Skip to main content

അവരിടങ്ങൾ 26

"ഇപ്പോൾ എഴുതാറൊന്നും ഇല്ലേ"?!
അവന്റെ ചോദ്യത്തിന് അവൾ അവനെ ഒന്നു നോക്കിയത് അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. കൈ കെട്ടി മരത്തിൽ ചാരി നിന്ന് കായലിലെ ഓളങ്ങളിൽ കണ്ണെറിഞ്ഞു കൊണ്ട് അവൾ നിന്നു.

"അല്ലാ, ഇപ്പോൾ കുറെ നാളായി എന്തെങ്കിലും എഴുതി കണ്ടിട്ട്.ഞാനൊരു സ്ഥിരം വായനക്കാരൻ ആണ് താങ്കളുടെ"
അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി.

"ഇപ്പോൾ കുറച്ചു നാളായി ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്.."അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"അതെന്താ"?!

"പ്രത്യേകിച്ച് ഒന്നും ഇല്ല. എന്തോ അങ്ങനെ തോന്നി.."

"അത് ഞങ്ങളെ പോലെ ഉള്ള ആരാധകരെ കഷ്ടത്തിലാക്കുമല്ലോ..?! അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് ചിരി വന്നു.

"ഞാൻ അല്ലാതെ, സ്ഥിരം എഴുതി കൊണ്ടിരിക്കുന്ന എഴുത്തുകാർ ഇഷ്ടം പോലെ ഉള്ള നാടല്ലേ ഇത്"?!

"പക്ഷെ താങ്കളുടെ എഴുത്തിന്റെ ഒരു സൗരഭ്യം മറ്റെവിടെയും കിട്ടില്ല എനിക്ക്."

"അത് എങ്ങനെയാണ് എഴുത്തിൽ സൗരഭ്യം"?! അവൾ അവന്റെ നേരേ തിരിഞ്ഞു നിന്നു. അവൻ ഒന്ന് ചിരിച്ചിട്ടു അവൾക്ക് അടുത്തേക്ക് കുറച്ചു നീങ്ങി നിന്നു.

"ഓരോ മനുഷ്യരും എന്തെങ്കിലും ഒക്കെ ഓർമകളിൽ ജീവിക്കുന്നവർ ആയിരിക്കില്ലേ.ആ ഓർമകളിൽ ചിലത് ഒരു പ്രത്യേക സൗരഭ്യം പോലെ ഉള്ളിൽ ഉറഞ്ഞു കിടക്കുകയും ചെയ്യുന്നുണ്ടാകും.ഏതെങ്കിലുമൊക്കെ സമയത്തു അതിങ്ങനെ നമ്മളെ തഴുകി കടന്നു പോകും..വെറുതെ.കേട്ടിട്ടില്ലേ, ഓർമകളുടെ സുഗന്ധം എന്നൊക്കെ, അതുപോലെ.തന്റെ എഴുത്തുകളിൽ, ഉള്ളിൽ ഉറങ്ങി കിടക്കുന്ന എന്തൊക്കെയോ ഓർമകളെ തട്ടി ഉണർത്തി വിടുന്ന ചിലതുണ്ട്. വായിക്കുമ്പോൾ എന്നോ മറന്ന ഏതോ ഒരു സുഗന്ധം നമ്മളെ ഇങ്ങനെ തഴുകി കടന്നു പോകുന്നത് പോലെ ഒരു അനുഭവം. തന്നെ വായിക്കുമ്പോൾ മാത്രമേ എനിക്ക് അത് അനുഭവപ്പെടാറുള്ളൂ."
സ്വയം മറന്നെന്ന പോലെ പറഞ്ഞു കൊണ്ടിരിക്കുന്ന അവനെ, അവളൊരു കൗതുകത്തോടെ നോക്കി  നിന്നു. പറഞ്ഞു നിർത്തിയിട്ട് അവൻ അവളെ നോക്കി മൃദുവായി ചിരിച്ചു.

