എങ്ങനെ ആയിരുന്നു തുടക്കം?!
എന്ത്?!! അവൻ അവളെ നോക്കി. അവൾ അവന്റെ നെഞ്ചിൽ ചാരി തോളിൽ തലവച്ചു ചാഞ്ഞിരിക്കുകയായിരുന്നു. അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി.
ആദ്യ പ്രണയം?! ആദ്യ ചുംബനം ?!
രണ്ടും ഉണ്ടായിട്ടില്ല?!
അത് നുണ?! അവൾ ചിരിച്ചു.
നുണയല്ല.. സത്യം..!!
അവൾ എണീറ്റ് അവന്റെ മുഖത്തേക്ക് നോക്കി. ഇതുവരെ ആരെയും പ്രണയിച്ചില്ലെന്നോ..?! സ്ത്രീസ്പർശം ഏൽക്കാത്ത പുരുഷ ശരീരം ആണിതെന്നോ?! അവൾ വിശ്വാസം വരാത്ത രീതിയിൽ അവനെ നോക്കി കളിയാക്കി ചിരിച്ചു.
"എന്നു ഞാൻ പറഞ്ഞില്ല"..!! അവന്റെ മറുപടി കേട്ട് അവൾ സംശയത്തോടെ അവനെ നോക്കി.
"എന്നു വച്ചാൽ"?!
"പ്രണയം ഉണ്ടായിരുന്നു"!!
എന്നിട്ട് അതിന് എന്തു സംഭവിച്ചു?!
"ഒന്നും സംഭവിച്ചില്ല.കഥ അവിടെ വരെയേ ഉള്ളു എന്ന് പറഞ്ഞതാണ്." അവൻ ചിരിച്ചു. അവളുടെ മുഖം ചുളിഞ്ഞു. അവൾ നേരെ ഇരുന്നിട്ട് അവനെ നോക്കി. അവൻ ഒരു നിമിഷം ആലോചനയോടെ ഇരുന്നു.
"പ്രണയം ഉണ്ടായിരുന്നു..എനിക്ക് മാത്രം ഉണ്ടായിരുന്നുള്ളു എന്നു മാത്രം..! "അവൻ ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി. അവൻ കൗതുകപൂർവ്വം അവനെ നോക്കിയിരുന്നു.
"അത്ര വലിയ കഥ ഒന്നും അല്ല. എല്ലാവർക്കും സംഭവിക്കുന്ന പോലെ ഒരിഷ്ടം.ഒരേ സ്കൂൾ..പന്ത്രണ്ടു വർഷം ഒരുമിച്ച് ഒരേ ക്ലാസ്സിൽ.ഇടക്കെപ്പോഴോ തോന്നിയ കൗതുകം, അത് പിന്നെ പതിയെ പ്രണയമായി.പക്ഷെ അത് ഞാൻ പറഞ്ഞില്ല." അവൻ ഒന്ന് നിർത്തിയിട്ട് അവളെ നോക്കി. "പക്ഷെ, ഊണിലും ഉറക്കത്തിലും ഒരു മുഖം മാത്രം. അത് മാത്രം ചിന്തിച്ചു നടന്നു. ഓരോ ദിവസവും ക്ലാസ്സിൽ പോകുമ്പോൾ ആ മുഖം ആദ്യം തിരഞ്ഞു.പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതോടെ അവൾ വേറെ ഏതോ സ്ഥലത്തേക്ക് തുടർപഠനത്തിന് പോയി. എന്റെ പ്രണയവും ഇഷ്ടവും ഒക്കെ എന്റെ ഉള്ളിൽ തന്നെ ഞാൻ കുഴിച്ചു മൂടി.കണ്ണകന്നപ്പോൾ പതിയെ ഞാനും അത് മറന്നു..! അവൻ പറഞ്ഞു നിർത്തി. അവളുടെ മുഖത്തു വീണ്ടും സംശയഭാവം നിറഞ്ഞു.
"ഒരിക്കൽ പോലും ഇഷ്ടം പറയണം എന്നോ അവൾ അത് അറിയണമെന്നോ തോന്നിയില്ലേ?! "
"പറയണം എന്നുണ്ടായിരുന്നു. ധൈര്യക്കുറവ് നല്ല പോലെയുണ്ടായിരുന്നു"
"അതെന്താ? ! ആകാംക്ഷ നിറഞ്ഞ അവളുടെ മുഖത്തേക്ക് അവൻ ഒന്നു നോക്കി.
