Skip to main content

അവരിടങ്ങൾ 10

"ഞാൻ ഒരു കാര്യം ചോദിക്കട്ടെ "?അവൾ
അവനു നേരെ തിരിഞ്ഞിരുന്നു..

"ചോദിച്ചോളൂ..ഞാനിപ്പോൾ എന്തു ചോദ്യങ്ങൾക്കും മറുപടി പറയാനുള്ള ഒരു മൂഡിൽ ആണ് " അവൻ മുഖമുയർത്തി അവളെ നോക്കി. അവൾ പേന കൊണ്ട് കൈയിലിരുന്ന പേപ്പറിൽ വെറുതെ എന്തൊക്കെയോ കോറിവരച്ചു കൊണ്ടിരുന്നു.

"എന്തേ..ചോദിക്കുന്നില്ലേ? " അവൻ ചിരിയമർത്തി.

"ചോദിക്കുന്നുണ്ട്.."

"എന്നാൽ ചോദിക്കൂ" അവൻ ആകാംക്ഷയുള്ള ഭാവത്തിൽ അവളെ നോക്കി..

"നിലവിൽ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ" ?

"പ്രണയം എപ്പോഴും തോന്നുന്ന മനോഹരമായ വികാരം അല്ലെ?

"എന്റെ ചോദ്യം സ്പഷ്ടമാണ്..'ആരെയെങ്കിലും' എന്നു വ്യക്തമായാണ് ചോദിച്ചത്"
അവളവനെ നോക്കി മുഖം കൂർപ്പിച്ചു..

"ഇല്ല എന്നു ഞാൻ പറഞ്ഞില്ലല്ലോ " അവനൊരു കുസൃതി ചിരി ചിരിച്ചു

"ഉണ്ട് എന്നും പറഞ്ഞില്ല" അവൾ മുഖം വീർപ്പിച്ചു.

"വ്യക്തമായി പറഞ്ഞില്ല എന്നു മാത്രം"

"വ്യക്തമായി അറിയാൻ ആണല്ലോ ഞാൻ ചോദിച്ചത്"

"വ്യക്തത വരുത്തിയാൽ ഒരു mystery ഉണ്ടാകില്ലല്ലോ.."

"ഇതിൽ എന്താണിത്ര mystery" ? അവൾ മനസിലാകാതെ അവനെ നോക്കി..

"പ്രണയം ഉണ്ടോ ഇല്ലയോ എന്നുള്ളത് ഒരു mystery ആയിട്ട് നില നിർത്താം വേണമെങ്കിൽ.."

"ഓ.. ഉത്തരം നൽകാൻ ഇഷ്ടമില്ലേൽ അത് പറഞ്ഞാൽ പോരെ" അവൾ അവന്റെ കൈയിൽ നിന്നും അവനെഴുതികൊണ്ടിരുന്ന പേപ്പർ വാങ്ങി എതിർ വശത്തേക്ക് തിരിഞ്ഞിരുന്നു കൊണ്ട് വായിക്കാൻ ആരംഭിച്ചു.

" പ്രണയിക്കുന്നുണ്ട് എന്നാണ് ഉത്തരം" അവൻ പറഞ്ഞു..

അവൾ പേനയുടെ തുമ്പ് കടിച്ചു കൊണ്ടു വിടർന്ന കണ്ണുകളോടെ അവനെ നോക്കി..

"എനിക്ക് തോന്നിയിരുന്നു അങ്ങനെ ഒന്നുണ്ട് എന്ന് " അവൾ ചിരിച്ചു.

"അതെന്താ അങ്ങനെ തോന്നാൻ കാരണം.?

" അറിയില്ല..താങ്കളിൽ നിന്നു അങ്ങനെ ഒരു വൈബ്രേഷൻ കിട്ടി.." അത് കേട്ട് അവൻ ഉറക്കെ ചിരിച്ചു.

"ആരോടാണ് " ? അവൾ വീണ്ടും ചോദിച്ചു.

"അതും അറിയണമോ?

" അതെന്താ ഞാൻ അറിയാൻ പാടില്ല എന്നുണ്ടോ?!

