അവളെത്തുമ്പോൾ അവൻ കടൽതീരത്ത് നിരത്തിയിട്ടിരുന്ന ബെഞ്ചുകളൊന്നിൽ ഏകനായി ഇരിക്കുന്നുണ്ടായിരുന്നു. കാറ്റിൽ പാറുന്ന മുടിയിഴകൾ കാഴ്ച മറക്കുമ്പോൾ, ഇടയ്ക്കിടയ്ക്ക് കൈകൊണ്ട് ഒതുക്കി വയ്ക്കാൻ വൃഥാ ശ്രമിച്ചു കൊണ്ട് അവൻ കടൽത്തിരകളിൽ ആർത്തുവിളിച്ചു ബഹളം വച്ചു കളിക്കുന്ന കുട്ടികളെ നോക്കിയിരുന്നു. അധികം തിരക്കില്ലാത്ത സ്ഥലത്ത് ആണ് അവൻ ഇരിക്കുന്നത്. അവൾ അവനെ വിളിക്കാൻ നിൽക്കാതെ അവന്റെ അടുത്ത് ചെന്നിരുന്നു. അവളുടെ സാന്നിധ്യം അറിഞ്ഞതും അവൻ തല തിരിച്ചു അവളെ നോക്കി.
"എപ്പോൾ എത്തി" ? അവൾ ചോദിച്ചു.
"കുറച്ചുനേരമായി" അവൻ മറുപടി പറഞ്ഞിട്ട് നിശബ്ദമായി വീണ്ടും കടലിലേക്ക് തന്നെ നോക്കിയിരുന്നു.അവളും ഒന്നും സംസാരിച്ചില്ല. തങ്ങൾക്കിടയിൽ മൗനം കനക്കുന്നത് നീണ്ടു പോകുന്നതിൽ അവൾ ഒരു അസ്വസ്ഥതയോടെ അവനെ നോക്കി.
"ഇങ്ങനെ മിണ്ടാതിരിക്കാൻ ആണോ എന്നോട് വരാൻ പറഞ്ഞത്?" അവളുടെ സ്വരത്തിൽ അല്പം ഈർഷ്യ കലർന്നു. അവൻ മുഖം തിരിച്ചു അവളെ നോക്കി. അവന്റെ മുഖത്തെ അലസഭാവം കണ്ട് അവൾ അവനെ അടിമുടി ഒന്നു നോക്കി.
"വിവാഹം കഴിഞ്ഞതിന്റെ ഒരു പുതുമോടി ഒന്നും കാണുന്നില്ലല്ലോ" അവൻ അവളുടെ മുഖത്തു നിന്ന് നോട്ടം മാറ്റിയില്ല.അവന്റെ നോട്ടം അവഗണിച്ചു കൊണ്ട് അവൾ അവന്റെ ഷർട്ടിൽ പിടിച്ചു നോക്കി "ഇത് നീ സ്ഥിരം ഇടുന്ന ഷർട്ട് അല്ലെ, പുതിയാതൊക്കെ ഇട്ടല്ലേ ഈ സമയത്തു ആളുകൾ നടക്കേണ്ടത്?!" അവളുടെ സ്വരത്തിൽ നിറഞ്ഞ പരിഹാസം കേട്ടു അവന്റെ ചുണ്ടുകളുടെ കോണിൽ ഒരു ചിരി വിടർന്നു. അത് കാണാത്ത മട്ടിൽ അവൾ മുഖം തിരിച്ചിരുന്നു.
" നീ എന്റെ ഫോൺ കാൾസ് അറ്റൻഡ് ചെയ്തിട്ട് എത്ര ദിവസമായി?! അവൻ സൗമ്യമായി അവളോട് ചോദിച്ചു. അവൾ മറുപടി പറയാതെ മുഖം തിരിച്ചു തന്നെ ഇരുന്നു.
" ഞാൻ ചോദിച്ചത് നിന്നോട് ആണ്" അവൻ ആവർത്തിച്ചു കൊണ്ട് അവളുടെ ഇടത് കൈപ്പത്തി പിടിച്ചു വേദനിക്കുന്ന വിധത്തിൽ അമർത്തി. അവൾ പെട്ടെന്ന് അവന്റെ കയ്യിൽ നിന്ന് സ്വന്തം കൈ വലിച്ചെടുത്തു. വേദനിച്ചിട്ടെന്നവണ്ണം കുടഞ്ഞു കൊണ്ട് അവന്റെ നേരെ തീഷ്ണമായി നോക്കി.
