Skip to main content

അവരിടങ്ങൾ 13

അവൾ വീട്ടിൽ നിന്ന് കൊണ്ട് വന്ന ഭക്ഷണപൊതി ബാഗിൽ നിന്ന്
എടുത്തു കൊണ്ട് അയാളെ നോക്കി നാടകീയമായി പറഞ്ഞു. "രണ്ട് അപരിചിതരുടെ 
അവിചാരിതമായ പരിചയപ്പെടലിന് സാക്ഷ്യം വഹിച്ച 
ഈ തീവണ്ടിയാത്രയുടെ ഓർമ്മകൾക്കൊപ്പം ചേർക്കാൻ ഒരു ഇലപ്പൊതിയിൽ നിന്ന് നാം ഈ ഭക്ഷണം പങ്കിട്ടു കഴിക്കണം എന്നത് എഴുതപ്പെട്ടു പോയ അനിവാര്യത ആണ് സുഹൃത്തേ.'

'സാഹിത്യ മാർഗം ആണല്ലോ..' അയാൾ എതിർ സീറ്റിലിരുന്നു കൊണ്ട് അവളെ നോക്കി ചിരിച്ചു.

'അതും ഒരു മാർഗം തന്നെ അല്ലെ..?!അവൾ പൊതിയഴിച്ചു കൊണ്ട് പറഞ്ഞു.അയാൾ കൗതുകത്തോടെ അവളെ നോക്കി."എഴുത്തുകാരി കൂടിയാണോ!

'എഴുതാറുണ്ട്.തോന്നുമ്പോൾ..സ്വയം സംതൃപ്തപ്പെടുത്താൻ.മറ്റുള്ളവർ വായിക്കുമ്പോൾ ആണല്ലോ എഴുത്തുകാരിപ്പട്ടം ഒക്കെ ചാർത്തി കിട്ടുക. എന്തായാലും ഞാൻ അങ്ങനെ സ്വയം പ്രഖ്യാപിച്ചിട്ടില്ല.'

'അപ്പോൾ ബുദ്ധിജീവി മാത്രമല്ല..സാഹിത്യകാരി കൂടി ആണ്..!!'

'ഒരു ചെറിയ ഇഷ്ടം ഉള്ളത് കൊണ്ട് എഴുത്ത് കൂടെ കൊണ്ടു നടക്കുന്നു എന്നു മാത്രം.എല്ലാ മനുഷ്യർക്കും കാണില്ലേ അങ്ങനെ എന്തെങ്കിലും ഒന്ന്."അവൾ ചിരിച്ചു കൊണ്ട് അയാൾക്കു അടുത്തേക്ക് ഭക്ഷണം നീക്കി വച്ചു.'അയാൾ ഗന്ധം ആസ്വദിക്കുന്ന പോലെ അൽപ നേരം ഇരുന്നു.

"ഇലപ്പൊതിച്ചോറിന്റെ ഗൃഹാതുരത്വം ആണോ."അവൾ കളിയാക്കി.

'ഏയ്..എനിക്ക് അങ്ങനെയുള്ള ഒരു ഗൃഹാതുരത്വത്തിന്റെയും ഓർമകൾ ഒന്നും ഇല്ല.പക്ഷെ വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന്റെ ഗന്ധം ആസ്വദിക്കുക തന്നെ വേണമല്ലോ.'അയാൾ ഭക്ഷണം കഴിക്കാൻ ആരംഭിച്ചു.

അവൾ ചിരിച്ചു..'എനിക്ക് പക്ഷെ ഇഷ്ടമാണ്, ഈ വാഴയിലയുടെ വാടിയ മണം മാത്രം ഇഷ്ടമല്ല..'

"അതല്ലേ, ഗൃഹാതുരത്വം..ഓർമയുടെ സുഗന്ധം..!

"ഞാൻ അത്ര വലിയ ഗൃഹാതുരതമായ മനസിനുടമയല്ല." അവൾ പറഞ്ഞത് കേട്ട്
അയാൾ ചിരിച്ചു.