" എന്റെ പ്രണയം അവൾ അറിയുന്നുണ്ടോ എന്നു തന്നെ എനിക്ക്‌ അറിയില്ല."

"ഇതുവരെ അറിയിച്ചില്ലേ?! അവൾ അത്ഭുതപ്പെട്ടു. അവൻ ഇല്ല എന്നർത്ഥത്തിൽ ചുമൽ ചലിപ്പിച്ചു. കുറച്ചു നേരം നിശബ്ദനായി തുടർന്നതിനു ശേഷം അവൻ അവളെ നോക്കി ചിരിച്ചു.

"മറുപടി എന്താകും എന്നുള്ള ടെൻഷൻ കൊണ്ടാണോ?! അവൾ ചോദിച്ചു.

" പറയാൻ പോകുന്ന മറുപടി അനുകൂലമോ പ്രതികൂലമോ എന്നുള്ളത് എനിക്ക് ഒരു വിഷയം അല്ല..മറുപടി എന്നത് തന്നെ എന്നെ ഭയപ്പെടുത്തുന്ന ഒന്നാണ്..അതൊരു യെസ് ആയാലും നോ ആയാലും." അവൻ വെറുതെ ജനലിൽ കൂടി പുറത്തേക്ക് നോക്കിയിരുന്നു..

" യെസ് എന്നു പറയുന്നത് കേൾക്കാനും ഭയമോ?!! അവളുടെ ചോദ്യം കേട്ട് അവൻ ഉറക്കെ ചിരിച്ചു..

"എന്നു തന്നെ കരുതിക്കോളൂ" അവൾ അവനെ തന്നെ നോക്കി കൊണ്ടിരുന്നു. "കുറെ നാളുകളായി പരസ്പരം അറിയാം..സംസാരിക്കാറുണ്ട്..അടുത്തിടപഴകാറുണ്ട്...എപ്പോഴോ എന്റെ ഉള്ളിൽ തോന്നിയ പ്രണയം ഉണ്ട്..പക്ഷെ അത് പറയാൻ വയ്യ..എന്തോ, പറയണം എന്നു എനിക്ക് തോന്നിയിട്ടുമില്ല.."

"പറഞ്ഞില്ലേൽ അറിയാതെ പോകില്ലേ?! ഒരുപക്ഷേ അനുകൂലമായൊരു മറുപടി നൽകാൻ കാത്തിരിക്കുകയാണെങ്കിലോ?!

" നേരെ തിരിച്ചാണെങ്കിലോ..?!അങ്ങനെ ഒന്നു കേൾക്കുന്നതിനെക്കാൾ നല്ലത് ഉള്ളിലുള്ള പ്രണയം ആസ്വദിച്ചു അതങ്ങനെ ഉള്ളിൽ തന്നെ കൊണ്ടു നടക്കുന്നതല്ലേ..ഒന്നുമില്ലെങ്കിൽ ഇപ്പോൾ ഒരു സങ്കല്പം എങ്കിലും ഉണ്ടല്ലോ..അതെന്തിന് ഞാൻ വെറുതെ നഷ്ടപ്പെടുത്തണം?!

അവളുടെ മുഖത്തു അപ്പോഴും സംശയം ബാക്കി നിന്നു.."പക്ഷെ..എനിക്കെന്തോ പറയണം എന്ന് തന്നെ ആണ് അഭിപ്രായം..പറയുകയെങ്കിൽ , പരസ്പരം അറിയുകയാണെങ്കിൽ അതെത്ര മനോഹരമായിരിക്കും.." അവളുടെ മുഖം തരളിതമായി.അവൻ വെറുതെ അവളെ നോക്കി ചിരിച്ചു..അവളൊരു നിശ്വാസത്തോടെ വീണ്ടും കൈയിലിരുന്ന പേപ്പറുകളിൽ നോക്കി.

പേന കൊണ്ട് കവിളിൽ വെറുതെ താളമിട്ടിരുന്ന് വായിക്കുന്ന അവളെ നോക്കി അവൻ നിശ്ശബ്ദനായി ഇരുന്നു..അവൾ പെട്ടെന്ന് മുഖമുയർത്തി അവനെ നോക്കി..

