Skip to main content

Posts

Showing posts from August, 2018

നീ..

നീ.. കാറ്റു പോലെയൊരുവൻ പലവഴി തേടി പാറുന്നവൻ .. പലവേഗങ്ങളെ ഒപ്പം കൂട്ടിയവൻ..  കാണുന്ന കാഴ്ചയിൽ  വർണ്ണങ്ങൾ സ്വയം ചാലിച്ചെടുത്തവൻ.. നീ  .. അലയുന്ന ആകാശം പോലെയൊരുവൻ .. ഏകാന്ത വഴികൾക്ക് ഒറ്റയ്ക്ക് കൂട്ട് ചേരുന്നവൻ .. അറ്റമില്ലാത്തൊരു യാത്രയ്ക്ക് ഉത്തരം തേടുന്നവൻ ... നീ .. കടലു പോലെയൊരുവൻ പല തീരം തേടിയൊഴുകുന്നവൻ.. ആഴമുള്ളൊരു മൗനത്തെ ഉള്ളിൽ നിറച്ചവൻ... മറവികളിൽ പുനർജനിക്കാത്തവൻ .. നീ.. ഒരേ ശലഭക്കൂട്ടങ്ങളിൽ അഗ്നിചിറകുണ്ടായിരുന്നവൻ.. പുകയുന്ന ചിന്തകളിൽ തീ പടർത്തിയവൻ. അതിരില്ലാത്ത അകലങ്ങൾ തേടാൻ ഒരുങ്ങുന്നവൻ.. നീ .. നിന്റെ മാത്രം വിചാരങ്ങൾക്ക് ഒപ്പം നടന്നവൻ .. ഉയിര് തന്ന വേദനകളെ അറിയാതെ പോയവൻ .. പിന്നെയേതോ തീരത്ത് ശാന്തമായി പെയ്തു തോർന്നവൻ ... നീ .. ഇന്നലകളിൽ എന്റെ ഓർമയിൽ ജനിക്കാതിരുന്നവൻ .. നാളെകളിൽ എന്റെ അനിശ്ചിതത്വം ആകേണ്ടവൻ.. ഇന്ന് , എന്റെ ദിശകൾക്കിരുപുറം നിലനിൽക്കുന്നവൻ..

യക്ഷി

നീ ,അവളാൽ മാത്രം അടയാളപ്പെടുത്തിയ അതിരുകളുടെ കാവൽക്കാരൻ .. കാലങ്ങളായി കണ്ടെടുക്കപ്പെടാതിരുന്ന നിന്റെ നോവിനെ അറിയാനുള്ളവൾ.. വിങ്ങിയിടറുന്ന വേദനയോടെ നീണ്ടു കൂർത്തൊരു വിരൽ നഖം പോലെ അവളെ നീ, നിന്റെ നെഞ്ചിൽ കൊരുത്തിടും. അവളുടെ മിഴിയിലെ നനഞ്ഞു പടർന്ന കരിമഷിനോട്ടങ്ങളിൽ അലിഞ്ഞു നീ ഇല്ലാതെയാവും.. കനൽ പൂക്കുന്ന നിശ്വാസങ്ങളിൽ നീ, കടപുഴകിയൊഴുകും .. ചുംബനങ്ങളുടെ ഭ്രാന്തവേഗങ്ങളിൽ നിന്റെ ഉള്ളിൽ ഉയിരിടുന്ന പ്രണയത്തിന്റെ അവസാനത്തെ നീരൊഴുക്കിനും  അവൾ തടയിടും  .. അവളുടെ കടലാഴങ്ങളിൽ തടുക്കാനാവാത്ത നിസ്സഹായതയായി നീ അടർന്നു വീഴും. . വിയർത്ത, അവളുടെ മൂക്കിൻതുമ്പിലെ ഒരു തുള്ളിയിൽ നീ നിന്നെ സ്വയം നഷ്ടപ്പെടുത്തും.. ഇടം കഴുത്തിൽ അവളുരുമ്മിയ നീറുന്ന ചുവപ്പിൽ നീ വീണ്ടും വീണ്ടും സ്വയം തിരഞ്ഞു കൊണ്ടിരിക്കും .. അവളുടെ വേരുകൾ ആഴ്ന്നിറങ്ങുന്നയിടത്തെല്ലാം നീ പിന്നെയും  പൊട്ടിമുളക്കും.. പിന്നോട്ടില്ലാത്തവിധം നീ നിന്റെ വഴികളെ മറന്നു തുടങ്ങും  . അവളെന്നെ വാക്കിൽ സ്വയംകൊരുത്ത് നീ നിന്നെ തിരികെ വിളിക്കും.  ഇനി നീ, അവളാൽ മാത്രം അടയാളപ്പെടുത്താൻ വിധിക്കപ്പെട്ട  അതിരുകളുട...

