നിരന്തരം കാണുന്നുണ്ടെങ്കിലും ഭൂതകാലത്തോട് അത്രമേൽ അടുത്തുനിന്നിരുന്നു എന്ന് പെട്ടെന്നൊരു നിമിഷം തിരിച്ചറിയപ്പെടുന്ന ചില കാഴ്ചകളുണ്ട് . മൂർച്ചയുള്ളൊരു ഓർമ്മയായി മനസ്സിലെവിടെയോ ഒരു പോറലേൽപ്പിച്ചു കൊണ്ട് കടന്നുവരുന്ന ചില കാഴ്ചകൾ .എനിക്കതൊരു തീവണ്ടി ജനാലയുടെ ചതുരക്കാഴ്ചയാണ്!! തീവണ്ടി വേഗങ്ങൾക്കൊപ്പം യാത്രയുടെ രസക്കാഴ്ചകളും ജീവിതത്തോടൊപ്പം കൂട്ട് കൂടിയ യൂണിവേഴ്സിറ്റിക്കാലം.ചങ്ങനാശ്ശേരി കോട്ടയം സ്റ്റേറ്റേഷനുകൾക്കിടയിലെ അരമുക്കാൽ മണിക്കൂറുകൾ ജനാലയിലൂടെ കാണുന്ന കാഴ്ചകളിൽ കൊയ്തൊഴിഞ്ഞതും അല്ലാത്തതുമായ പാടവരമ്പുകളും തെളിയും. ഓർമ്മകളെ അതിന്റെ വിശാലതയിലേക്ക് അഴിച്ചു വിട്ടു സ്വയം മറന്നിരിക്കുന്നതു അന്നൊരു ശീലമായിരുന്നു. ആ പാടങ്ങൾക്കപ്പുറമുള്ളൊരു ഗ്രാമത്തിൽ ഒരു അമ്മയും മൂന്നു പെൺകുഞ്ഞുങ്ങളും മുന്നിലെ ശൂന്യത നോക്കി പകച്ചു നിന്നിരുന്ന ഒരു കാലത്തിന്റെ ഓർമ പെട്ടെന്നൊരു ദിവസ്സം എന്റെ ബോധത്തിൽ തെളിഞ്ഞത് ആ പാടവരമ്പത്തു ഓടിക്കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കണ്ട നിമിഷമാണ്. അപ്രതീക്ഷിതമായി അനാഥമാക്കപ്പെട്ടുപോയ ജീവിതത്തിന്റെ മൂന്നുനാലു വർഷക്കാലങ്ങൾ ഒരു സ്ത്രീയെന്ന നിലയിൽ ആ അമ്മയുടെ സഹനത്തിന്റെ , നിലനിൽപ്പ...