"അറിയില്ല..പക്ഷെ,എന്നും കാണുന്നതും ക്ലാസ്സ്മേറ്റ് എന്ന രീതിയിൽ ആണെങ്കിലും ഇടക്ക് സംസാരിക്കുന്നതിലുമൊക്കെ ഞാൻ സംതൃപ്തനായിരുന്നു. എന്തോ കൂടുതൽ ഒന്നും വേണമെന്ന് തോന്നിയില്ല.അതിന് ആഗ്രഹിച്ചുമില്ല."
"പിന്നെ ആരെയും പ്രണയിച്ചില്ല?!
"പ്രണയം അങ്ങനെ ഏതെങ്കിലും ഒരു പോയിന്റിൽ അവസാനിക്കുന്ന ഒന്നല്ലല്ലോ" അവൻ വീണ്ടും ചിരിച്ചു.
"അപ്പോൾ ഇതൊരു തുടർക്കഥ ആണല്ലേ?!" അവളുടെ മുഖത്ത് ഒരു കുസൃതി ചിരിയോടെ അവനെ അർത്ഥം വച്ചു നോക്കിയിട്ട് അവന്റെ നെഞ്ചിൽ താടിയമർത്തി വച്ചു കിടന്നു.
"എന്നെക്കൊണ്ട് കഥകൾ എല്ലാം പറയിച്ചിട്ട് എന്നെ ഒരു പ്രേമരോഗി ആക്കുകയാണോ താൻ?! അവൾ അത് കേട്ട് പൊട്ടിച്ചിരിച്ചു.
"ഓക്കെ..ബാക്കി കഥ കൂടി കേട്ടിട്ട് ഞാൻ ഒരു കൺക്ലൂഷനിൽ എത്താം" അവൾ താടിക്ക് കൈയൂണി കിടന്നു.
അവൻ ഒരു കൈ കൊണ്ട് അവളെ ഉയർത്തി ദേഹത്തേക്ക് ഒന്നു കൂടി അമർത്തി പിടിച്ചു. അഴിഞ്ഞു കിടന്ന മുടിക്കടിയിലൂടെ കൈ കടത്തി അവളുടെ പിൻകഴുത്തിന് താഴെ വെറുതെ തഴുകി കൊണ്ടിരുന്നു. മങ്ങി തുടങ്ങിയ ഓർമകളിൽ പരതുന്നത് പോലെ അവൻ പറഞ്ഞു തുടങ്ങി.
"എഞ്ചിനീറിങ് കാലം..രണ്ടാം വർഷത്തിന്റെ തുടക്കം.മഴ നോക്കി എന്തൊക്കെയോ ചിന്തിച്ചു നിന്ന എന്റെ മുന്നിലേക്ക് മഴയത്ത് നിന്ന് അവൾ പെട്ടെന്ന് ഓടിക്കയറി വന്നു, നനഞ്ഞ ദേഹത്തോടെ." അവന്റെ മുഖത്ത് ഓർമകൾ ഇരമ്പി കയറുന്നത് അവൾ കണ്ടു.
"ആദ്യത്തെ ഒറ്റകാഴ്ചയിൽ തോന്നിയ പ്രണയം. പക്ഷെ, അപ്പോഴും തുറന്നു പറയൽ എന്നെ സംബന്ധിച്ചു ഒരു ബാലികേറാ മലയായിരുന്നു. മാറി നിന്നു കാണുക,ഇടക്ക് ചിരിക്കുക,എന്തേലും രണ്ടു വാക്ക് പറയുക.അത്രയൊക്കെ മതിയാരുന്നു എനിക്ക് പിന്നീടുള്ള മൂന്നു വർഷക്കാലം കോളേജ് ഒരു ദിവസം പോലും മുടങ്ങാതിരിക്കാൻ കാരണമായിട്ട്." അവൻ ആ ഓർമയിൽ അറിയാതെ ചിരിച്ചു.
"ഇത്ര നീണ്ട, അഗാധമായ പ്രണയം അറിയാൻ കഴിയാതെ പോയ ആ പെണ്കുട്ടികളോട് എനിക്ക് സഹതാപം തോന്നുന്നു." അവൾ വിഷമഭാവത്തിൽ പറഞ്ഞു. അത് കേട്ട് അവൻ പൊട്ടിച്ചിരിച്ചു.
