Skip to main content

മഴയോർമകൾ 3 : കളർപെൻസിലുകൾ

മഴയും തണുപ്പുമായാൽ അമ്മക്ക് ആസ്മയുടെ ശല്യം കൂടുന്ന കാലമായിരുന്നു അത്. അവധിക്കാലമാകുമ്പോൾ രണ്ടു വയസ് വ്യത്യാസത്തിൽ മൂന്നു മക്കൾ ഉള്ളതിൽ ഒന്നിനെ എപ്പോഴും അമ്മയുടെ വീട്ടിലാക്കുമായിരുന്നു. മൂന്നുപേരുടെ പുറകെ ഒരുമിച്ചോടാനുള്ള ആരോഗ്യം അമ്മക്ക് ആ സമയങ്ങളിൽ ഉണ്ടാകാറില്ല. അച്ഛൻ ആഴ്ചയിലെ വരുള്ളൂ എന്നതും അമ്മയുടെ ജോലിഭാരം കൂട്ടി. അമ്മവീട്ടിൽ പോയി നിൽക്കാനുള്ള നറുക്കു വീഴുന്നത് മിക്കപ്പോഴും എനിക്കായിരിക്കും. അങ്ങനെ ഒരു അവധിക്കാലത്തു മഴ കനത്ത ദിവസങ്ങളിൽ, നിറഞ്ഞ തോടും പുഴയും കാണാൻ മഴ ഒന്ന് തോർന്നു നിന്ന സമയത്ത് ചേച്ചി അനിയത്തിയേം കൂട്ടി പോയി. പുഴ കവിഞ്ഞു വെള്ളം പാടങ്ങളിൽ നിറഞ്ഞു കിടക്കുന്നു. നിറഞ്ഞൊഴുകുന്നൊരു കൈത്തോടിന് കുറുകെ ഉള്ള തെങ്ങിൻതടി പാലം കടന്നു ചെന്നുള്ള തുറസ്സായ പ്രദേശത്തു നിന്നാണ് പൊതുവെ വെള്ളം കാണാൻ എല്ലാരും നിൽക്കാറുള്ളത്. മഴ കനത്താൽ ആ പ്രദേശവും കൈത്തോടും കവിഞ്ഞു സമീപത്തുള്ള കുടിലുകൾ ഒന്നാകെ വെള്ളത്തിലാകും. പാലം മുട്ടിയാണ് കൈത്തോടിൽ വെള്ളം ഒഴുകുന്നത്. മറ്റുള്ള സമയങ്ങളിൽ കുളി അലക്ക് തുടങ്ങിയവയ്ക്കു ആളുകൾ ആശ്രയിക്കുന്നതും ആ കൈത്തോടിനെ ആയിരുന്നു. ആ സമയത്തെന്നോ ആരോ അനിയത്തിക്ക് കുറച്ചു പെൻസിലുകൾ സമ്മാനിച്ചിരുന്നു. സ്‌കൂൾ തുറക്കാൻ സമയമായിട്ടില്ലെങ്കിലും ഊണിലും ഉറക്കത്തിലും അവളത് കൈകളിൽ തന്നെ കൊണ്ട് നടന്നു . വെള്ളം കാണാൻ ചേച്ചിയുടെ കൈയിൽ പിടിച്ചിറങ്ങുമ്പോഴും അവളത് കൈയിൽ തന്നെ കരുതി. ചേച്ചിയുടെ കൈയിൽ പിടിച്ചു തന്നെ പാലം കടക്കാൻ കയറിയ അവൾ , കാലു തെന്നിയതും വെള്ളത്തിൽ വീണതും ഒപ്പം കഴിഞ്ഞു. ചേച്ചിയുടെ ഞെട്ടൽ അലറിക്കരച്ചിൽ ആയി മാറുമ്പോഴേക്കും  അവളൊഴുകി ദൂരെ എത്തിയിരുന്നു..ആളുകൾ ഓടിയെത്തി ദിക്കറിയാതെ പരന്നു കിടക്കുന്ന വെള്ളത്തിൽ നോക്കി പകച്ചു നിന്നു. ഒഴുകിയകന്ന അനിയത്തിയുടെ കുഞ്ഞികൈകൾ കുറച്ചു ദൂരെ പാടത്തിനു നടുവിൽ പൊങ്ങി. ഓടിയെത്തിയവർ ഒന്നടങ്കം വെള്ളത്തിൽ ചാടി അവളുടെ കൈകൾ ഉയരുന്ന ദിക്ക് നോക്കി നീന്തി.
