കാട് പോലെ പടർന്നൊരുവനിൽ
വഴി കാണുക എന്നത് പലപ്പോഴും യാദൃശ്ചികം മാത്രമായിരിക്കാം.
അല്ലെങ്കിൽ ആത്മഹത്യാപരം എന്നു വേണമെങ്കിലും പറയാം.
ഒരേ ദൂരം ഒരുമിച്ചു പോയിട്ട് ഒറ്റയ്ക്കൊരു വന്യതയിൽ ഗതികിട്ടാതെ അലയേണ്ടി വരും ചിലപ്പോൾ.
ജലപാതമെന്നു മോഹിപ്പിച്ചിട്ട്
അഗ്നി തിളച്ച മണലാരണ്യത്തിന്റെ
ഒത്ത നടുവിൽ കണ്ണു കെട്ടി എറിയപ്പെടുകയും ചെയ്യാം.
ഇല്ല, അതൊന്നും പക്ഷെ ഒരു തിരിഞ്ഞു നടപ്പിന് കാരണം അല്ല.
എന്തെന്നാൽ ഓരോ നേരവും ഉള്ളു നീറിയൊതുങ്ങി മറയാൻ ശ്രമിക്കുമ്പോഴും ക്രൗര്യം വിരൽനഖങ്ങളാൽ കോർത്തെടുത്തു പറക്കാൻ തക്കം പാർത്തൊരുവൻ പിന്നാലെ ഉണ്ട്.
പ്രണയത്തിന്റെ കരാളഹസ്തങ്ങൾ.
ഭീകരമായൊരു സ്വപ്നം എന്നു പറയാൻ കഴിയില്ല.
അതൊരു സ്വപ്നമായിരുന്നില്ല ഒരിക്കലും.
കോർത്തുവലിച്ചു നീറ്റുന്ന സാന്നിധ്യം തന്നെയാണത്.
ഇരുൾവെളിച്ചങ്ങൾ ഭേദമില്ലാതെ
കൊണ്ടും കൊടുത്തും വേദന പങ്കുവയ്ക്കുന്ന രണ്ടു ധ്രുവങ്ങൾ.
അകന്നു മാറാൻ ശ്രമിക്കുന്ന നേരങ്ങളെ പരസ്പരം പാദങ്ങളാൽ ചവിട്ടി അമർത്തി നിർത്തുന്ന തീഷ്‌ണതകൾ.
തിളച്ച, വിയർത്ത മധ്യാഹ്നങ്ങളിൽ ഒരാൾ മറ്റൊരാളാൽ കിതച്ചടങ്ങാൻ വെമ്പുന്ന തീവ്രതകൾ.
മുങ്ങിയും പൊങ്ങിയും ശ്വാസം മുട്ടുന്ന ഞരക്കങ്ങൾ.
വിട്ടു കളയാൻ ആവില്ലയെന്നു മുരണ്ട്, പിന്നെയും പിന്നെയും ആഴങ്ങളിലേക്ക് വലിച്ചെടുക്കുന്ന ഹൃദയശൂന്യത.
ഇതിനെല്ലാം നടുവിലൂടെയുള്ള ഇടുങ്ങിയ വരയിലൂടെ വേണം കാട് പോലെ ഇടതൂർന്ന ഒരുവനിലേക്ക് വഴി തെളിക്കാൻ.!!
Comments
Post a Comment