ഇന്നലെ വരെ കൂടെയുണ്ടായിരുന്നൊരുവന്റെ മരണം കേട്ടാൽ
അടക്കം കഴിഞ്ഞാൽ കഞ്ഞിയുണ്ടോ എന്നു ചോദിക്കാൻ ആണ് നാവു പൊന്തുന്നത്,
മരണത്തിന്റെ തണുത്തുറഞ്ഞ ഒറ്റപ്പെടൽ
ജനനത്താൽ തന്നെ കൂടെ കൂടിയിരിക്കുന്നത് കൊണ്ടാകാം.
വേദനയില്ലായ്മയിൽ അത്ഭുതം ഒന്നും ഇല്ല.
ഒരു നനഞ്ഞ കുഴിയുടെ ഇത്തിരി നീട്ടത്തിലേക്ക് അരിയും പൂവും എറിഞ്ഞു കൊടുത്ത്,
കുളിയും കഴിഞ്ഞാൽ പിന്നെ അരിവെന്ത മണത്തിലേക്ക് ഒരോട്ടമാണ്.
കുറച്ചു കാലം പച്ചമണ്ണങ്ങനെ കുളിർന്നു നിൽക്കും.
ആകെയുള്ളതിൽ ആറടി കളയാനില്ലാത്തതിനാൽ പിന്നെ പതിവ് പോലെ കപ്പയും കാന്താരിയും മുളച്ചു തുടങ്ങും.
തൊണ്ടയിലൂടെ എരിവ് തൊട്ടിറങ്ങുന്ന
നേരങ്ങളിൽ
'കടന്നു പോയവന്റെ എല്ലിൻ മൂപ്പ്' എന്ന ഓർമയെ വെള്ളമൊഴിച്ചു കീഴ്പ്പോട്ടിറക്കും.
നിലാവ് കണ്ടുറങ്ങാം എന്ന സൗകര്യം,
മഴ പെയ്യുമ്പോൾ ഒലിച്ചു പോകുന്ന കീറത്തുണിയുടെ ഓട്ടകൾ ,
തലയ്ക്കു മുകളിൽ എപ്പോഴും ഓർമിപ്പിച്ചു കൊണ്ടിരിക്കും
ഇനിയുള്ളത് ചാകാറായ അമ്മൂമ്മയെന്ന്.
ഉറക്കം മുറിയുന്ന രാത്രികളിൽ
നിലാവില്ലാതെ ഇരുട്ടു നിറച്ചു കിടക്കുമ്പോൾ
കട്ടിലിനടിയിൽ ആറടിക്കു സൗകര്യമുണ്ടോ എന്നു പരിശോധിക്കുമ്പോഴയിരിക്കും പഴകിയ കയർക്കട്ടിൽ അസ്വസ്ഥതയോടെ ഞരങ്ങുന്നത്.
അമ്മൂമ്മക്ക് രാത്രിയിലും ഉറക്കമില്ലാത്തതാണെന്ന് മറന്നതല്ല.
പക്ഷെ, മണ്ണ് കുതിർന്ന തണുത്ത തറയിലെ കല്ലുകൾ മൂർച്ചയോടെ ദേഹത്തു തട്ടുമ്പോഴോക്കെ, ആ കട്ടിൽ ഒന്ന് ഒഴിഞ്ഞിരുന്നെങ്കിൽ എന്നു ആശിക്കാറുണ്ട്.
മഴക്കാലത്തും മഞ്ഞുകാലത്തും രാത്രികളിൽ ഇടയ്ക്കിടക്ക്
ഇളയ പിള്ളേരുടെ നനഞ്ഞ കൈകാലുകൾ ചൂട് പറ്റി ദേഹത്തു ചുറ്റിക്കയറി ഉറക്കം മുറിയുന്നത് പതിവാണ്.
ആറടി മണ്ണിന്റ സ്വസ്ഥതയെ ഇറുക്കി
പുൽകാൻ വെമ്പുന്ന മനസുമായിട്ടാണ് പലപ്പോഴും ഓരോ രാത്രിയും തുടങ്ങുന്നത്.
നനഞ്ഞു ചുരുണ്ട ജീവിതത്തിന് വെളിച്ചം തേടാൻ മരണത്തിന്റെ ഇരുണ്ട തണുപ്പിന് മാത്രമേ കഴുയുകയുള്ളൂ എന്നോ?!!
Comments
Post a Comment