Skip to main content

അവരിടങ്ങൾ 18


ആകാശത്തിന്റെ ഹൃദയം തകർന്നത് പോലെ പെയ്യുന്ന മഴയിൽ, ആലോചനകളിൽ മുഴുകി, നഗരത്തിൽ കൂടി അലസമായി നടക്കുമ്പോഴാണ് ശൂന്യതയിൽ നിന്നെന്നവണ്ണം ഓടി വന്നവൻ അവളുടെ കുടയിൽ കയറിയത്.അപ്രതീക്ഷിതമായൊരുവൻ ആക്രമിക്കാൻ വന്നപോലെ അവൾ ആദ്യം ഞെട്ടിപ്പോയി. കുടയോടൊപ്പം ചുമലിൽ കൈയിട്ട് ചേർത്തുപിടിച്ചപ്പോൾ ആണ്, അവൾ അവന്റെ മുഖം കണ്ടത്.ഞെട്ടൽ അത്ഭുതത്തിനും ആശ്ചര്യത്തിനും വഴി മാറി. അവൾ അവിടെ തന്നെ നിന്നു. അവൻ അവളെ ഉന്തിതള്ളി മുന്നോട്ട് നടത്തി.

"നീയിതിപ്പോൾ എവിടുന്ന് പൊട്ടി മുളച്ചു?! അവൾ നടത്തിനൊപ്പം അവനോട് ചോദിച്ചു.

"ഏതു മണ്ണിനടിയിൽ ഒളിച്ചാലും മഴ വന്നു വിളിച്ചാൽ പോരാതിരിക്കാൻ പറ്റില്ലല്ലോ."

"പെരുമഴയത്ത്, പെരുവഴിയിൽ നിന്നു കേൾക്കാൻ പറ്റിയ സാഹിത്യം. ആഹാ.." അവൾ പരിഹസിച്ചു.

" നിന്റെ കൂടെ ഉള്ള സഹവാസം ആയിരുന്നില്ലേ കുറേക്കാലം. അതിന്റെ എന്തെങ്കിലും ഒന്നു കിട്ടാതിരിക്കുമോ?! അവളുടെ ചുമലിൽ നിന്നു കൈയെടുത്ത് അവൻ അവളുടെ തലയിൽ ഒന്നു കൊട്ടി.അവൾ വേദനിച്ചിട്ടെന്നവണ്ണം മുഖം ചുളിച്ചു. എന്നിട്ട് വീണ്ടും ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.

"ഹാ..നീ ഒന്ന് അടങ്ങ് പെണ്ണെ.എല്ലാം വിശദമായി തന്നെ പറയുന്നുണ്ട്. ആദ്യം നിന്റെ വീട്ടിലോട്ട് ഒന്ന് ചെല്ലട്ടെ.

"അപ്പോൾ എന്റെ സ്വസ്ഥത നശിപ്പിക്കാൻ തന്നെ ആണ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്?!

" പിന്നല്ലാതെ.. നിന്നെ സമാധാനത്തോടെ ജീവിക്കാൻ ഞാൻ സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ?! അവൻ ഉറക്കെ ചിരിച്ചു.

"ഒരു മാറ്റവും ഇല്ലല്ലേ" അവൾ മുഖം ചുളിച്ചു.

" മാറിയാൽ പിന്നെ നമ്മൾ നമ്മളല്ലാതായിപോവില്ലേ?! അവൾ മറുപടി ഒന്നും പറയാതെ ചിരിച്ചു.അവളുടെ താമസ സ്ഥലത്ത് എത്തിയപ്പോൾ രണ്ടു പേരും നന്നായി നനഞ്ഞിരുന്നു.

"ഇത്ര ദൂരം നടന്നാണോ നീ ഓഫീസിൽ നിന്നു വരുന്നത്?! അവൻ ചോദിച്ചു. ബാഗിൽ നിന്നു താക്കോലെടുത്ത് വീട് തുറന്നു കൊണ്ട് അവൾ അവനെ നോക്കി. "മഴയുള്ളപ്പോൾ മാത്രം"

"നിന്റെ വട്ടുകൾക്ക് ഒന്നും ഇപ്പോഴും ഒരു കുറവുമില്ലല്ലേ.."

