ഓർമയിൽ ഇന്നുമുണ്ടൊരു മൺവീട്.!!
അച്ഛനമ്മമാർക്കൊപ്പം അല്ലലറിയാതെ പൊട്ടിച്ചിരിച്ചും കളിച്ചും പിണങ്ങിയും ഇണങ്ങിയും,മൂന്നു പെൺകുഞ്ഞുങ്ങൾ
ഉറങ്ങിയുണർന്ന ഓല മേഞ്ഞൊരു മൺവീട്…..
ഓർമ്മയിൽ ഇന്നുമുണ്ടൊരു മാമ്പഴക്കാലം..!!
നിശബ്ദമായ രാവുകളിൽ വിദൂരദയിൽ നിന്നുയർന്നു കേൾക്കുന്ന രാക്കിളിപ്പാട്ടുകൾക്കൊപ്പം
പുരപ്പുറത്തു വീഴുന്ന ഒച്ചകളെ എണ്ണിത്തിട്ടപ്പെടുത്തി,
പുലർക്കാലേ കൂട്ടുകാരൊത്തു മുറ്റത്തുനിന്ന് പാവാടത്തുമ്പിൽ പെറുക്കി കൂട്ടിയ
മാഞ്ചുന മണമുള്ള മാമ്പഴക്കാലം….
ഓർമ്മയിലുണ്ട് ഏറെ കാവുത്സവങ്ങൾ..!!
കൽത്തിരി വെട്ടത്തെ പുൽകി പടർന്നിറങ്ങിയ വേരുകളിൽ ഊഞ്ഞാലാടിയ ,
കുപ്പിവള കിലുക്കങ്ങളിലും
ചാന്തുകുപ്പി വർണ്ണങ്ങളിലും കൗതുകമുറിയ, തേക്കിലയിലെ മധുരമൂറുന്ന പാൽപ്പായസ രുചിയും മണവുമുള്ള ഉത്സവങ്ങൾ…..
ഇനിയുമുണ്ടേറെ ഓർമകാലങ്ങൾ.. !!
ഇടക്കിടെ പെയ്‌തും തോർന്നും
ഭൂതകാലകുളിരണിയുന്ന നല്ല നിമിഷങ്ങൾ… !!
Comments
Post a Comment