില്ലാതെ വിയർത്തത് കൊണ്ടാണ് ഞാൻ വേറുതെ മുഖം അമർത്തിതുടക്കുന്നതായി അഭിനയിച്ചത്..
ഇതൊക്കെ എത്ര കേട്ടിരിക്കുന്നു എന്ന ഭാവം വരുത്താൻ ആണ് വെറുതെ വെറുതെ പൊട്ടിച്ചിരിച്ചത്..
പക്ഷെ, ഉള്ളിൽ ഞാൻ അപ്രതീക്ഷിതമായി വഴിയറിയാതെ ഒറ്റപ്പെട്ടു പോയ പോലെ പകച്ചു നിൽക്കുകയായിരുന്നു..
അത്ര അടുത്തു നീ, അത്ര ഉറപ്പോടെ നീ പ്രണയം എന്നു പറഞ്ഞത് എനിക്ക് വിശ്വാസം ആകുന്നതേയില്ലായിരുന്നു..
എന്തുകൊണ്ട് എന്നാണോ??
നിന്നിലോ നിന്റെ പ്രണയത്തിലോ ഉള്ള വിശ്വാസമില്ലായ്മ അല്ലായിരുന്നത്..
എന്തുകൊണ്ട് ഞാൻ, അതായിരുന്നു എന്റെ ചിന്ത..!
എന്തു കൊണ്ട് നിനക്ക് ഞാൻ?
എന്തുകൊണ്ട് നമുക്ക് നാം ?
ഇന്നും ,എപ്പോഴും എന്റെ ഹൃദയം ആ ഒരു ഓർമ്മയിൽ മാത്രം നില വിട്ടു മിടിക്കാറുണ്ട്..
കൂടി ചേരാൻ കാരണങ്ങൾ ഇല്ലാത്ത വിധം ,
തീർത്തും വ്യത്യസ്തവും, വിജനവുമായ
വഴികളായിരുന്നല്ലോ നാം..
പക്ഷെ, പിന്നെ ഞാൻ എന്റെ ചിന്തകളെ തിരുത്തി വായിക്കാൻ ആരംഭിച്ചിരുന്നു..
എപ്പോഴേന്നോ?
മഴ നനഞ്ഞു കുതിർന്ന ആ സന്ധ്യക്ക് ശേഷം..!
കാരണങ്ങൾ ഇല്ലാത്ത വിധം വിജനമായിരുന്നെങ്കിലും,ശൂന്യമായിരുന്നെങ്കിലും ,
നിനക്ക് എന്നിലേക്കും എനിക്ക് നിന്നിലേക്കും മാത്രമായി ചുരുക്കി എഴുതിയിരുന്ന ചില അടയാളങ്ങൾ ഉണ്ടായിരുന്നിരിക്കാം..
നാം രണ്ടിടങ്ങളിൽ , നമ്മളെ മാത്രം വായിക്കാൻ ഇറങ്ങിത്തിരിച്ച നേരത്തെപ്പോഴോ നമുക്ക് വേണ്ടി മാത്രം തെളിഞ്ഞ അടയാളങ്ങൾ..!
അതായിരിക്കുമല്ലോ എന്നെയും നിന്നേയും അന്നങ്ങനെ ഒരു ഒറ്റ നിമിഷത്തേക്ക് വേണ്ടി ചേർത്തു വച്ച വൈകുന്നേരം നമുക്ക് വേണ്ടി , സാധ്യതകൾ ഒന്നുമില്ലാതിരുന്നിട്ടും, ആ മഴ പെയ്തു തോർന്നത്..
പിന്നെയെത്രയെത്ര മഴ തോർന്ന നേരങ്ങൾ നമുക്കിടയിൽ പെയ്തിറങ്ങി..
എത്ര സന്ധ്യകൾ , പൂവിതൾ പോലെ നമുക്കായി ഉതിർന്നു വീണു..
എത്രയെത്ര പകലിരവുകൾ നമ്മളിലൂടെ
മാഞ്ഞു പോയി..
ഇനിയുമെത്ര പൂക്കാലങ്ങൾ നമുക്ക് വേണ്ടി കാത്തിരിക്കുന്നു..
ഇനിയുമെത്ര കാലങ്ങൾ നാം നമ്മിലൂടെ മാത്രം സഞ്ചരിക്കേണ്ടിയിരിക്കുന്നു..
ഇനിയുമെത്ര പ്രണയഭേദങ്ങൾ നമ്മുക്കൊപ്പം കടന്നു പോകേണ്ടിയിരിക്കുന്നു..!
മഴ പെയ്തു തോർന്ന ആ നിറസന്ധ്യയിൽ നാം ഇപ്പോഴും പരസ്പരം കണ്ടു കൊണ്ടിരിക്കുന്നുണ്ട് , ആദ്യമായിട്ടെന്നോണം.!!
Comments
Post a Comment