"അങ്ങനെ ആയാൾ നമ്മൾ നമ്മളല്ലാതെ ആകില്ലേ?! അവൾ അവനെ നോക്കി കണ്ണിറുക്കി.അവൻ തലകുലുക്കി ചിരിച്ചു കൊണ്ട് വീട്ടിനകത്തു കയറി ചുറ്റുപാടും ഒന്നു നോക്കി.

"അല്ലാ, നീ എങ്ങനെ അറിഞ്ഞു ഞാൻ ഇവിടെ ഉണ്ടെന്ന്. കുറഞ്ഞത് രണ്ടു വർഷം എങ്കിലും ആയി കാണും നിന്റെ എന്തെങ്കിലും ഒരു വിവരം അറിഞ്ഞിട്ട്" അവൾ ഒരു പരിഭാവത്തോടെ അവനോട് ചോദിച്ചു.

"എന്നിട്ട് നീ എന്നെ എന്നെങ്കിലും ഒന്ന് അന്വേഷിച്ചോ? ഇല്ലല്ലോ?! " അവൻ കൈകൊണ്ട് തലയിലെ വെള്ളം കുടഞ്ഞു കൊണ്ടിരുന്നു.

"ചത്തില്ലെങ്കിൽ ഇതു പോലെ എന്നെങ്കിലും പൊങ്ങി വരുമെന്ന് അറിയാം" അവൾ ടവൽ കൊണ്ടു കൊടുത്തു.

"അപ്പോൾ വന്നില്ലായിരുന്നെങ്കിലോ?!

"ചത്തെന്നു അങ്ങു കരുതും" അവൾ നിസാരമായി പറഞ്ഞത് കേട്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി.

" പുകഴ്ത്തുകയാണെന്ന് കരുതരുത്, നിന്നെ പോലെ ഇത്ര കഠിന ഹൃദയമുള്ള ഒരുത്തിയെ മഷിയിട്ടു നോക്കിയാൽ കിട്ടില്ല"

"അത് അങ്ങനെ ആകണമല്ലോ.അപ്പോഴല്ലേ നമ്മൾ നമ്മളാകൂ"

അതു കേട്ട് അവൻ തൊഴുതു. "ഞാൻ ഒന്നും പറഞ്ഞില്ലേ.എന്റെ റൂം കാണിച്ചു താ വാചകമടിക്കാതെ"

അവൾ നടുവിന് രണ്ടു കൈയും കുത്തി നിന്നു കൊണ്ട് അവനെ നോക്കി
"നിന്റെ റൂമോ. അതിനു നിനക്കിവിടെ ആര് വച്ചേക്കുന്നു റൂം?! ഒരു ബെഡ്ഷീറ്റ് തരും.ആ ഹാളിൽ എങ്ങാനും കിടന്നോണം. അല്ലെങ്കില് തന്നെ പകൽ മുഴുവൻ പണിയെടുത്തു തളർന്നു വന്നാൽ പിന്നെ ഒന്നു കിടന്നാൽ മതി എന്നേ ഉള്ളു ചിന്ത.അപ്പോഴാണ് ആകെ ഉള്ള ഒരു റൂം നിനക്ക് തരുന്നത്" അവൾ അവനെ പരിഹാസത്തോടെ നോക്കി.

" ഇത്ര സ്നേഹമില്ലാത്തവൾ ആയി പോയല്ലോടി നീ"

"ഇവിടെ ആ സെന്റിമെന്റ്‌സ് ഒന്നും വർക്ക് ആവില്ല മോനെ" അവൾ വീണ്ടും അവനെ കളിയാക്കി.