"സ്വന്തമായി എഴുതിക്കൂടെ..നല്ല ഭാവന ആണല്ലോ"?!

"വായനയിൽ മാത്രമാണ് എനിക്ക് കമ്പം. അനുഗ്രഹിക്കപ്പെട്ട വിരലുകളുടെ ഉടമകൾ വേറെ ഉള്ളപ്പോൾ നമ്മളെന്തിന് വെറുതെ ഒരു പാഴ് വേല ചെയ്യണം?! അവന്റെ സംസാരം കേട്ട് അവൾ വീണ്ടും ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. അവനും കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു.ഇടയ്ക്ക് പതിയെ തലചരിച്ചു അവൻ അവളെ നോക്കി.ചുറ്റുപാടുകളിൽ ശ്രദ്ധിക്കാതെ സ്വയം മറന്ന പോലെ ആണ് നിൽപ്പ്. അവളുടെ അലസമായ നിൽപ്പിൽ വല്ലാത്ത ഒരു സൗന്ദര്യം ഉണ്ടെന്ന് അവനു പെട്ടെന്ന് തോന്നി.

"എന്തുപറ്റി പെട്ടെന്ന്"?! അവന്റെ ചോദ്യം കേട്ട് ഉറക്കത്തിൽ നിന്ന് ഉണർന്നത് പോലെ അവൾ അവനെ നോക്കി.

"എന്ത്"?!

"അല്ലാ..ഇങ്ങനെ ഇവിടെ കാണാൻ പറ്റുമെന്ന് ഞാൻ കരുതിയതല്ല. പെട്ടെന്ന് കാണാം എന്നു പറഞ്ഞപ്പോൾ എനിക്ക് വലിയ സർപ്രൈസ് ആയിരുന്നു"

"കുറെ നാളായില്ലേ കാണാമെന്നു പറയുന്നു.അതുകൊണ്ട് കണ്ടിട്ട് പോകാം എന്ന് കരുതി." അവൾ ചിരിച്ചു.

"എവിടെ പോകുന്നു"?! അവൻ ഒരു ആകാംക്ഷയോടെ അവളെ നോക്കി.

"ഒരു ചെറിയ യാത്ര"!!

"ഓഹ്..ഒറ്റക്കാണോ"?!

"അതേ..."അവൾ പറഞ്ഞിട്ട് അവന്റെ മുഖത്തെ ഭാവങ്ങളിലേക്ക് സംശയത്തോടെ നോക്കി.

"എന്തേ"?!

"ഏയ്..ഒന്നുമില്ല..എല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞോ"?!

"ഏറെക്കുറെ.on the way ആണെന്ന് വേണമെങ്കിൽ പറയാം"

"ഓഹ്..."അവൻ അവളിൽ നിന്നു നോട്ടം മാറ്റി ദൂരേക്ക് നോക്കി നിന്നു. അവൾ അവനെ തന്നെ നോക്കി അൽപ നേരം നിന്നു.

"താങ്കൾ പറഞ്ഞറിഞ്ഞു  ഈ സ്ഥലം കാണണം എന്ന് ഞാൻ ഒരു പാട് ആഗ്രഹിച്ചത് ആണ്. ഈ കായൽ ,ഈ കാറ്റ് , ഇവിടുത്തെ ഈ സന്ധ്യ സമയം. അതാണ് വന്നത്."

"പക്ഷെ വന്ന സമയം കുറച്ചു തെറ്റി പോയി"?! അവൻ പറഞ്ഞു.

"എന്തു പറ്റി"?!

"പ്രത്യേകിച്ചു ഒന്നും ഇല്ല, വൈകിട്ട് ഒരു പരിപാടി ഉണ്ട്, ഫ്രണ്ടിനോട് വാക്ക് പറഞ്ഞു പോയി." അവൾ ഒന്നും മിണ്ടിയില്ല.