"എന്നിട്ട് ബാക്കി പറ.." അവൾ വീണ്ടും അവനെ കഥ പറയാൻ പ്രേരിപ്പിച്ചു.
"ബാക്കി എന്താ..പഠനം കഴിഞ്ഞപ്പോൾ അവൾ ഉടൻ തന്നെ കല്യാണവും കഴിച്ചു." അവൻ ഒന്നു നിശ്വസിച്ചു. അവൾ അവനെ തന്നെ നോക്കി കിടന്നു.
"പക്ഷെ, എന്തു കൊണ്ടാണെന്നറിയില്ല അതുവരെ കാര്യമായി മിണ്ടിയിട്ടില്ലാത്ത അവൾ എന്നെ മാത്രം അവളുടെ കല്യാണ നിശ്ച്ചയത്തിനും കല്യാണത്തിനും വിളിച്ചു." അവളുടെ കണ്ണുകൾ വിടർന്നു.
"എന്നിട്ട് പോയോ?! അവൾ ഉദ്വേഗത്തോടെ ചോദിച്ചു.
"കല്യാണ നിശ്ചയത്തിന് പോയി..പക്ഷെ..."അവൻ ഒന്നു നിർത്തി..അവൾ ആകാംഷയോടെ അവനെ നോക്കി."അതോടെ ഞാൻ ഈ പ്രണയം എന്ന പരിപാടി അവസാനിപ്പിച്ചു". അവൻ പറഞ്ഞു കൊണ്ട് അവളെ നോക്കി ചിരിച്ചു.."കാരണം, തുറന്നു പറയാൻ ധൈര്യം കാണിക്കാത്തിടത്തോളം അത്ര നാൾ സ്വന്തമെന്നു കരുതി മനസിൽ തലോലിച്ചവൾ മറ്റൊരാളുടേത് ആകുന്ന നിമിഷം ഉണ്ടാകുന്ന നഷ്ടബോധം വല്ലാത്ത ഒരു അനുഭവം ആണ്.ഇനി അങ്ങോട്ടേക്ക് ആ ആളെ മനസിൽ പോലും കരുതാൻ അവകാശമില്ലാത്തവന്റെ ഒരു നിസ്സഹായത.." അവൻ അവളുടെ മുഖത്തു നിന്നു നോട്ടം മാറ്റി.
"ചിലപ്പോൾ താങ്കളുടെ ഉള്ളിലെ സ്നേഹം അവൾ എപ്പോഴെങ്കിലും അറിഞ്ഞിട്ടുണ്ടാകുമെങ്കിലോ?! അപ്പോഴെങ്കിലും തുറന്നു പറയുമെന്ന് പ്രതീക്ഷിച്ചിട്ട് ആണെങ്കിലോ കല്യാണത്തിന് വിളിച്ചത്?!
"ആയിരിക്കാം..പക്ഷെ എന്തോ..അറിയില്ല.."
"പിന്നെ, തമ്മിൽ കണ്ടിട്ടില്ലേ ?!
"സോഷ്യൽ മീഡിയ ഒക്കെ വന്നു തുടങ്ങിയപ്പോൾ കണ്ടു, കൈയിലൊരു കുട്ടിയൊക്കെ ആയി ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോ.ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്ന രൂപത്തോട് യാതൊരു സാദൃശ്യവും ഇല്ലാത്ത ഒരു വീട്ടമ്മയുടെ മുഖം. ഞാൻ എന്നും കണ്ടിരുന്ന പഴയ കോളേജ് സ്റ്റുഡന്റിന്റെ പ്രസരിപ്പോ തിളക്കമോ ഇല്ലാത്ത കണ്ണുകൾ..അങ്ങനെ ഒരാളെ ഞാൻ മുൻപ് കണ്ടിട്ടില്ല എന്നു തോന്നി.."
"പക്ഷെ, ആ പ്രണയം ഇപ്പോഴും ഉള്ളിൽ അങ്ങനെ തന്നെ ഉണ്ടല്ലേ"?!