അവൾ നനഞ്ഞ ഡ്രസ് മാറി വന്നപ്പോഴേക്ക് അവൻ അവളുടെ അടുക്കളയിൽ കയറി രണ്ടു പേർക്കുമുള്ള കാപ്പി തയ്യാറാക്കി കൊണ്ട് മേശപ്പുറത്തു വച്ചു. അവൾ മുടി ടൗവലിൽ പൊതിഞ്ഞു കെട്ടി വച്ചിട്ട് ഒരു കപ്പ് കൈയിലെടുത്ത് അവന്റെ എതിർവശത്തേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു,

" എവിടെ നിന്റെ ഭാവി വധു ?"
അവൻ കപ്പ് താഴെ വച്ചിട്ട് അവളെ നോക്കി.

" അവളവളുടെ വീട്ടിൽ. ജോലിയും കാര്യങ്ങളുമൊക്കെയായി നല്ല ബിസി" അവൻ ചിരിച്ചു.

"കുറെ ആയില്ലേ പ്രേമിച്ചു നടക്കുന്നു. കല്യാണം ഒന്നും നോക്കുന്നില്ലേ. അതോ ലിവിങ് ടുഗെദർ തന്നെ ഉറപ്പിച്ചോ?!

"സത്യത്തിൽ അതിനാണ് ഞാൻ നിന്നെ കാണാൻ വന്നത്" അവൾ അതിശയത്തിൽ അവനെ നോക്കി.

"ഓഹോ അപ്പോൾ കല്യാണം പറയാൻ ആണല്ലേ നീ മെനക്കെട്ട് ഓടി വന്നത്."

"അതിനു കല്യാണം ഉറപ്പിച്ചാൽ അല്ലെ കല്യാണം വിളിക്കാൻ വരേണ്ട കാര്യം ഉള്ളൂ" അവൻ ചിരിച്ചു. അവൾ മനസിലാകാത്ത ഭാവത്തിൽ അവനെ നോക്കി. അവൻ അത് കണ്ടില്ല എന്നു നടിച്ചു.വിഷയം മാറ്റുന്നത് പോലെ അവളോട് പറഞ്ഞു.

" ഇന്നൊരു രാത്രി നീ എന്നെ നിന്റെ ബെഡ്റൂമിൽ അഡ്ജസ്റ് ചെയ്യണം"

അവൾ അവനെ സൂക്ഷിച്ചു നോക്കി. "എന്താ നിന്റെ ഉദ്ദേശം?!

"അതേ..അതു തന്നെ..നല്ല ഒന്നാംതരം ദുരുദ്ദേശം." അവൻ കണ്ണിറുക്കി ചിരിച്ചു.

സംസാരത്തിനിടയിൽ അവർ ഓർഡർ ചെയ്ത ഭക്ഷണം വന്നു. ഇരുവരും ഒരുമിച്ചിരുന്ന് കഴിച്ചു.ഭക്ഷണത്തിന് ശേഷം അവൾ ബെഡ്റൂമിൽ ബെഡ്ഷീറ്റ് മാറ്റി വിരിക്കുന്നതും നോക്കി വാതിൽക്കൽ അവൻ കൈകെട്ടി നിന്നു. അവൾ വിരിച്ചു കഴിഞ്ഞതും അവൻ പെട്ടെന്ന് ബെഡിൽ കയറി കിടന്നു.

"അപ്പോൾ നീ ഇവിടെ തന്നെ കിടക്കാൻ ആണോ പ്ലാൻ?! അവൾ ചോദിച്ചപ്പോൾ അവൻ കിടന്നു കൊണ്ട് തന്നെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.

"നീ വന്നു കിടക്ക്. ഞാൻ നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല."

അവൾ ഒന്ന് ആലോചിച്ചിട്ട് ബെഡിൽ കയറി കിടന്നു. അവൻ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നപ്പോൾ അവൾ തല ഉയർത്തി അവനെ നോക്കി. അവൻ അത് വകവയ്ക്കാതെ അവളുടെ തല പിടിച്ചുയർത്തി അവന്റെ നീട്ടിയ വലതുകൈയിൽ എടുത്തു വച്ചു. എന്നിട്ട് അവളോട് ചേർന്നു കിടന്നു.

