നിന്നെ എഴുതാൻ തുനിയുമ്പോൾ മാത്രമാണ് ഞാൻ ആത്മാവിൽ നിറയെ അക്ഷരമുള്ളവളായി മാറുന്നത്.
ഇത്രയേറെ കെട്ടുപിണഞ്ഞ വാക്കുകൾ എന്നിൽ നിന്ന് ഊറിയിറങ്ങുന്നതും നിന്നെ വരഞ്ഞിടുമ്പോൾ മാത്രമാണ്.
ഞാനെന്നും നീയെന്നുമുള്ള വാക്കുകൾക്കിടയിലൂടെ നാമെന്ന ലോകത്തേക്ക് ഞാൻ എത്ര കത്തുകൾ കൊടുത്തയച്ചിരിക്കുന്നു.
എപ്പോഴും, നീയെന്നെ വായിക്കുക മാത്രമാണ് ചെയ്യുന്നത്..!
നീ മാത്രം വിരലോടിച്ചു വായിക്കാൻ പരന്നു കിടക്കുന്ന സമതലമായി ഞാനേത്രയോ തവണ എന്നെ മാറ്റിയെഴുതിയിക്കുന്നു..!
നീ, എന്നെ വായിക്കുക മാത്രമാണ് ചെയ്യുന്നത്..!!
നിനക്ക് വേണ്ടി മാത്രം ഓരോ അക്ഷരങ്ങൾ ചേർത്തു തുന്നി, എന്നെ പകർത്തിയെഴുതി കൊണ്ടേയിരിക്കുമ്പോൾ ഞാനൊരു എഴുത്തുമുറിയായി ചുരുങ്ങി പോകാറുണ്ട്.
ഒരിക്കൽ , പെറുക്കിയെടുത്ത് സൂക്ഷിച്ചു വച്ച ഒരു വാചകം കൊണ്ട് നീയെന്റെ മേൽ മഞ്ഞു പോലെ പൊഴിഞ്ഞതും,
പിന്നെ നമ്മൾ ഒന്നിച്ചലിഞ്ഞിറങ്ങിയതും,
ഉരുകി ഒഴുകി അടിഞ്ഞതുമൊക്കെ
എന്റെ വരികളിൽ ഓരം ചേർന്നിളകാറുണ്ട്.
കാലം തെറ്റിയൊരു വാക്ക് പോലും നമുക്കിടയിൽ അന്ന് പെയ്തില്ല.
ഓർമയിലങ്ങനെ പലവരി, മറുവരി കവിതകൾ എത്രയെത്ര എഴുതി തീർന്നിരിക്കുന്നു.
നീയില്ലാ നേരങ്ങളിൽ നിശബ്ദമായി
സൂക്ഷിച്ചു നോക്കുമ്പോഴൊക്കെയും
എന്റെ ജനാല വാതിലിന്റെ മറവിനപ്പുറം തമ്മിൽ കാണാൻ കഴിയുന്ന ദൂരമേ നമുക്കിടയിൽ ഉള്ളൂ എന്ന് തോന്നാറുണ്ട് പലപ്പോഴും.
ഒരൊറ്റ വരി കൊണ്ട് മാഞ്ഞു പോകുന്ന എഴുത്ത് ദൂരം..!!
Comments
Post a Comment