"ഇവിടെ എത്തിയപ്പോൾ തന്നെ ഒന്നു പറഞ്ഞിരുന്നെങ്കിൽ എനിക്ക് കുറച്ചു സമയം കൂടി കിട്ടിയേനെ....താങ്കളുടെ കൂടെ..." അവൻ പെട്ടെന്ന് നിർത്തി. അവൾ ചിരിച്ചു.

"ഹേയ്..അത് കുഴപ്പമില്ല..പോയി വരൂ.. ഞാൻ ഇവിടെ തന്നെ  കാണും.."അവൾ പറഞ്ഞത് കേട്ട് അവൻ ഒരു അത്ഭുതത്തോടെ അവളെ നോക്കി.

"അപ്പോൾ ഇന്ന് പോകുന്നി
ല്ലേ"..?!

"പോകണം.താങ്കൾ വന്ന് എന്നെ യാത്രയാക്കിയിട്ടേ ഞാൻ പോകുന്നുള്ളൂ.."അവൾ പുഞ്ചിരിച്ചു. പെട്ടെന്ന് അവന്റെ ഫോൺ ശബ്‌ദിച്ചു.പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കിയിട്ട് കട്ട് ചെയ്തിട്ട് അവൻ അവളെ നോക്കി.

"ഫ്രണ്ട് ആണ്."

"പോയിട്ട് വരൂ എങ്കിൽ.." അവൾ ചിരിച്ചു. അവൻ മനസ്സില്ലാ മനസോടെ തലയാട്ടി തിരിഞ്ഞു നടന്നു. അപ്പോൾ വീണ്ടും അവന്റെ ഫോൺ ബെല്ലടിച്ചു തുടങ്ങി. അവൻ ധൃതിയിൽ പോക്കറ്റിൽ നിന്നു ഫോൺ എടുത്തു ചെവിയിൽ ചേർത്തു കൊണ്ട് നടപ്പിന് വേഗം കൂട്ടി.

"ഹലോ."

"നീ ഇതിവിടെ പോയി കിടക്കുന്നു. എത്ര നേരമായിട്ട് വിളിക്കുന്നു." അപ്പുറത്ത് നിന്ന് അക്ഷമയോടെ ഉള്ള ചോദ്യം കേട്ടു.

"ഞാൻ ദേ എത്തി..വന്നു കൊണ്ടിരിക്കുകയാണ്..നീ എവിടെയാണുള്ളത്..ഞാൻ അങ്ങോട്ട് വരാം.." അപ്പുറത്ത് നിന്നു മറുപടി ഒന്നും ഉണ്ടായില്ല.

"ഹലോ.." ഉടക്കിലാണല്ലോ എന്നോർത്ത് കൊണ്ട് അവൻ വീണ്ടും വിളിച്ചു.

"അപ്പോൾ..നീ അറിഞ്ഞില്ലേ?! അപ്പുറത്ത് നിന്നുള്ള സ്വരം പതിഞ്ഞു.

"എന്ത്?!

"എടാ..അത്..നിന്റെ ആ എഴുത്തുകാരി ഇല്ലേ..അവരിന്നലെ...മരിച്ചു.."

"ഏത് എഴുത്തുകാരി..." അവനു മനസിലായില്ല.

"എടാ..നിന്റെ..." കൂട്ടുകാരൻ ബാക്കി പറയാതെ നിർത്തി. അവൻ നടപ്പു നിർത്തി. പെട്ടെന്ന്, തിരിച്ചറിവിന്റെ, ശക്തിയായ ഒരു അടി കിട്ടിയപോലെ അവൻ സ്തംഭിച്ചു നിന്നു. പെട്ടെന്നൊന്നു തിരിഞ്ഞു നോക്കാൻ ഒരുങ്ങിയെങ്കിലും അവന്റെ ശരീരം നിന്നിടത്തു നിന്ന് അനങ്ങിയില്ല..

"നീ... എന്താ.. എന്താ...ഈ..ഞാൻ ദേ ഇപ്പോൾ..." അവന്റെ സ്വരം വിക്കി. അവൻ പൂർത്തിയാക്കുന്നതിന് മുൻപ് അപ്പുറത്തുള്ള സ്വരം അവന്റെ ചെവിയിൽ എത്തി.