"പണ്ട് നമ്മൾ എല്ലാവരും കൂടി പോയ യാത്രയിൽ കാടിനു നടുക്ക് ഇങ്ങനെ ആകാശം നോക്കി കിടന്നത് ഓർക്കുന്നുണ്ടോ നീ" അവൻ അവളോട് ചോദിച്ചു. അവൾ ആ ഓർമകളിൽ പുഞ്ചിരിച്ചു കൊണ്ട് മൂളി.

"അന്ന് നമ്മൾ കണ്ട നക്ഷത്രങ്ങൾ ഒക്കെ തമ്മിൽ കല്യാണം കഴിച്ചു കുഞ്ഞുങ്ങളും ആയി. ഞാൻ ഈ പ്രാവശ്യം എല്ലാവരെയും കണ്ടിരുന്നു" അവൻ പറഞ്ഞത് കേട്ട് അവൾ അവന്റെ കയ്യിൽ നുള്ളി.

"നീ ഇതുവരെയും തമാശ പറയാൻ പഠിച്ചിട്ടില്ല അല്ലെ?! അവൻ ഉറക്കെ ചിരിച്ചു കൊണ്ട് അവളുടെ നേരെ തിരിഞ്ഞു കിടന്നു. അവളുടെ മുടി മണത്തു നോക്കിയിട്ട് അവളോട് ചോദിച്ചു.

"നീ ഇപ്പോഴും ആ എണ്ണ തന്നെ ആണോ ഉപയോഗിക്കുന്നത്"

"അതിന് ഞാൻ ഇപ്പോൾ തലയിൽ എണ്ണ ഉപയോഗിക്കറില്ലല്ലോ" അവൾ അവന്റെ നേരെ നോക്കി മുഖം ചുളിച്ചു.

"എനിക്ക് പക്ഷെ നീ എന്നു പറഞ്ഞാൽ ഇപ്പോഴും ആ മണം ആണ്. അത് ഇടക്കിടക്ക് എന്നെ തേടി വരാറുണ്ട്. " അവൾ ഒരു നിമിഷം ഒന്നും മിണ്ടാതെ കിടന്നു. അവൻ അവളുടെ മുടിയിലേക്ക് മുഖം പൂഴ്ത്തി കിടന്നു. അവൾ പതിയെ മുഖം തിരിച്ചു അവനെ നോക്കി. അവൻ അനങ്ങിയില്ല.

" നിനക്ക് എന്നോട് എന്തേലും പറയാനുണ്ടോ?! അവൾ അവനോട് തിരക്കി.

" ഉം..യെസ്..അതിനു വേണ്ടി മാത്രമാണ് ഞാൻ വന്നത്" അവൻ തലക്കടിയിൽ കൈകൾ പിണച്ചു വച്ചു മുകളിലേക്ക് നോക്കി കിടന്നു.

"എന്നാൽ പിന്നെ ഇങ്ങനെ ചുറ്റി വളയാതെ നിനക്ക് കാര്യംപറഞ്ഞു കൂടെ." അവൾ എണീറ്റിരുന്നിട്ട് അവനെ നോക്കി. അവനും അവളെ ഒന്നു നോക്കിയിട്ട് എണീറ്റിരുന്നു. അവൻ പറയാൻ പോകുന്നത് എന്താണെന്ന് അറിയാൻ അവൾ ആകാംക്ഷയോടെ അവന്റെ മുഖത്തു നോക്കി ഇരുന്നു. അവൻ കുറച്ചു നേരം ആലോചനയിൽ മുഴുകിയിട്ട് അവളെ നോക്കി ചിരിച്ചു.

"ഞാൻ കല്യാണം കഴിക്കണോടി?!  അവൾ മനസിലാകാതെ അവനെ നോക്കി. അവൻ തുടർന്ന് ഒന്നും പറഞ്ഞതുമില്ല. അവൾ കുറച്ചു നേരം ആലോചനയോടെ ഇരുന്നു.