മൗനം കൊണ്ട് മുറിവേൽക്കുന്നവൾ

മൗനം കൊണ്ട് മുറിവേൽക്കുന്ന നിമിഷങ്ങളോരോന്നും അവളെഴുതുന്ന അകലങ്ങൾക്ക് ആഴം കൂടും.. സ്വയം മറന്നുവച്ചയിടങ്ങളിൽ നിന്ന് കണ്ടെടുക്കാനാവാത്ത വിധമവൾ ഇഴ പിരിഞ്ഞു കൊണ്ടിരിക്കും.. തിര തീർന്നൊരു കടൽ സ്വയം ചുരുങ്ങി, മടങ്ങുന്ന പോലെയാകുമത്.. വരണ്ട ഉപ്പുകാറ്റുള്ളയിടങ്ങളിൽ മാത്രമവൾ ഇടയ്ക്കിടെ വെളിപ്പെടാം, തീർച്ചയില്ലാത്ത വിധം.. നിറഞ്ഞു പെയ്തിരുന്നൊരു നാൾ ഉരുകിയുറഞ്ഞു പോയത് പോലെയുമാകാം.. നീണ്ട, ഇരുണ്ട ദിനങ്ങളിലൊന്നിൽ, നിറനിലാവോർമ്മകൾ ബാക്കിയില്ലാത്ത വിധം, അവൾ തെളിഞ്ഞു മറയാം.. ഓർമിച്ചു കൊള്ളൂ , മൗനം കൊണ്ട് മുറിവേൽക്കുന്ന നിമിഷങ്ങളോരോന്നും അവളെഴുതുന്ന അകലങ്ങൾക്ക് ആഴം കൂടും..

ഒറ്റമരം

ദൂരെയേതോ കുന്നിൻ മുകളിലെ കാറ്റുപിടിക്കുന്നൊരൊറ്റമരമാകണം.. പെയ്യാനുറഞ്ഞു കൂടുന്നൊരു കുഞ്ഞുമേഘത്തിന്റെ കൈ പിടിക്കണം.. സ്വയമങ്ങനെ നേർത്ത്‌ നേർത്ത് ചിതറിയൊരു പഞ്ഞികെട്ടുപോലെ പറന്നകലണം.. പലവഴി പിരിഞ്ഞൊഴുകി പലനാൾ പിന്നിട്ട യാത്രകൾ നിന്നിൽ വന്ന് നിലയ്ക്കണം..

