Skip to main content

അവരിടങ്ങൾ 3

അവനൊപ്പം അവളിരുന്നു. ആദ്യമായി, അവിചാരിതമായി.. !!

മലമുകളിലൊരസ്തമയം.. !!അവളുടെ സ്വരത്തിൽ ആശ്ചര്യത്തിനൊപ്പം ഒരു ശാന്തത നിറഞ്ഞു..

ചെറുതായി വീശുന്ന കാറ്റിന്റെ നനുത്ത ഇരമ്പലും അതുത്തെവിടെയോ അമ്പലത്തിൽ നിന്നുള്ള പ്രാർത്ഥനയും മാത്രം അവർക്കിടയിൽ ശബ്ദങ്ങളായി..

അവനൊന്നും മിണ്ടാതെ, ദൂരെ മരങ്ങൾക്കിടയിലേക്ക് മറയുന്ന സൂര്യനെ നോക്കിയിരുന്നു, ആകാശത്ത് ചുവന്ന നിറത്തിൽ ചുരുൾ നിവരുന്ന മേഘരൂപങ്ങളിൽ തമോഗർത്തങ്ങളെ സങ്കല്പിച്ചു, അസ്തമയത്തിനൊപ്പം ചേക്കേറാൻ പറന്നകലുന്ന പക്ഷികളെ നോക്കി വെറുതെ വ്യാകുലപ്പെട്ടു "പണ്ട് കണ്ടിരുന്ന തുമ്പികളും ശലഭങ്ങളും ഒന്നുമിപ്പോൾ കാണാനില്ല.. !!

അവർക്കു പുറകിലെ ചെറിയ തറയിൽ എന്നോ ആരോ കൊളുത്തിയ തിരിയുടെ കരിയുണങ്ങി പിടിച്ചിരുന്നു.. അവൾ തറയുടെ ചുവരിൽ ചാരി അവനെ നോക്കി.. മറ്റേതോ ലോകത്തിലെന്നവണ്ണം ഇരിക്കുന്ന അവന്റെ മുഖത്തിന്റെ ഒരു വശം അവൾക്കിപ്പോൾ കാണാം..മലകയറിയതിന്റെ വിയർപ്പ് മുഖത്ത് തിളങ്ങുന്നു.. !!!

അവൻ പതിയെ തോളിനു മുകളിലൂടെ തല ചെരിച്ചു അവളെ നോക്കി.... അവന്റെ കണ്ണിൽ നോക്കേണ്ടിയിരുന്ന അവസരങ്ങളിലൊക്കെ അവൾ അകാരണമായി ചിരിച്ചു...!!

അന്തരീക്ഷം പതിയെ തണുത്തു തുടങ്ങുന്നത് അവളറിഞ്ഞു.. ദൂരെ മരങ്ങൾക്കിടയിലെവിടെയോ സൂര്യൻ മറഞ്ഞു കഴിഞ്ഞു..ഇരുണ്ടു തുടങ്ങുന്ന സന്ധ്യയിൽ അവരവരുടെ വിചാരങ്ങളിൽ കുരുങ്ങി കിടക്കുന്ന രണ്ടു വ്യത്യസ്ത ലോകങ്ങളാണ് തങ്ങളെന്ന് അവൾക്ക് തോന്നി...!

ഇത്ര മനോഹരമായൊരു അസ്തമയം ഞാൻ ആദ്യമായാണ് അനുഭവിക്കുന്നത്.. !!

ആദ്യമായി? !! അവനൊന്നു സംശയിച്ചു..

അതേ.. മറ്റാർക്കും വേണ്ടിയല്ലാതെ.. മറ്റ് ബഹളങ്ങളിൽ അല്ലാതെ.. എനിക്ക് വേണ്ടി മാത്രം, ഞാൻ അനുഭവിച്ച നിമിഷം.. !!

അവൻ ചിരിച്ചു..

അപ്പോൾ ഞാനോ? !!

അത് വേറൊരു ലോകമല്ലേ? ! എന്റെ ലോകത്തേക്ക് ഇറങ്ങി വരാതെ, മാറി നിന്ന മറ്റൊരു ലോകം? !!

അവൻ വീണ്ടും ചിരിച്ചു..
ഞാനാലോചിച്ചത് തമോഗർത്തങ്ങളെ കുറിച്ചായിരുന്നു...ഈ പ്രപഞ്ചത്തിൽ വേറെയും ലോകങ്ങൾ ഇതുപോലെ ഉണ്ടാവില്ലേ?? !

അവൾ ആലോചനയുടെ അവന്റെ മുഖത്ത് നോക്കിയിരുന്നു..

ശെരി, ഞാനൊരു ചോദ്യം ചോദിക്കാം.. ! അവൻ അവൾക്ക് നേരെയിരുന്നു..