വിവരം പെട്ടെന്ന് തന്നെ വീട്ടിലെത്തി . ആസ്മയുടെ കാര്യം മറന്നു ഓടിയെത്തിയ അമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചു കൊണ്ട് അവിടെത്തന്നെ ബോധം കെട്ടു വീണു. അത് കണ്ട ചേച്ചിയുടെ നിലവിളി ഒന്നുകൂടി ഉച്ചത്തിലായി.ഓടിയെത്തിയവർ രണ്ടുപേരെയും ആശ്വസിപ്പിക്കുന്നതിനിടയിൽ വെള്ളത്തിൽ ചാടിയവർ അനിയത്തിയുമായി കരക്കണഞ്ഞു. കുടിച്ച വെള്ളം പുറത്തെടുത്തും തുടർന്നും നൽകിയ പ്രഥമശുശ്രുഷയിൽ ബോധം വീണ അവളുടെ കരച്ചിൽ "എന്റെ പെൻശിലെ എന്റെ പെൻശിലേ " എന്നായിരുന്നു.  അവൾക്കവളുടെ പ്രിയപ്പെട്ട കളർ പെൻസിലുകൾ കൈവിട്ടു പോയിരുന്നു വെള്ളത്തിൽ.  ഒരു വെള്ളപ്പൊക്കത്തിന്റെ നടുക്കുന്നൊരു ഓർമ  ആണതെങ്കിലും ആ നിഷ്കളങ്കമായ കരച്ചിൽ ഓർക്കുമ്പോൾ ഇന്നും അറിയാതെ ചിരി വരും. പക്ഷെ, അതിനു ശേഷവും ഇങ്ങനെ അപ്രതീഷിതമായി ഓരോരോ അപകടങ്ങളിൽ ചെന്ന് ചാടി അവൾ അമ്മയുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു .അവൾ കളിയ്ക്കാൻ പോയി വന്നാൽ മിക്കപ്പോഴും ഏതെങ്കിലും കുട്ടികളുടെ അച്ഛനോ അമ്മയോ പരാതിയുമായി വരും സ്ഥിരം  . അവളുടെ കുരുത്തക്കേടുകൾക്ക് ഞങ്ങൾ ചേച്ചിമാർ അമ്മയുടെയും അച്ഛന്റെയും കൈകളിൽ നിന്നു കണക്കിന് വാങ്ങി കൂട്ടുകയും ചെയ്തു കൊണ്ടിരുന്നു.മാത്രമല്ല , നടന്നു പോകുമ്പോൾ പട്ടിയുടെ ആക്രമണത്തിന് ഇരയാകുക, സ്‌കൂളിൽ പോകുമ്പോഴോ വരുമ്പോഴോ ബസ് മാറിക്കേറി കാണാതാകുന്ന അവളെ ഓർത്തു ഞങ്ങൾ കരഞ്ഞു നടക്കുമ്പോൾ അവസാനം ആരെങ്കിലും കൊണ്ട് വീട്ടിലാക്കുക അങ്ങനെ പല പല അപകടങ്ങളും തുടർന്നും ഉണ്ടായിക്കൊണ്ടിരുന്നു. ഒരു മുഴു നീള രാഷ്ട്രീയ പ്രവർത്തക ആയതു കൊണ്ട്, ഉണ്ടാകുന്ന അപകടങ്ങൾക്കൊരു വ്യത്യാസമൊക്കെ വന്നെങ്കിലും അത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു, ഇപ്പോഴും.
മണ്ണിനെയും മരങ്ങളെയും മഴയെയും അറിഞ്ഞ, ആസ്വദിച്ചൊരു ബാല്യകാലം  ഓർമകളിൽ നിറഞ്ഞു പെയ്യുകയാണ്. . അതിന്റെ ഊഷ്മളതയും സൗരഭ്യവും ഇന്നും ജീവിതത്തിൽ എന്നെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു.

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...