" എനിക്കൊരു ചെറിയ അസൂയ തോന്നുന്നുണ്ട് കേട്ടോ അവളുടെ കാര്യത്തിൽ..താങ്കളുടെ പ്രണയം അവൾ അറിയാതെ ആണെങ്കിലും അവൾക്ക് കിട്ടുന്നുണ്ടല്ലോ"

അവന്റെ കണ്ണുകളിൽ ഒരു അതിശയം വിടർന്നു..

"എനിക്കില്ലാത്ത എന്തു പ്രത്യേകത ആയിരിക്കും താങ്കളുടെ പ്രണയം ലഭിക്കാൻ അവൾക്കുള്ളത് എന്നാണ് ഞാൻ ആലോചിക്കുന്നത്"

അവൾ കുസൃതിയോടെ അവനെ നോക്കി കണ്ണിറുക്കി..അവന്റെ മുഖത്തെ ചിരി മാഞ്ഞു..അവന്റെ മാറിയ മുഖഭാവം കണ്ട് അവൾ പൊട്ടിച്ചിരിച്ചു..അവളുടെ ചിരി അവസാനിച്ചതും അവൻ എഴുന്നേറ്റ് അവളുടെ അടുത്ത് വന്നിരുന്നു..അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി..

"എന്റെ ഉള്ളിലെ പ്രണയത്തിന്റെ വൈബ്രേഷൻ മനസിലായിട്ടും അത് നിന്നോട് സംസാരിക്കുമ്പോഴും നിന്റെ അടുത്തുള്ളപ്പോഴും ആണെന്ന് നിനക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ലേ?!! വഴുതിയിട്ടെന്നോണം അവളുടെ കൈയിരുന്ന പേന നിലത്തു വീണു..അവൻ അത് കുനിഞ്ഞെടുത്തു കൊണ്ട് അവളെ നോക്കി..
എന്ത് കാരണം കൊണ്ട് എന്നു ചോദിക്കരുത്..എന്ന് മുതലെന്നും ചോദിക്കരുത്..എനിക്ക് തന്നെ മനസിലാകാത്ത എന്തൊക്കെയോ കാരണങ്ങളാൽ എപ്പോഴോ നിന്നോടുള്ള പ്രണയം എന്റെ ഉള്ളിൽ ഉണ്ട്, കഴിഞ്ഞ കുറേ നാളുകളായി.." അവന്റെ സ്വരം വിറച്ചു..അവൾ ഒന്നും മിണ്ടനാവാത്ത അവസ്ഥയിൽ തന്നെ തുടർന്നു..

"ഞാൻ പറഞ്ഞില്ലേ, ഒരു മറുപടി ഞാൻ ആഗ്രഹിക്കുന്നില്ല..നമ്മളിങ്ങനെ നമ്മളായി തന്നെ തുടരട്ടെ.." അവൻ ചിരിച്ചു.

അവൾ ഒന്നും പറയുന്നില്ല എന്നു കണ്ടപ്പോൾ അയാൾ പതിയെ എഴുന്നേറ്റു..അവൾ പെട്ടെന്ന് അയാളുടെ വിരലുകളിൽ പിടിച്ചു..അവൻ തിരിഞ്ഞു നോക്കി..അവളുടെ നിറഞ്ഞ കണ്ണുകളിൽ അവൻ ആഗ്രഹിച്ച ഉത്തരം സ്പഷ്ടമായിരുന്നു..അവൻ ഇരു കരങ്ങളിൽ അവളുടെ മുഖം ഒതുക്കി..അവനിൽ നിന്നും ഇനിയെങ്ങോട്ടും പോകേണ്ടതില്ല എന്നൊരു തേങ്ങലോടെ അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്തു..വിട്ടുകളയാനാവാത്ത വിലപ്പെട്ടതെന്നവണ്ണം അവൻ അവളെ നെഞ്ചോടു ചേർത്തു പുണർന്നു നിന്നു..!!











Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...