"പ്രണയം എന്ന ആ വികാരം ഉണ്ടാകുമല്ലോ.അത് ഉണ്ടായി പോയ ഒരു അനുഭവം അല്ലെ..പക്ഷെ, മറ്റൊരാളുടേത് ആയ നിമിഷം മുതൽ ഞാൻ പിന്നെ അവളെ കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടില്ല.."അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
"ഉം..പക്ഷെ..."പറഞ്ഞിട്ട് അവൾ ചുണ്ടിൽ വിരൽ ചേർത്ത് ആലോചനയോടെ ഇരുന്നു.അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
"പക്ഷെ, ഇതിനിടയിൽ ഞാൻ ചോദിച്ച ആദ്യ ചുംബനത്തിന്റെ സ്കോപ്പ് കാണുന്നില്ലല്ലോ.അപ്പോൾ അതിനർത്ഥം ഇനിയും ഉണ്ടെന്നല്ലേ മറ്റൊരു പ്രണയകഥ.?!!" അവൾ രണ്ടു കൈകൾ കൊണ്ടും അവന്റെ മീശത്തുമ്പിൽ പിടിച്ച് അത് പിരിച്ചു വച്ചു കൊണ്ട് ചോദിച്ചു.
അവൻ അത് കേട്ട് ഉറക്കെ ചിരിച്ചു കൊണ്ട് അവളുടെ ഇടുപ്പിൽ കൈ ചുറ്റി ദേഹത്തേക്ക് വലിച്ചിട്ടു. എല്ലാ കഥകളും കൂടി ഒരു ദിവസം തീർത്താൽ ഇനിയും പറയാൻ കഥകൾ ഉണ്ടാവില്ലല്ലോ..?!! അവന്റെ ദേഹത്ത് ചുറ്റിപ്പിടിച്ചു കിടക്കുമ്പോൾ അവൾ പക്ഷെ വീണ്ടും അവനോട് കെഞ്ചി..
"അതും കൂടി പറയ്..പ്ളീസ്.."
"അതൊരു ചുംബനം എന്നൊന്നും പറയാൻ പറ്റാത്തതാണ്."
"അതെന്താ?!
"വളരെ പരിചയം ഉള്ള ഒരാൾ. നിരകരിക്കാൻ പറ്റാത്ത ഒരു സാഹചര്യം. എന്താ പറയുക, ചുണ്ടുകൾ കൊണ്ട് ചുണ്ടുകളെ ഒന്നു തൊടുക എന്നൊക്കെ പറയില്ലേ.. അത് തന്നെ..അതിൽ കൂടുതൽ ഒന്നും എനിക്ക് അവരോട് തോന്നിയിരുന്നില്ല..പ്രണയമോ കാമമോ ഒന്നും.".അവൾ അവനെ വെറുതെ നോക്കി കൊണ്ട് അല്പനേരം നിശ്ശബ്ദയായി കിടന്നു.
"ഉം.."?! അവൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി.
"എപ്പോഴാണ് എന്നിട്ട് ഈ പ്രണയവും കാമവും ഒക്കെയുള്ള ചുംബനം ഉണ്ടായത്.?! "അവന്റെ നെഞ്ചിൽ അവൾ വിരലുകൾ കൊണ്ട് എന്തൊക്കെയോ വരഞ്ഞു. അവൻ അവളെ ഒന്ന് നോക്കി. അവന്റെ ചുറ്റിപ്പിടിച്ച ഇടംകൈക്കുള്ളിൽ അവൾ ചേർന്നു കിടക്കുകയാണ്.അവളുടെ മുടിയിഴകൾ അവന്റെ തോളിൽ ചിതറി കിടന്നു. അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം അല്പം ഉയർത്തി. എന്നിട്ട് പതിയെ മുഖം താഴ്ത്തി അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. ദീർഘനേരം നീണ്ടു നിന്ന ആ ചുംബനത്തിൽ നിന്ന് അവളെ മോചിപ്പിച്ച ശേഷം അവൻ അവളുടെ കണ്ണുകളിൽ നോക്കി.
"ഇതിനു മുൻപ് മറ്റൊരാളെയും ഞാൻ ഇത്ര അടുത്തറിഞ്ഞിട്ടില്ല." അവന്റെ സ്വരത്തിൽ പ്രണയം നിറഞ്ഞു നിന്നിരുന്നു.അവളുടെ വിടർന്ന കണ്ണുകൾ തിളങ്ങി.
Comments
Post a Comment