ഭക്ഷണം കഴിഞ്ഞു അവർ കൈ കഴുകി തിരിച്ചു സീറ്റിൽ വന്നിരുന്നു. പുറത്ത് പെയ്യുന്ന മഴയ്ക്ക് ഒരു ശമനം അപ്പോഴും ഉണ്ടായിട്ടില്ല. തണുപ്പ് 
കൂടുന്നതായി തോന്നിയത് കൊണ്ട് അവളൊരു ഷാൾ എടുത്തു പുതച്ചു. അയാൾ നേരത്തെ വായിച്ചിട്ട് സീറ്റിൽ വച്ചിരുന്ന പുസ്തകങ്ങൾ ബാഗിൽ എടുത്തു വച്ചു.

"ഇംഗ്ലീഷ് ഭാഷയോടാണോ താല്പര്യം" പുസ്തകങ്ങൾ നോക്കി അവൾ ചോദിച്ചു.

"അങ്ങനെയൊന്നും ഇല്ല. ഏതു ഭാഷ ആയാലും മനസിലാകണം എന്നല്ലേ ഉള്ളു.

"കൈയിൽ ഉള്ള ബുക്ക്സ് എല്ലാം ഇംഗ്ലീഷ് ആയത് കൊണ്ട് ചോദിച്ചതാ."

"മലയാളം എനിക്കൊരു ബാലികേറാമലയായിരുന്നു.പഠിച്ച സ്കൂളിൽ മലയാളം നിർബന്ധം ഇല്ലായിരുന്നു.പക്ഷെ വായനയ്ക്ക് മലയാളം പഠിക്കാതെ വഴിയില്ല എന്നായപ്പോൾ തനിയെ പഠിച്ചു, വായിക്കാൻ.പക്ഷെ ഇപ്പോഴും മലയാളം എഴുതാൻ കാര്യമായി അറിയില്ല എന്നുള്ളത് ഞാൻ ഒരു കുറവായി തന്നെ കരുതുന്നു.എങ്കിലും കൈയിൽ കിട്ടുന്നത് ഒക്കെ വായിക്കാറുണ്ട്."അയാൾ ചമ്മിയ ചിരിയോടെ പറഞ്ഞു.

"പക്ഷെ സംസാരം കേട്ടാൽ പറയില്ല മലയാളം അത്ര വശം ഇല്ലാത്ത ആളാണ് എന്ന്."

"എന്റെ മലയാളം ഭാഷയിൽ എനിക്ക് അത്ര ആത്മവിശ്വാസം ഇല്ല..മലയാളത്തിൽ എഴുതപ്പെടുന്നത്,അതിപ്പോൾ എന്തു തന്നെ ആയാലും, ഭാഷ അറിയാത്തത് കൊണ്ട് വായിക്കാൻ കഴിയാതെ പോകുന്നത് എന്നെ സംബന്ധിച്ചു ഒരു തീരാനഷ്ടമാകും എന്നൊരു ബോധമുള്ളത് കൊണ്ടാണ്‌ വായിക്കാൻ എങ്കിലും പഠിച്ചത്."

"അത് ഇത്തിരി അതിശയം തന്നെ..ആരും അങ്ങനെ മെനക്കെട്ട് മലയാളം വായിക്കാൻ പഠിക്കുമെന്ന് തോന്നുന്നില്ല..എല്ലാവരും ആംഗലേയ ഭാഷാപ്രിയർ ആണല്ലോ."

"ഞാൻ പറഞ്ഞില്ലേ, എന്റെ  ഉദ്ദേശം വായന ആയിരുന്നു.താങ്കളെ പോലെ ഞാൻ ഒരു സാഹിത്യകാരൻ അല്ലാത്തത് കൊണ്ട് എഴുതേണ്ട ആവശ്യം ഉണ്ടാവാറില്ല."അയാൾ ചിരിച്ചു.

"ഉം..അപ്പോഴും എന്നെ പരിഹസിക്കാതെ പറ്റില്ല അല്ലെ..?!!അവൾ പരിഭവിച്ചു

"അയ്യോ..ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞതാ."

"എങ്കിൽ പറയൂ..മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കൃതി ഏതാണ്..?!

"അങ്ങനെ ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാകുമല്ലോ..എല്ലാത്തിനും അതിന്റെതായ ഒരു മൂല്യം ഉണ്ട്."

"അത് ഉണ്ട്..പക്ഷെ വായനക്കാരന്റെ ഇഷ്ടം , അവന്റെ കാഴ്ചപ്പാടിന് അനുസരിച്ചു രൂപപ്പെടുന്നതാണല്ലോ."