"എനിക്ക് മനസ്സില്ലായിരുന്നു എടുക്കാൻ. നീ വിളിച്ചാൽ ഉടനെ എടുത്തു കൊള്ളണം എന്നു നിയമം ഇല്ലല്ലോ". അവൻ മറുപടി പറയാതെ അവളെ തന്നെ നോക്കി ഇരുന്നു.അവളും വാശി പോലെ നോട്ടം മാറ്റിയില്ല. ഒരു ദീർഘനിശ്വാസത്തോടെ അവൻ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു. അവൾ അവന്റെ അടുത്ത് നിന്ന് നീങ്ങിയിരിക്കാൻ ശ്രമിച്ചപ്പോൾ അവൻ അവളുടെ കയ്യിൽ പിടിച്ചു അടുത്തേക്ക് വലിച്ചിരുത്തി. ആളുകൾ ശ്രദ്ധിക്കുന്നെണ്ടെന്ന മട്ടിൽ അവൾ കണ്ണുകൾ കൊണ്ട് ചുറ്റും നോക്കി.അവൻ അത് ശ്രദ്ധിക്കാതെ അവളുടെ നേരെ മുഖം അടുപ്പിച്ചു.
"എന്നെ ഒഴിവാക്കണം എന്നുണ്ടോ നിനക്ക്"?! അവൾ മുഖഭാവത്തിനു ഒരു അയവും വരുത്താതെ വെല്ലുവിളിക്കുന്നത് പോലെ അവനെ നോക്കി.
"ഉണ്ടെങ്കിൽ?!
"അത് നിന്റെ വെറും വ്യാമോഹം മാത്രം ആയിരിക്കും" അവൻ നിസ്സാരമായി പറഞ്ഞു കൊണ്ട് നേരെ ഇരുന്നു. അവൾ അവനെ നോക്കി പല്ലു കടിച്ചു. അവൻ അക്ഷോഭ്യനായി കൈകൾ കെട്ടിയിരുന്നു കൊണ്ട് അവളെ തല ചെരിച്ചു നോക്കി.
"എന്തുപറ്റി" എന്ന അർത്ഥത്തിൽ അവൻ പുരികം ഇളക്കി. അവൻ തന്നെ കളിയാക്കുകയാണെന്ന തോന്നൽ അവളിലെ ദേഷ്യത്തിന് ആക്കം കൂട്ടി.അവൾ ചാടി എഴുന്നേറ്റു.
"ഞാൻ പോകുന്നു."
"എങ്ങോട്ട്"?
"അത് നിന്നെ ബോധിപ്പിക്കേണ്ട കാര്യം ഇല്ല"
"എന്നെ മാത്രമേ നീ ബോധ്യപ്പെടുത്തേണ്ടതുള്ളു" അവന്റെ മറുപടി കേട്ട് അവൾ കലിയോടെ അവനെ നോക്കി.അവൻ വീണ്ടും പറഞ്ഞു."എന്റെ അടുത്ത് നിന്ന് ഒരടി നീ മാറി നിൽക്കണം എങ്കിൽ അത് ഞാൻ അറിഞ്ഞേ പറ്റൂ.ഞാൻ മാത്രം അറിഞ്ഞാൽ മതി."
"ഞാൻ അങ്ങനെ തീരുമാനിച്ചിട്ടില്ല."
"ഞാൻ ഉള്ളയിടത്തോളം നിന്റെ കാര്യത്തിൽ നിന്റെ തീരുമാനത്തിന് തത്കാലം ഒരു പ്രസക്തിയുമില്ല." അവൻ നിസ്സംശയം പറഞ്ഞത് കേട്ട് അവൾ അവനെ തുറിച്ചു നോക്കി നിന്നു. അവൻ കയ്യെത്തി അവളുടെ കൈയിൽ പിടിച്ചു വലിച്ചു. അവൾ ബാലൻസ് തെറ്റിയപോലെ ബെഞ്ചിലേക്കിരുന്നു.
"എന്താ നിന്റെ ഉദ്ദേശം? അവൾ അവനെ നോക്കി അല്പം ഉച്ചത്തിൽ ചോദിച്ചു.
"ശ്.. പതുക്കെ..ആളുകൾ ശ്രദ്ധിക്കും.." അവൻ ചുണ്ടിൽ വിരൽ ചേർത്തു കളിയായി പറഞ്ഞു.
"ആര് ശ്രദ്ധിച്ചാലും എനിക്കൊന്നും ഇല്ല..പറയ്.. എന്താ നിന്റെ ഉദ്ദേശ്യം..?!