"കല്യാണമേ വേണ്ട എന്നാണോ, അതോ ഇപ്പോഴുള്ള ബന്ധത്തിൽ താല്പര്യം ഇല്ല എന്നാണോ?! അവൾ ചോദിച്ചു.

"അതെനിക്ക് അറിയില്ല" അവൻ പറഞ്ഞു. അവൾ മറുപടി ഒന്നും പറയാതെ കട്ടിൽ പടിയിലേക്ക് ചാരി ഇരുന്നു. അവൻ കട്ടിലിൽ കൂടി നിരങ്ങി അവളുടെ അടുത്തേക്ക് ചെന്ന് ചേർന്നിരുന്നു.

"എന്നെ പ്രണയിക്കണമെന്നോ, കല്യാണം കഴിക്കണം എന്നോ തോന്നാൻ മാത്രം ഒരു ഗുണവും ഇല്ലേ എനിക്ക്, നിന്റെ കണ്ണിൽ?! അവന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് അവൾ അവനെ അമ്പരന്നു നോക്കി. എന്നിട്ട് ഉറക്കെ ചിരിച്ചു.

"ഇതു ചോദിക്കാൻ ആണോ നീ ഇത്ര ദൂരം പാടുപെട്ട് ഓടി വന്നത്. അത് ഫോൺ വിളിച്ചു ചോദിച്ചാൽ പോരായിരുന്നോ?! അവൾ കളിയാക്കി.

"നീ ഇങ്ങനെ എന്തെങ്കിലുമൊക്കെയെ പറയൂ എന്നറിയാമെന്നത് കൊണ്ടാണ് ഞാൻ ആ സാഹസത്തിനു നിൽക്കാഞ്ഞത്" അവൻ അവളെ നോക്കി പറഞ്ഞു. അവൾ ചിരിയമർത്തിയിരുന്നു. അവൻ തുടർന്നു.

" നീ ഒന്നാലോചിച്ചു നോക്കിയേ. സ്കൂൾ കാലം മുതൽ തമ്മിൽ അറിയാവുന്നവർ. എല്ലാ തല്ലുകൊള്ളിത്തരത്തിനും ഒരുമിച്ചുണ്ടാരുന്നു. എന്നിട്ടോ, എപ്പോഴോ ഒരു ചെറിയ പ്രേമം ഉണ്ടെന്ന് തോന്നിയപ്പോൾ അത് പറയാൻ എനിക്ക് തോന്നിയില്ല. ഒരു വിധം പറയാം എന്നായപ്പോൾ നീ വേറെ ഒരുത്തന്റെ തലയിലുമായി. പിന്നെ എന്തേലും ആവട്ടെ എന്നു കരുതി , പ്രേമം വന്നു പറഞ്ഞവളെ തന്നെ പ്രേമിക്കാമെന്നു വച്ചു. പക്ഷെ.." അവൻ പറഞ്ഞു വന്നത് നിർത്തി.

"പക്ഷെ..?! അവൾ ചോദിച്ചു.

"ഒന്നുമില്ല" അവൻ ദേഷ്യപ്പെട്ടു. "ഇതു ഞാൻ പല വട്ടം പറഞ്ഞപ്പോഴൊക്കെ നിന്റെ ഒരു വക കളിയാക്കൽ." അവൻ പരിഭവിച്ചു. അവൾ വീണ്ടും ചിരിച്ചു.

"നിനക്കിപ്പോൾ എന്താ പ്രശ്നം , കല്യാണം കഴിക്കേണ്ട എന്നാണോ?!

"എനിക്കറിയില്ല..പക്ഷെ.. ഇപ്പോൾ ഒരു തീരുമാനം എടുക്കേണ്ട സമയം ആയി.ഇതുവരെ ഞാൻ ഇങ്ങനെ നടന്നു.ഇപ്പോൾ അവളും അവളുടെ വീട്ടുകാരും ഭയങ്കര സീരിയസ് ആണ്. പിന്നെ എന്റെ വീട്ടിലെ കാര്യം പറയണ്ടല്ലോ. എനിക്കൊരു മറുപടി കൊടുക്കണം."