"ആത്മഹത്യ ആയിരുന്നു എന്ന്..എല്ലാ വാർത്തയിലും കാണിക്കുന്നുണ്ട്."കൂട്ടുകാരൻ പറഞ്ഞത് കേട്ട് അവൻ മിണ്ടാനാവാതെ അവിടെ തന്നെ തറഞ്ഞു നിന്നു. തണുത്ത കാറ്റ് വീശിയടിച്ചു. കാറ്റിന്റെ മൂളൽ മാത്രം അവന്റെ ചെവിയിൽ മുഴങ്ങി. അവന്റെ ഹൃദയം നിയന്ത്രണാതീതമായി മിടിച്ചു. പെയ്യാൻ പോകുന്നത് പോലെ ആകാശം കറുത്തു. പേടിപ്പെടുത്തുന്ന ഒരു നിശബ്ദത അവനെ പൊതിഞ്ഞു.
നിശബ്ദമായ ഒന്നു രണ്ടു നിമിഷങ്ങൾ കടന്നു പോയി.

"നമുക്ക് പോകണ്ടെ കാണാൻ?!

ചെവിയിൽ വീണ്ടും കൂട്ടുകാരന്റെ സ്വരം പതിഞ്ഞു. അവന് മിണ്ടാൻ കഴിഞ്ഞില്ല.

"നീ എവിടെയാണ്..ഞാൻ വന്നു പിക്ക് ചെയ്യാം.." മറുപടി പറയാൻ അവന്റെ ശബ്ദം ഉയർന്നില്ല.നാവു വരണ്ട് പോയത് പോലെ അവൻ നിന്നു.

"ഹലോ..എടാ..നീ കേൾക്കുന്നുണ്ടോ?!.."
മറുപുറത്തു നിന്നു വേവലാതി നിറഞ്ഞ സ്വരം അവൻ കേട്ടു.തണുത്ത കാറ്റടിച്ചിട്ടും അവൻ വിയർത്തൊഴുകി. തൊണ്ടയിൽ വേദന പോലെ എന്തോ ഒന്ന് കുടുങ്ങി കിടന്നു ഞെരിക്കുന്നത് പോലെ അവനു ശ്വാസം മുട്ടി. വിയർത്ത കൈവെള്ളയിൽ നിന്നു ഫോൺ വഴുതി നിലത്തു വീണു. പിന്തിരിഞ്ഞു നോക്കാൻ അവനു അപ്പോഴും ധൈര്യം തോന്നിയില്ല. കാലു നിലത്തുറച്ചത് പോലെ അവൻ നിന്നു. കുറച്ചു നിമിഷങ്ങൾ കൂടി അങ്ങനെ നിന്നിട്ട് അവൻ ശ്വാസം ആഞ്ഞു വലിച്ചു. കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു. അവൻ പതിയെ പുറകിലേക്ക്  തിരിഞ്ഞു. ശരീരം പകുതി തിരിച്ചു അവൾ നിന്നിരുന്നയിടത്തേക്ക് നോക്കാൻ ധൈര്യം ഇല്ലാതെ കുറച്ചു നേരം കൂടി അവൻ അങ്ങനെ നിന്നു.കിതപ്പ് കൊണ്ട് ശരീരം തളരുന്നത്  പോലെ അവനു തോന്നി. അതിയായി ദാഹിച്ചു. ചുറ്റും നിറയുന്ന ഇരുട്ടും നിശബ്ദതയും അവനു അസഹനീയമായി തോന്നി. ഒരിക്കൽ കൂടി ശ്വാസം വലിച്ചെടുത്തു അവൻ പെട്ടെന്ന് തിരിഞ്ഞു നിന്നു. അവനു പുറകിൽ , കായലും, കാറ്റും, ഇരുണ്ട സന്ധ്യയും അല്ലാതെ വേറെ ഒന്നും  ഉണ്ടായിരുന്നില്ല..!!

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...