"തൽക്കാലം പുതിയ ഉദ്ദേശം ഒന്നുമില്ല..പഴയ ഉദ്ദേശങ്ങൾക്ക് മാറ്റമൊന്നും ഇല്ലതാനും.." അവൾ സഹിക്കെട്ടിട്ടെന്നവണ്ണം വിരലുകൾ സ്വയം ഞെരിച്ചു. അവൻ ചിരിയമർത്തി അവളെ നോക്കി.
"നിനക്കിപ്പോൾ എന്താ വേണ്ടത്?! അവളുടെ ഭാവമാറ്റങ്ങൾ കുറച്ചു നേരം നോക്കിയിരുന്നിട്ട് അവൻ കൈയുയർത്തി അവളുടെ മുടിയിഴകൾ ഒതുക്കി വയ്ക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.അവൾ അവന്റെ കൈ തട്ടി തെറിപ്പിച്ചു.
"എന്നെ ഒന്ന് വെറുതെ വിട്ടാൽ മാത്രം മതി..വേറെ ഒന്നും വേണ്ട"
"സോറി..അതു മാത്രം നടക്കില്ല" അവൻ വീണ്ടും കൈകൾ കെട്ടി ഇരുന്നു. അവൾ ദേഷ്യത്തിൽ എന്തോ പറയാൻ വന്നിട്ട് സ്വയം അടക്കി. അവൻ അവളുടെ നേരെ തിരിഞ്ഞിരുന്നു.
"നീ എന്താണിങ്ങനെ പെരുമാറുന്നത് എന്നോട്.ഒന്നും അറിയാത്തത് അല്ലല്ലോ നിനക്ക്.നമ്മൾ രണ്ടും കൂടി അറിഞ്ഞു തന്നെ തുടങ്ങിയതല്ലേ എല്ലാം.അല്ലെങ്കിൽ പിന്നെ..." പറയാൻ വന്നത് അവൻ പെട്ടെന്ന് നിർത്തി.അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി 'ബാക്കി കൂടി പറയ്' എന്ന ഭാവത്തിൽ ഇരുന്നു.
"അല്ലെങ്കിൽ പിന്നെ.....അന്നേ നിനക്ക് ഒഴിവാകാമായിരുന്നല്ലോ.ഒരു നിബന്ധനകളോ നിർബന്ധങ്ങളോ എനിക്കില്ലായിരുന്നു" അവൾ ഒന്നും മിണ്ടിയില്ല.അവൻ തുടർന്നു " അതോ..ഇനി ഇപ്പോൾ മറ്റു വല്ല ചിന്തകളും ഉണ്ടോ.? അവന്റെ ചോദ്യം കേട്ട് അവൾ പുരികം ഉയർത്തി ചോദ്യഭാവത്തിൽ അവനെ നോക്കി..
"അല്ലാ, ഞാനിനി ഒന്ന് കെട്ടിയത് ആയത് കൊണ്ട് മടുത്തു തുടങ്ങിയോ എന്ന്" അവൾ ചുണ്ടിന്റെ കോണുകൾ കൊണ്ട് അവനെ നോക്കി പരിഹാസത്തോടെ നോക്കി.
"ഒരു വെപ്പാട്ടിയുടെ സ്ഥാനം അലങ്കരിക്കാനുള്ള താല്പര്യം ഇല്ലായ്മ ആയിട്ട് കാണുകയും ചെയ്യാമല്ലോ നിനക്ക്" അവളുടെ മറുപടിയിൽ അവനൊന്ന് ഉലഞ്ഞു. അവളിൽ നിന്ന് അത്ര ഒന്ന് അവൻ പ്രതീക്ഷിച്ചില്ലായിരുന്നു എന്നത് അവന്റെ മുഖഭാവത്തിൽ വ്യക്തമായിരുന്നു.അത് അവളിൽ വല്ലാത്ത ഒരു സന്തോഷം ഉണ്ടാക്കി.വിജയ ഭാവത്തിൽ അവൾ അവനെ നോക്കി. അവൻ പറയാൻ ഒന്നും ഇല്ലാത്ത പോലെ തല കുമ്പിട്ടിരുന്നു. കുറച്ചു നേരം അവർക്കിടയിൽ മൗനം കനത്തു നിന്നു. അവൻ തന്നെ അവസാനം മൗനം ഭഞ്ജിച്ചു. " നിനക്ക് തോന്നുന്നുണ്ടോ എന്റെ ജീവിതത്തിൽ നിന്റെ സ്ഥാനം അതാണെന്ന്.അതായിരിക്കുമെന്ന് ?!" അവന്റെ സ്വരം ബലഹീനമായിരുന്നു.അവൾ പ്രതികരിച്ചില്ല.
