എപ്പോഴെന്ന് നിശ്ചയമില്ലാത്തവിധം സ്വയം തളിർക്കുന്ന ചില ചില്ലകളുണ്ട്.
ഏതു വസന്തത്തിന്റെ വേര് പൊട്ടിമുളച്ചതെന്നു അറിയാൻ കഴിയാത്ത ചില പൂമരക്കാടുകളുണ്ട്.
മറവിയാൽ പോലും ഇഴപിരിയാൻ കഴിയാത്ത വിധം
നീണ്ടുപിണഞ്ഞു കിടക്കുന്ന നോവ് നേരങ്ങളുണ്ട്.
എത്രയെത്ര വനവാസങ്ങളും ബാക്കി വയ്ക്കുന്ന കാടണിഞ്ഞ കിനാവുകൾ ഉണ്ട്..
ഒരിക്കലെങ്കിലും ബാക്കിയാവുന്ന ചില തിരിഞ്ഞുനോട്ടങ്ങളുണ്ട്..
കാത്തിരിപ്പിന്റെ ഇനിയേത് നീണ്ട വഴികളെന്ന് സ്വയം ചാർത്തുന്ന ചില ഓർമ്മിക്കലുകൾ ഉണ്ട്.
എത്രയെത്ര വസന്തങ്ങളും അഴുകി തീർന്നാലും,
എത്രയെത്ര നീർപാതങ്ങൾ ഒഴുകി തീർന്നാലും,
എത്രയെത്ര കാൽപ്പാടുകൾ മങ്ങിമാഞ്ഞാലും,
ഇനിയുമുണ്ടാകാൻ ഇടയുള്ള ഒന്നിലേക്ക് എപ്പോഴും ചാഞ്ഞു നീളുന്ന അടക്കമില്ലാത്ത ഇളക്കങ്ങൾ ഉണ്ട്,
ഇറ്റു വീഴുന്ന മഞ്ഞനേരങ്ങളുടെ തിളക്കങ്ങൾക്കൊപ്പം..
Comments
Post a Comment