നിരന്തരം കാണുന്നുണ്ടെങ്കിലും ഭൂതകാലത്തോട് അത്രമേൽ അടുത്തുനിന്നിരുന്നു എന്ന് പെട്ടെന്നൊരു നിമിഷം തിരിച്ചറിയപ്പെടുന്ന ചില കാഴ്ചകളുണ്ട് . മൂർച്ചയുള്ളൊരു ഓർമ്മയായി മനസ്സിലെവിടെയോ ഒരു പോറലേൽപ്പിച്ചു കൊണ്ട് കടന്നുവരുന്ന ചില കാഴ്ചകൾ .എനിക്കതൊരു തീവണ്ടി ജനാലയുടെ ചതുരക്കാഴ്ചയാണ്!! തീവണ്ടി വേഗങ്ങൾക്കൊപ്പം യാത്രയുടെ രസക്കാഴ്ചകളും ജീവിതത്തോടൊപ്പം കൂട്ട് കൂടിയ യൂണിവേഴ്സിറ്റിക്കാലം.ചങ്ങനാശ്ശേരി കോട്ടയം സ്റ്റേറ്റേഷനുകൾക്കിടയിലെ അരമുക്കാൽ മണിക്കൂറുകൾ ജനാലയിലൂടെ കാണുന്ന കാഴ്ചകളിൽ കൊയ്തൊഴിഞ്ഞതും അല്ലാത്തതുമായ പാടവരമ്പുകളും തെളിയും. ഓർമ്മകളെ അതിന്റെ വിശാലതയിലേക്ക് അഴിച്ചു വിട്ടു സ്വയം മറന്നിരിക്കുന്നതു അന്നൊരു ശീലമായിരുന്നു. ആ പാടങ്ങൾക്കപ്പുറമുള്ളൊരു ഗ്രാമത്തിൽ ഒരു അമ്മയും മൂന്നു പെൺകുഞ്ഞുങ്ങളും മുന്നിലെ ശൂന്യത നോക്കി പകച്ചു നിന്നിരുന്ന ഒരു കാലത്തിന്റെ ഓർമ പെട്ടെന്നൊരു ദിവസ്സം എന്റെ ബോധത്തിൽ തെളിഞ്ഞത് ആ പാടവരമ്പത്തു ഓടിക്കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കണ്ട നിമിഷമാണ്. അപ്രതീക്ഷിതമായി അനാഥമാക്കപ്പെട്ടുപോയ ജീവിതത്തിന്റെ മൂന്നുനാലു വർഷക്കാലങ്ങൾ ഒരു സ്ത്രീയെന്ന നിലയിൽ ആ അമ്മയുടെ സഹനത്തിന്റെ , നിലനിൽപ്പിനായുള്ള പോരാടലിന്റെ കാലഘട്ടം കൂടിയായിരുന്നു. തലയ്ക്കു മീതെ ഒരു മേൽക്കൂര പോലും സ്വന്തമായിട്ടില്ലാത്ത ഒരമ്മക്ക് , ആക്രമിച്ചു തുടങ്ങിയ പട്ടിണിയുടെ കരങ്ങളെ തോൽപ്പിക്കാൻ അത് വരെ ഉണ്ടായിരുന്ന ജീവിതത്തിന്റെ അറിവില്ലായ്മകളിൽ നിന്ന് പുറത്തു കടന്നു സ്വയം പൊരുതാതിരിക്കാൻ ആകുമായിരുന്നില്ല. അന്നും മറ്റു കൃഷിയൊന്നുമില്ലാതെ ചെളി നിറഞ്ഞു ഒരുതരം നീളമുള്ള പുല്ലു വളർന്നു കിടന്നിരുന്ന പാടമായിരുന്നത്. ആ പുല്ലു വെട്ടിയെടുത്തു കെട്ടുകളാക്കി പശു വളർത്തൽ ഉള്ള വീടുകളിൽ കൊടുത്തു കെട്ടൊന്നിനു 50 രൂപ വരുമാനം നേടിയെടുക്കാൻ കുറച്ചു സ്ത്രീകൾക്കൊപ്പം അമ്മയും ചേർന്നു. മറ്റു വരുമാന മാർഗങ്ങൾക്കൊപ്പം ആയിരുന്നിത്. പക്ഷെ അതിനു വേണ്ടിയുള്ള അധ്വാനം അത്രമേൽ കടുത്തതായിരുന്നു . കുളയട്ടയുടെ കടിയേൽക്കാതിരിക്കാൻ ശരീരം മുഴുവൻ മൂടി പൊതിഞ്ഞു പൊരിവെയിലത്തു അമ്മയും കൂട്ടരും കഴുത്തുവരെ താഴ്ചയുള്ള ആ ചെളിയിലിറങ്ങും.അവധി ദിനങ്ങളിൽ ഞാനും അനിയത്തിയും അമ്മയുടെ കൂടെ കൂടും. അങ്ങനെയൊരു ദിനമാണ് ഞങ്ങളുടെ ചെറുമനസുകളിൽ കൗതുകത്തിന്റെ ആരവമുയർത്തി ഒരു തീവണ്ടിയുടെ ചൂളംവിളി ഉയരുന്നത്. ആ പാടങ്ങൾക്കു നടുവിലൂടെ ഒരു തീവണ്ടി പാളം കടന്നു പോയിരുന്നു എന്ന് അറിയുന്നതും അത്ര അടുത്ത് നിന്നൊരു തീവണ്ടി വേഗം കാണുന്നതും ആദ്യമായിട്ടായിരുന്നു . പിന്നെയുള്ള ദിവസങ്ങളിലൊക്കെ തീവണ്ടികളെ നോക്കി ഞങ്ങൾ കൈവീശി , ഉറക്കെ കൂവിയാർത്തു. തീവണ്ടികൾ ഒരു അദ്‌ഭുതമായും ആനന്ദമായും മാറിയ കാലം. പാടവരമ്പുകളിൽ നിന്ന് അന്ന് ഞാൻ കണ്ട ആ തീവണ്ടിക്കാഴ്ചകളും പിന്നീട് അതേ തീവണ്ടികളിലൊന്നിലിരുന്നു, അതേ പാടവരമ്പുകളെ തിരിച്ചറിഞ്ഞ നിമിഷവും തമ്മിലുള്ള ദൂരം വർഷങ്ങളുടേതായിരുന്നു . അതിനിടയിൽ ആ അമ്മ ദുരിതങ്ങളുടെ കയം നീന്തിക്കയറി. മൂന്നു മക്കളെ സ്വന്തം കാലിൽ, സ്വന്തം മണ്ണിൽ ചവിട്ടി നിൽക്കാൻ പ്രാപ്തിയുള്ളവരാക്കി, ജീവിതത്തിന്റെ പഴയ സന്തോഷങ്ങളെ തിരികെപിടിച്ചു. തീവണ്ടിവേഗങ്ങളെക്കാൾ ജീവിതം അതിവേഗം പായുമ്പോൾ ഭൂതകാലത്തെ കൂട്ടിയിണക്കുന്ന കണ്ണികൾ ഇടക്കിങ്ങനെ തിരികെ കിട്ടുന്നത് ഒരു സുഖമാണ് . ഓർമ്മയുള്ളവളായിരിക്കാൻ , ലക്‌ഷ്യമുള്ളവളായിരിക്കാൻ ,തിരിച്ചടികളെ ചിരിച്ചുകൊണ്ട് നേരിടാൻ പ്രാപ്തിയുള്ളവളായിരിക്കാൻ അവയെന്നെ സഹായിച്ചു കൊണ്ടേയിരിക്കുന്നു ...

Comments
Post a Comment