ഉം? !

നമ്മൾ ജീവിക്കുന്നത് എവിടെയാണ്? !!

ഈ നിമിഷത്തിൽ.. !! അവളവന്റെ കണ്ണിൽ നോക്കി ഉത്തരം പറഞ്ഞു.

പറയാൻ വന്നതെന്തോ മറന്നവൻ ചിരിച്ചു..അവളുടെ മുഖത്തേക്ക് നോക്കി തോൽവി സമ്മതിക്കുന്നത് പോലെ പറഞ്ഞു.. "അതേ, ഈ നിമിഷത്തിൽ..നമ്മൾ... "

"അല്ല....ഞാനും നീയും.. "അവൾ ഇടക്ക് കയറി.. ഞാനും നീയും ആയിരുന്നു ഈ നിമിഷങ്ങളിൽ.. നമ്മളെന്നൊരു സ്വാർത്ഥതയിൽ ഈ നിമിഷത്തിന്റെ ഭംഗി കളയാൻ എനിക്കിഷ്ടമില്ല.. !!

അവൾ നോട്ടം അവന്റെ മുഖത്ത് നിന്നു മാറ്റി..

പെട്ടെന്നൊരു തോന്നലിൽ അവനവളുടെ തോളിൽ മുഖമണയ്ക്കാൻ തോന്നി..തന്റെ തോളിൽ അവന്റെ മുഖമുരസിയത് അവളറിഞ്ഞു..

അവനെ നോക്കാതെ തന്നെ അവൾ ചോദിച്ചു "എന്തുകൊണ്ടിപ്പോൾ? !

അങ്ങനെ തോന്നിയത് കൊണ്ട്.. എനിക്കേറ്റവും പ്രിയപ്പെട്ടൊരിടമാണിത് എന്ന്‌ തോന്നിയത് കൊണ്ട്.. !!അവൻ നേരെയിരുന്നു..

വേനൽ മഴയെ ഓർമിപ്പിക്കുന്നൊരു തണുത്ത കാറ്റ് അവർക്കിടയിൽ കടന്നു പോയി.. !




Comments

Post a Comment

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

കടൽ - ചാപ്റ്റർ 2

പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വരുന്നതിന്റെ അറിയിപ്പ് ഉയർന്നതിനൊപ്പം അയാളുടെ ഫോൺ ശബ്ദിച്ചു. നൌഷാദ് ആണ് വിളിക്കുന്നത്. അയാൾ എടുത്ത് ചെവിയിൽ ചേർത്തു. “നീ ഇതെവിടെ പോയി കിടക്കുന്നു..? ട്രെയിൻ വരുന്നു..! “ഞാൻ എത്തി,പ്ലാറ്റ്ഫോമിലുണ്ട് .. നീ എവിടെയാണ്? നൌഷാദ് പറഞ്ഞത് കേട്ട് അയാൾ ചുറ്റും നോക്കി. പ്ലാറ്റ്ഫോമിലേക്ക് കടക്കുന്ന വാതിലിനരികിൽ നിന്ന് നൌഷാദ് ചുറ്റും നോക്കുന്നത് കണ്ടു.  “തിരിഞ്ഞു നോക്ക്, ഈ ടീ ഷോപ്പിന്റെ അടുത്ത്."അത് കേട്ട് നൌഷാദ് തിരിഞ്ഞു നോക്കി. അയാളെ കണ്ടപ്പോൾ കൈ ഉയർത്തി കാണിച്ചിട്ട് ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് അയാളുടെ അരികിലേക്ക് നടന്നു വന്നു. വന്ന ഉടനെ അയാളെ കെട്ടിപ്പിടിച്ചു.  “ഒന്നും പറയണ്ട അളിയാ.. ഇറങ്ങാൻ ഇത്തിരി ലേറ്റ് ആയിപ്പോയി.” “ഞാൻ ഓർത്തു ഇന്നത്തെ പോക്ക് ക്യാൻസൽ ചെയ്യേണ്ടി വരുമെന്ന്” അയാൾ നൌഷാദിനെ കുറച്ചു കടുപ്പിച്ച് നോക്കി. നൌഷാദ് ചിരിച്ചു കൊണ്ട് അയാളുടെ പുറത്ത് തട്ടി. അപ്പോഴേക്കും ട്രെയിൻ അവർ നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നു. ആളുകൾ കയറി ഇറങ്ങുന്ന തിരക്കിനിടയിൽ അവരും കയറിയിട്ട് സീറ്റ് കണ്ടു പിടിച്ചു ഇരുന്നു. നൌഷാദ് ആശ്വാസത്തോടെ ബാഗ് സീറ്റിൽ ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...