" അതേ..എന്റെ തെറ്റാണ്. പക്ഷെ നിനക്കു എന്തിനും
സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലേ.പോകാമായിരുന്നല്ലോ"
"എങ്ങോട്ട് പോകാൻ" അവൾ ചോദിച്ചു. അവൻ മറുപടി ഒന്നും പറഞ്ഞില്ല. അവൾ അല്പനേരം കൂടി അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.
"എങ്ങോട്ട് ആയിരുന്നു ഞാൻ പോകേണ്ടിയിരുന്നത്. അതു കൂടി നീ പറ. വേറെ ഒരാൾക്ക് ജീവിതം തീറെഴുതി കൊടുത്തിട്ട് എന്നെ എന്തിനു അതിന്റെ ഇടയിലേക്ക് വലിച്ചിട്ടു?!! ഒന്നും
പറയാതെ തന്നെ നിനക്ക് പോയി ആരെയെങ്കിലും വിവാഹം കഴിക്കാമായിരുന്നില്ലേ?!! നിനക്ക് അത് ചെയ്യാമായിരുന്നല്ലോ" അവളുടെ കണ്ണുകൾ ചുവന്നു. ഒരു വിതുമ്പലിന്റെ വിറയൽ അവളുടെ ചുണ്ടുകളിൽ തിണർത്തു കിടന്നു. അവനു നെഞ്ചു വേദനിക്കുന്നത് പോലെ തോന്നി.അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു അവളെ ചേർത്തു പിടിച്ചു. അവൾ അവന്റെ തോളിൽ മുഖം അമർത്തി. പെട്ടെന്ന് തന്നെ അവനിൽ നിന്ന് അകന്ന് ഇരുന്നു കൊണ്ട് മുഖം തുടച്ചു. " ദയവു ചെയ്ത് നീ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കരുത്. എനിക്കിപ്പോൾ അതിന്റെ ആവശ്യം ഇല്ല" അവൾ അവന്റെ മുഖത്തു നോക്കാതെ തിരിഞ്ഞിരുന്നു. അവൻ പിന്നീട് ഒന്നും മിണ്ടിയില്ല.അവളും!!
"നീ വേറെ ആരെയും സ്നേഹിക്കാൻ പാടില്ല. മനസു കൊണ്ടോ ശരീരം കൊണ്ടോ" അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു കൊണ്ട് അവൾ തന്നെ മൗനം മുറിച്ചു. അവന്റെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടാകാഞ്ഞപ്പോൾ അവൾ തുടർന്നു
" നിന്റെ ജീവതത്തിൽ ഞാൻ മാത്രം മതി. എന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞതിന്, ആ സ്നേഹത്തിന്റെ പേരിൽ ഞാൻ ഇപ്പോൾ വേദനിക്കുന്നതിന് അതിൽ കുറഞ്ഞൊരു ശിക്ഷ എനിക്ക് തരാൻ ഇല്ല"
അവൾ പറഞ്ഞു നിർത്തി. കടൽക്കാറ്റിന്റെ ഇരമ്പൽ മാത്രം അവർക്കിടയിൽ തങ്ങി നിന്നു. നിശബ്ദത നീണ്ടപ്പോൾ അവൾ പതിയെ മുഖം തിരിച്ചു അവനെ നോക്കി. അവളെ തന്നെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കുകയായിരുന്നു അവൻ. അവന്റെ കണ്ണിൽ തന്നോട് ആദ്യമായി പ്രണയം തുറന്ന് പറഞ്ഞ ദിവസത്തെ അതേ തിളക്കം അവൾ കണ്ടു. അവൻ മറ്റൊന്നും ശ്രദ്ധിക്കാതെ അവളെ തന്റെ ദേഹത്തേക്ക് ചേർത്തു പുൽകി. അവൾ അവന്റെ കഴുത്തിൽ മുഖം അമർത്തികൊണ്ടു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു
" എനിക്ക് ആ ഒരു വാക്ക് തരില്ലേ നീ?!!"
അവൻ മറുപടി പറയാതെ അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു. സായാഹ്നകിരണങ്ങളിൽ ചുവന്ന കടൽ അവർക്ക് മുന്നിൽ നീണ്ടു പരന്നു കിടന്നു..!!
Comments
Post a Comment