"നീ കൊടുക്ക്"..അവൾ പറഞ്ഞു.

"അതിനല്ലേ ഞാൻ വന്നു നിന്നോട് ചോദിക്കുന്നത്" അവൻ അരിശപ്പെട്ടു.

"പൊന്നുമോനെ, ഒരെണ്ണത്തിന്റെ ക്ഷീണം തന്നെ എനിക്ക് മാറിയിട്ടില്ല. വളരെക്കാലം കൂടെ കൂട്ടിയ ബന്ധം ആയിരുന്നത് കൊണ്ടു തന്നെ
അതിൽ നിന്ന് ഇറങ്ങി പോന്നതിന്റെ കിതപ്പ് ഇപ്പോഴും ഒന്ന് അടങ്ങിയിട്ടു കൂടിയില്ല.ഞാനിങ്ങനെ ഫ്രീ ആയിട്ട് ജീവിക്കുന്നത് കണ്ടിട്ട് നിനക്ക് സഹിക്കുന്നില്ല അല്ലെ?! എന്നെ വെറുതെ വിട്ടേക്ക്" അവൾ കൈ കൂപ്പി.

"അതല്ലാതെ...എന്നോട് ഒരു താൽപര്യവും നിനക്കില്ലേ?! അവന്റെ ചോദ്യത്തിലെ നിരാശ കേട്ട് അവൾക്ക് വീണ്ടും ചിരി പൊട്ടി. അത് കണ്ട് അവൻ വീണ്ടും ദേഷ്യപ്പെട്ടു.

"ഭാവിയിൽ ഒരു കുറ്റബോധമോ നഷ്ടബോധമോ ഉണ്ടാകരുതെന്നു എനിക്ക് നിർബന്ധം ഉണ്ട്.അതാണ് ഞാൻ നിന്റെ കാലു പിടിക്കാൻ നിൽക്കുന്നത്. നീ അത് ഇങ്ങനെ മുതലാക്കരുത്"  അവൻ അവളെ രൂക്ഷമായി നോക്കി.


"നിന്നോട് അങ്ങനെ ഒരു ഇഷ്ടമില്ലെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ. അങ്ങനെ ഒന്ന് നമുക്കിടയിൽ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ പക്ഷെ കുറച്ചു വൈകിപ്പോയി, ഞാനും നീയും.." ശരിയല്ലേ എന്ന അർത്ഥത്തിൽ അവൾ അവനെ നോക്കി.അവൻ ഒന്നും മിണ്ടിയില്ല.

"പിന്നെയാണെങ്കിൽ രണ്ടു പേരും അവരവരുടെ കാര്യങ്ങളുമായി രണ്ടു വഴിക്കും പോയി. എന്റെ കാര്യങ്ങൾ നിനക്ക് അറിയാമല്ലോ കുറെയൊക്കെ. ഇപ്പോഴാണെങ്കിൽ..പ്രണയം..വിവാഹം..കുടുംബം..ഇതിലൊക്കെ ഉള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു പോയി" അവൾ ഒന്ന് നിർത്തിയിട്ട് അവനെ നോക്കി. "നിന്റെ കാര്യത്തിൽ ആണെങ്കിൽ ഇത്ര കാലം അവൾ നിനക്ക് വേണ്ടി കാത്തിരിക്കുകയല്ലേ. അതിൽ നിനക്കൊരു ഉത്തരവാദിത്തം ഇല്ലേ?!

"അങ്ങനെ അല്ല എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ ഇപ്പോൾ ഒരു തെറ്റായ തീരുമാനം എടുത്തിട്ട് പിന്നെ പശ്ചാത്തപിച്ചിട്ടു കാര്യം ഇല്ലല്ലോ. "  അവൻ അവളെ നോക്കി.

