നിനച്ചിരിക്കാതെ പെയ്യുന്ന മഴനൂൽ ദൂരങ്ങൾക്കപ്പുറമാണിപ്പോൾ നീ..
മേഘാവൃതമായൊരെന്റെ ആകാശ ചരിവുകളിൽ
ഓർമകൾ നിലതെറ്റി ഒഴുകി തുടങ്ങിയിട്ടുമുണ്ട്..!
ഓളപ്പാച്ചിലുകൾ തട്ടിയുലയുമ്പോഴൊക്കെയും
ഉള്ളിലുറഞ്ഞു കൂടിയ നോവുകളിങ്ങനെ നിലയ്ക്കാതെ പെയ്യാറുമുണ്ട്..!
പുതപ്പ് പോലെ പരസ്പരം,
പുണർന്നിരുന്ന നനുത്ത നേരങ്ങളുടെ മിടിപ്പിലാണ് പനിച്ചൂട് പോലെ നിന്നെ ഞാനിന്നും അറിയുന്നത്..!
ഇരുണ്ടു പോയൊരെന്റെ മുറിയുടെ
തണുത്ത ചുവരുകൾ നിന്റെ പേരിനാൽ മാത്രമാണിപ്പോഴും തിളച്ചു തൂവുന്നത്..!
തെളിഞ്ഞും മങ്ങിയും ഇടനേരങ്ങൾ ഓരോ യുഗങ്ങളായി ഇഴയുമ്പോഴൊക്കെ
നീ മാത്രമറിയുന്ന എന്റെയീ വഴിയിലെ
വളർന്നു മൂടിയ പുൽനാമ്പുകൾ,
നിന്റെ കാൽപാടുകൾ തേടി കാതോർത്തു നിൽപ്പാണ്..!
Comments
Post a Comment