"അങ്ങനെ നോക്കുകയാണെങ്കിൽ പ്രണയ കഥകളുടെ ഒരു ആരാധകൻ ആണ് ഞാൻ..അതുകൊണ്ട് തന്നെ മലയാളത്തിൽ എഴുതപ്പെട്ട പ്രണയകഥകളിൽ പെരുമ്പടവം പ്രണയം വരച്ചിട്ട ആ പുസ്തകം ആണിഷ്ടം..അന്നയുടെയും ഫയദോറിന്റെയും പ്രണയം".അയാൾ ചിരിച്ചപ്പോൾ തവിട്ടു നിറമുള്ള കണ്ണുകൾ തിളങ്ങുന്നത് അവൾ കണ്ടു..

അവൾ ഒരു നിമിഷം അയാളുടെ മുഖത്തേക്ക് നോക്കി അനങ്ങാതെ ഇരുന്നു..പിന്നെ തിരിഞ്ഞ് ബാഗിൽ നിന്ന് അവൾ നേരത്തെ കൈയിൽ പിടിച്ചിരുന്ന ബുക്ക് എടുത്ത് അയാൾക്ക്‌ നേരെ നീട്ടി..

അയാൾ ബുക്കിൽ നോക്കി ചിരിച്ചുകൊണ്ട് അതിന്റെ പേര്‌ വായിച്ചു "ഒരു സങ്കീർത്തനം പോലെ.ഞാൻ കണ്ടിരുന്നു കൈയിലിരിക്കുന്നത്..പക്ഷെ, വായിക്കുന്നത് കണ്ടില്ല..?!അവൾ മറുപടിയായി ബുക്കിൽ വെറുതെ വിരലുകൾ ഓടിച്ചു കൊണ്ട് ചിരിച്ചു.

"പ്രണയം എപ്പോഴും ഒരു mysterious ആയുള്ള മാസ്മരികത ആണെന്നാണ് എനിക്ക് തോന്നാറുള്ളത്..നമ്മൾ എത്ര അറിയാൻ ശ്രമിച്ചാലും നമുക്ക് മനസിലാകാത്ത തലങ്ങൾ അത് ഒളിപ്പിച്ചു വയ്ക്കും..അതിനു പുറകെ അന്വേഷിച്ചു നടക്കാൻ നമ്മൾ സ്വയം പ്രേരിതരാകുകയും ചെയ്യും..പക്ഷെ, എത്ര ശ്രമിച്ചാലും എല്ലാ അർത്ഥങ്ങളോടും കൂടിയ ഒരു അവസാനം കണ്ടെത്തുക എന്നുള്ളത് ഒരിക്കലും സംഭവിക്കുകയുമില്ല..അല്ലെ?!" അവൾ ചോദിച്ചു കൊണ്ട് അയാളെ നോക്കി..

അയാൾ ആലോചനയോടെ പറഞ്ഞു.."ഉം...പക്ഷെ ...

അവൾ ഇടയ്ക്കു കയറി.."പക്ഷെ, പ്രണയത്തിന്റെ ആ mysterious മാസ്മരികത എന്നെ എപ്പോഴും അകർഷിച്ചു കൊണ്ടിരിക്കും" അവൾ പറഞ്ഞത് കേട്ട് അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു "ഒരു സാഹിത്യകാരിയുടെ ഭാവനയ്ക്ക് അങ്ങനെ അതിരുകൾ ഇല്ലല്ലോ.."

"അതു കൊണ്ടല്ല..അവൾ പറഞ്ഞു.."പ്രണയം എന്നെ സംബന്ധിച്ചു ഒരു തപസ്സു പോലെയാണ്..പക്ഷെ, ഒരു വ്യക്തിയുമായി പ്രണയത്തിൽ അകപ്പെട്ടാൽ അത് ആ തപസ്സിനു ലഭിക്കുന്ന വരം അകണമെന്നും ഇല്ല.

പിന്നെ?! അയാൾ ചോദിച്ചു.

"അതൊരു കണ്ടെത്തൽ മാത്രം ആയിരിക്കും..?!

"അപ്പോൾ വരം എപ്പോൾ ആയിരിക്കും നല്ലത്?!

"അതേനിക്കും അറിയില്ല.." അവൾ മുഖത്തൊരു നിസ്സഹായ ഭാവം വരുത്തികാണിച്ചു..അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു."അപ്പോൾ ഒരു തപസ്സിൽ ആണെന്നാണോ പറഞ്ഞു വരുന്നത്?!