"ജീവിതം അങ്ങനെ ആണ്. ആഗ്രഹിക്കുന്നത് എല്ലാം കൂടി കിട്ടണം എന്നില്ലല്ലോ" അവൾ പുഞ്ചിരിച്ചു.

"നീ , ഒരു വക ഫിലോസഫി ഒന്നും ഇങ്ങോട്ട് പറയേണ്ട. നിന്റെ ഈ ഫിലോസഫി പറച്ചിൽ കാരണം ആണ്. അല്ലേൽ പണ്ടേ നിന്നെ ഞാൻ എങ്ങോട്ടേലും പൊക്കികൊണ്ടു പോയി പൂട്ടിയിട്ടേനെ." അവന്റെ മുഖത്തെ ദേഷ്യം കണ്ട് അവൾ അവന്റെ കയ്യിൽ പിടിച്ചു.

"ഇനി അവളെ കെട്ടിയെന്നു പറഞ്ഞാലും നിനക്കു എന്നെ കാണണം എന്ന് തോന്നുമ്പോൾ എപ്പോൾ വേണേലും വരാം. ഇതേപോലെ എന്റെ കട്ടിലിൽ കിടന്നുറങ്ങാം. അതിനൊന്നും ഒരു കുഴപ്പവുമില്ലല്ലോ.."

"അല്ലേൽ തന്നെ അതിനിപ്പോൾ കുഴപ്പം ഉണ്ടെന്ന് ആരു പറഞ്ഞു നിന്നോട്..?! നീ ഇനി കുഴപ്പം ഉണ്ടെന്നു പറഞ്ഞാലും എനിക്ക് അതൊന്നും ഒരു വിഷയമേ അല്ല." അവൻ അവളെ പരിഹസിച്ചു.

"ദൈവമേ..കല്യാണം കഴിഞ്ഞു പോയാലെങ്കിലും എന്റെ തലയിൽ നിന്നൊഴിവാകും എന്നു കരുതി.അതും നടക്കില്ലേ? അവൾ മുകളിലേക്ക് നോക്കി കൈ കൂപ്പി.
അവൻ പെട്ടന്ന് അവളുടെ നേരെ തിരിഞ്ഞിരുന്നു ഇരു കൈകളും കൊണ്ട് അവളുടെ മുഖത്ത് അമർത്തി പിടിച്ചു.

"നിനക്ക് ഒന്നു കൂടി ആലോചിച്ചു കൂടെ?! അവന്റെ മുഖത്ത് അതു വരെ ഇല്ലാത്ത ഒരു നിസ്സഹായത അവൾ കണ്ടു. മറുപടി പറയാതെ അവൾ ചിരിക്കുക മാത്രം ചെയ്തു. ഇരുവരും പരസ്പരം നോക്കി അങ്ങനെ തന്നെ ഇരുന്നു. ഒരു ഉൾപ്രേരണയാൽ എന്നവണ്ണം അവന്റെ മുഖം അവളുടെ മുഖത്തിനു നേരെ അടുത്തു. താഴ്ന്നു വരുന്ന അവന്റെ കണ്ണുകളിലേക്കും ചുണ്ടുകളിലേക്കുമായി അവളുടെ നോട്ടം മാറിക്കൊണ്ടിരുന്നു. ഉൽക്കടമായ ആഗ്രഹത്തിന്റെ ആകാംക്ഷ കൊണ്ടെന്ന പോലെ അവൻ ചെറുതായി കിതച്ചു. ഒരു നിമിഷത്തെ വിട്ടുകൊടുക്കലിനായി അവളുടെ മനസും ശരീരവും തുടിച്ചു. പക്ഷെ, പെട്ടെന്ന് അവൾ അവന്റെ കവിളിൽ വിരലുകൾ കൊണ്ട് ഒന്നു ചെറുതായി തട്ടി.  ഞെട്ടിയിട്ടെന്നവണ്ണം അവൻ കണ്ണു മിഴിച്ചു.

