അന്നായിരുന്നു നമ്മളാദ്യമായി കണ്ടത്..
ആദ്യ കാഴ്ച,ആദ്യ സ്പർശനം, ആദ്യചുംബനം അങ്ങനെ അങ്ങനെ കുറെയധികം ആദ്യനേരങ്ങൾ നാമിരുവർക്കുമിടയിൽ ഊർന്നു വീണുകൊണ്ടിരുന്നു..
നിലാവ് വിഴുങ്ങി തീർത്ത രാത്രിയിൽ നാമിരുവരും നിഴൽരൂപങ്ങൾ പോലെ
ഇരുകരവലയങ്ങളിൽ പരസ്പരം കുരുങ്ങി കിടന്നിരുന്നു, ഒരിക്കലും അഴിയാത്ത വിധം.
നിന്റെ നിറമൗനങ്ങൾക്കിടയിലെപ്പോഴോ
നീയെന്റെ കണ്ണിൽ നോക്കി ചോദിച്ചിരുന്നു "ഞാനൊരിക്കൽ മരിച്ചാൽ ,നീ എനിക്ക് വേണ്ടി കരയുമോ" എന്ന്..
പെട്ടെന്നൊരു മറുപടി പറയണം എന്നുണ്ടായിരുന്നു എങ്കിലും ഞാൻ ഒന്നും മിണ്ടാതെ നിന്റെ നെഞ്ചിൽ മുഖം ചേർക്കുക മാത്രമാണുണ്ടായത്..
ഇന്നലെ വരെ നീ എനിക്ക് ആരായിരുന്നു എന്ന് തന്നെ എനിക്കറിഞ്ഞു കൂടായിരുന്നു..
എന്റെ ശ്വാസ വേഗങ്ങളാൽ നനയുന്ന നിന്റെ ശരീരവും, എന്നെയൊരു ചുഴിയിലെന്നോണം നിന്നിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്ന നിന്റെ അവസാനമില്ലാത്ത ഭ്രാന്തുകളും,
എന്റേത് മാത്രമാകുന്ന ഈ ദിനമൊന്നിനെ കുറിച്ചു ഞാൻ എന്റെ സങ്കല്പങ്ങളിലൊന്നു പോലും കുറിച്ചിരുന്നില്ലല്ലോ..
എനിക്ക്, നീ മാത്രം എന്ന് എഴുതപ്പെട്ടു തുടങ്ങിയ ഈ നേരങ്ങളിൽ ഞാൻ എന്നത് ഒരു തുടക്കം മാത്രമായി തീർന്നിരിക്കുന്നു,
നിനക്കു മുൻപോ നിനക്കു ശേഷമോ ഞാൻ എന്നത് ഒരു ശൂന്യത എന്നും.
നിന്നിൽ മാത്രം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ചില നിമിഷങ്ങൾ മാത്രമാണ് ഞാൻ ഇപ്പോൾ..
നീയില്ലായ്മകളിൽ പിടഞ്ഞു തീരുന്ന ശ്വാസം മാത്രമാണ് എന്റെയുള്ളിൽ ഇപ്പോൾ നിറഞ്ഞിരിക്കുന്നതും..
എനിക്കുവേണ്ടി മാത്രന്നോണം ഞാൻ കാണുന്ന ഒരേ ഒരു വെളിച്ചമാണ് നീ.
എന്റെ രാത്രികളെ വിഴുങ്ങി തീർക്കുന്ന നിലാവെളിച്ചം..!!
നീയും ഞാനും നിറയുന്ന ഈ നിമിഷങ്ങളിൽ നിനക്കൊരിക്കലും എന്നിൽ നിന്നൊരു തിരിച്ചു പോക്ക് അസാധ്യം..
നിന്നിൽ നിന്നും എനിക്കും..
മരണമെന്നത് നാമിരുവർക്കും ഒരേ സമയതീരം എന്നിരിക്കെ,
നാം ജീവിക്കുന്ന ഈ നിമിഷങ്ങളിലാണ് ഞാൻ നിനക്കു വേണ്ടി ചിരിക്കുന്നതും കരയുന്നതും..
അതിനപ്പുറം ഒറ്റക്കൊരു യാത്ര നിനക്കോ എനിക്കോ എഴുത്തപ്പെട്ടിട്ടുണ്ടാകില്ല,
മരണത്തിലേക്കായാലും..!!
Comments
Post a Comment