"എന്നു പറയാൻ പറ്റില്ല..പക്ഷെ, ദാ ഇതുപോലെ എഴുതി വച്ചേക്കുന്നത് ഒക്കെ വായിച്ചു കഴിഞ്ഞാൽ അറിയാതെ തപസ്സു ചെയ്യാൻ ആഗ്രഹം തോന്നും എന്നു പറഞ്ഞതാ" അവൾ ചിരിച്ചു.."പ്രണയത്തിന്റെ ആ മാസ്മരികത ഭംഗിയായി വരച്ചിട്ടിട്ടുള്ളത് കൊണ്ട് ഞാൻ ഇതിങ്ങനെ എപ്പോഴും കൈയിൽ കൊണ്ടു നടക്കും..തോന്നുമ്പോൾ ഏതെങ്കിലും ഒക്കെ പേജുകൾ വായിക്കും..അതൊരു ശീലം പോലെ ആണ്.."

"പക്ഷെ അതിലും ഭംഗിയായി പ്രണയം വിവരിക്കുന്ന ബുക്ക്സ് ഉണ്ടായിട്ടുണ്ട്.."

"അതുണ്ടാകും.പക്ഷെ, മലയാളത്തിൽ പ്രണയം ഒരു പരിധിക്കപ്പുറം വിവരിക്കപ്പെടാറില്ല എന്നാണ് തോന്നിയിട്ടുള്ളത്.."

ഒരുപക്ഷേ അങ്ങനെ ആകാം.പെരുമ്പടവത്തിന്റെ തന്നെ മറ്റു നോവലുകൾക്ക് ഒന്നും തന്നെ ഈ ബുക്കിന്റെ അത്ര ആഴവും പരപ്പും ഒന്നും കണ്ടിട്ടുമില്ല.."അയാൾ പറഞ്ഞു.

"സത്യം..സോ, എന്റെയും പ്രിയപ്പെട്ട ബുക്കുകളിൽ ഒന്നാണ് ഇത്.."

"നല്ലത്..ഇടക്കൊന്നു തപസ്സു ചെയ്യാൻ ശ്രമിക്കൂ.." അയാൾ പറഞ്ഞു..

"താങ്കളുടെ കാര്യം പറയൂ..തപസ്സോ, കണ്ടെത്തലുകളോ ഉണ്ടായിട്ടുണ്ടോ..?!

ജീവിതം തന്നെ എന്തൊക്കെയോ കണ്ടെത്തലുകൾക്കായുള്ള തപസ്സ് അല്ലെ..?! അയാൾ ചോദിച്ചു..

"ഉം..ഫിലോസഫി.." അവൾ കൊള്ളാം എന്ന ആംഗ്യത്തിൽ അയാളെ നോക്കി.അയാൾ അല്പം ശബ്ദമുയർത്തി ചിരിച്ചു.."അങ്ങനെ ഒന്നുമില്ല.എന്തെങ്കിലും ഉത്തരം പറയണം എന്നോർത്ത് പറഞ്ഞെന്ന് ഉള്ളു.."

"എല്ലാത്തിനും ഉത്തരം വേണം എന്ന് നിർബന്ധം ഒന്നുമില്ല.."

"ഇനി അത് ഓർമ്മയിൽ കരുതിക്കൊള്ളാം." അയാൾ ഒന്നു ചുറ്റും നോക്കി.ബാക്കി ഉള്ളവർ എല്ലാം കിടന്നു കഴിഞ്ഞിരുന്നു.

"എന്നാൽ കിടന്നാലോ.."

യെസ്, അവൾ സീറ്റിൽ നിന്നു എഴുന്നേറ്റു.

രണ്ടു പേരും കൂടി അവളുടെ ബെർത്ത് ഉയർത്തി വച്ചു.അവൾ ബാഗ് കൈയിലെടുത്തു കൊണ്ട് ബെർത്തിലേക്ക് കയറി കൊണ്ട് അയാളെ നോക്കി..

"അപ്പോൾ ഗുഡ് നെറ്റ്‌". അയാൾ പറഞ്ഞു.

"ഗുഡ് നെറ്റ്‌."അവൾ പ്രതിവചിച്ചു..അയാൾ ലൈറ്റ് ഓഫ് ചെയ്തു..

Comments

Post a Comment

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...