"വേണ്ട മോനെ.കൂടുതൽ രംഗങ്ങൾ ഒന്നും ക്രിയേറ്റ് ചെയ്യേണ്ട.തൽക്കാലം കിടന്ന് ഉറങ്ങാൻ നോക്ക്.യാത്ര ചെയ്തതിന്റെ ക്ഷീണം നല്ലപോലെ കാണും " അവൻ ഒരു നിരാശയോടെ കട്ടിലിലേക്ക് മലർന്നു കിടന്നു കൊണ്ട് അവളെ നോക്കി.

"നിനക്ക് എന്നെ ഒന്ന് കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുകയെങ്കിലും ചെയ്തു കൂടെ"

"എന്തിന്?!! അതിനു നീ നിരാശപ്പെട്ട് മരിക്കാൻ പോകുവൊന്നും അല്ലല്ലോ. ഇവിടുന്നിറങ്ങിയൽ നേരെ ചെന്നു വേറൊരുത്തിയെ കെട്ടാൻ പോകുവല്ലേ?!

"അതിനല്ലേടി ഞാൻ നിന്നെ കെട്ടാം എന്ന് പറയുന്നത്."

"ഓഹ്..വേണ്ട..നീ എന്നെ കൂടുതൽ സഹായിക്കേണ്ട" അവൾ പറഞ്ഞു കൊണ്ട് കട്ടിലിൽ കിടന്ന ബെഡ്ഷീറ്റും ഒരു തലയിണയും വലിച്ചെടുത്തു.

"നീ ഇതിവിടെ പോകുന്നു. ഇവിടെ കിടക്ക്. നമ്മുക്ക് ഇന്ന് ഒരുമിച്ചുറങ്ങാം"

"വേണ്ട..ഞാൻ ഹാളിൽ കിടന്ന് സ്വസ്ഥമായിട്ടുറങ്ങിക്കൊള്ളാം" അവൾ പറഞ്ഞു. ബെഡ്ഷീറ്റും  തലയിണയും അടുക്കി പിടിച്ചു കൊണ്ട് അവൾ അവനെ നോക്കി.

"ഈ ബന്ധങ്ങൾ എന്നു പറയുന്നത്, സൂക്ഷിച്ചില്ലെങ്കിൽ നമ്മളെ വല്ലാതെ വരിഞ്ഞു മുറുക്കി കളയും. പെട്ടു പോയാൽ പിന്നെ, ഒരു നിമിഷത്തിന്റെ ആണെങ്കിൽ പോലും ആ ഓർമയും കൊണ്ട് പിന്നെയുള്ള കാലം കിടന്ന് നീറണം. നമ്മുടെ കാര്യത്തിൽ ആണെങ്കിൽ, ഇപ്പോൾ വരെയുള്ളതിന് എല്ലാം ഒരു ഭംഗി ഉണ്ട്. അത് അങ്ങനെ തന്നെ നിലനിൽക്കുന്നത് ആണ് നല്ലത്.." അവൾ അവനെ നോക്കി ചിരിച്ചു. അവൻ മറുപടി ഒന്നും പറഞ്ഞില്ല. അവൾ അവനെ സ്നേഹത്തോടെ നോക്കി അല്പനേരം നിന്നു.

"അപ്പോൾ ശെരി ഗുഡ് നൈറ്റ് "  അവൾ പറഞ്ഞിട്ട് വാതിൽക്കലേക്ക് തിരിഞ്ഞു നടന്നു.

"നിനക്ക് ആലോചിക്കാൻ കുറച്ചു സമയം കൂടി വേണോ?! അവൻ കുസൃതിയോടെ വിളിച്ചു ചോദിച്ചു. അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കിയിട്ട് മുറിയുടെ ഡോർ അടച്ചു.

"ഗുഡ് നൈറ്റ്" അടഞ്ഞ വാതിലിനപ്പുറം അവൻ വിളിച്ചു പറയുന്നത് അവൾ കേട്ടു.


Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...