ഏകാന്തയാത്രിക

ഒരു ജനൽ ചതുരത്തിലൂടെ ഞാൻ കാണുന്ന പുതിയ കാഴ്ചകളാണ് ഓരോ യാത്രയും. അലഞ്ഞു നടക്കാൻ ഇഷ്ടപ്പെടുന്ന മനസിന്റെ ചിന്തകളെ  നിസ്സംശയം അഴിച്ചു വിടാൻ ഓരോ കാഴ്ചയിലേക്കും എന്റെ ജനാല വാതിലുകൾ തുറക്കപ്പെടും.. എനിക്ക് വേണ്ടി ഞാൻ മാത്രം കണ്ടെത്തുന്ന നിമിഷങ്ങളുടെ സന്തോഷം.. ഓർമ്മയിൽ സൂക്ഷിച്ചു വയ്ക്കാൻ ചിലപ്പോൾ  പുതിയ ചില ചിരികൾ, മുഖങ്ങൾ, ബന്ധങ്ങൾ, മൗനമായ യാത്രാമൊഴികൾ; യാത്രകൾ അങ്ങനെ പലതും സമ്മാനിക്കും.. ചിലതിലൊക്കെയും എന്നന്നേക്കുമായി മനസ് അങ്ങനെ കൊരുത്തു കിടക്കും. ഓരോ യാത്രക്കും അവസാനം പുതിയ ഒന്നിലേക്ക് മനസ് നിശബ്ദമായി സഞ്ചരിച്ചു തുടങ്ങും.. ഒറ്റക്കോ കൂട്ടായോ എന്നതിലല്ല, എന്ത് നൽകുന്നു എന്നതിൽ ആണ് ഓരോ യാത്രയുടെയും അർത്ഥം.. ഇനിയും കാലങ്ങൾ കഴിയുമായിരിക്കും, ഞാൻ എന്നെ കാണുന്ന പുതിയൊരു യാത്രക്ക്,പുതിയൊരു തേടിപ്പോകലിന്.. പക്ഷെ,ഈ നിമിഷം, അത് മാത്രമാണെന്റെ ലോകം.. ഞാൻ മാത്രമാണ്, ഈ നിമിഷത്തിന്റെ ഉടമയും ..

അവളിടങ്ങൾ

അവൾ  , പ്രകൃതി . കാടും, മലയും, പുഴയും, മഞ്ഞും, മഴയും - അവൾക്കൊപ്പം ചേരുന്ന, അവളിൽ നിറയുന്ന, അവളെ അറിയുന്ന,  #അവളിടങ്ങൾ ❤ ഒഴുകട്ടെ.. തടയാതെ, മുറിയാതെ. പെയ്യട്ടെ.. തളരാതെ,ഒടുങ്ങാതെ. പച്ചവസന്തം ഉള്ളിൽ നിറച്ചു കാടു പോലെയവൾ പൂക്കട്ടെ.. കാറ്റിനൊപ്പം അലയട്ടെ.. അവളായി തന്നെ, അവളിൽ തന്നെ നിറയട്ടെ.❤ #marayurdays #she #mygirl #traveldiary2018

അഭിമന്യു

#അഭിമന്യു  ഇത് നിന്റെ വഴികൾ.. നീ  നടന്ന വഴികൾ.. മഴ വീണ, മഞ്ഞു വീണ പകലിരവുകൾ നിന്നിലേക്ക്‌  എത്തി ചേർന്ന വഴികൾ.. ദൂരെ ഒരൊറ്റ നക്ഷത്രമാകാൻ നിന്നെ നയിച്ച വഴികൾ.. പറന്നകലുമ്പോഴും നിന്നെ നിന്നിലേക്ക് തന്നെ ചേർത്തു പിടിച്ച വഴികൾ.. ഉള്ളിലുറഞ്ഞ വിപ്ലവം നിന്റെ ഉറച്ച ചുവടുകളെ നയിച്ച വഴികൾ.. "നാൻ പെറ്റ മകനേ" എന്ന നെഞ്ച് പിഞ്ഞിയൊരു വിലാപം നിന്റെ അവസാന യാത്രക്ക് കൂട്ടുചേർന്ന വഴികൾ.. #അഭിമന്യു നീ, നിറഞ്ഞൊരു ചിരിയിൽ ഓർമയായി നിലനിൽക്കുന്നവൻ.. മരണത്താൽ അടയാളപ്പെടുത്തിയവൻ.. #അഭിമന്യു മഴമണം തങ്ങിയ ആ മൺചുവരിലെ എന്നെനോക്കി ചിരിച്ച, മഴനനഞ്ഞൊരു ചുവർചിത്രം.. അത് മാത്രമാണ് നീ എന്ന ഓർമ. #vattavada