Skip to main content

അവരിടങ്ങൾ 19

കുറെയധികം താമസിച്ചാണ് അവൾ ഉണർന്നത്. കണ്ണു തുറന്നു പുറത്തേക്ക് നോക്കി വെറുതെ കിടന്നു. വെയിൽ തിളങ്ങി തുടങ്ങിയിരുന്നു. അങ്ങനെ തന്നെ കുറെ നേരം കൂടി കിടക്കാൻ അവൾക്ക് തോന്നി.ഇങ്ങനെ, ഒന്നും ചെയ്യാനില്ലാത്ത സ്വാതന്ത്രമായൊരു ദിവസത്തിന്റെ ഭംഗി കുറെ കാലത്തിനു ശേഷമാണ് ആസ്വദിക്കുന്നത്. ബാൽക്കണിയിൽ നിന്നിരുന്ന പല ബോഗൻ വില്ല ചെടികളിൽ പല നിറത്തിലുള്ള പൂവുകൾ വിടർന്നിരുന്നു. അടുത്ത പ്രാവശ്യം നാട്ടിൽ പോയി വരുമ്പോൾ കുറച്ചു മുല്ലവള്ളികൾ കൊണ്ടു വരണം എന്നു അവൾ മനസ്സിലോർത്തു. നിലാരാത്രികളിൽ വീടിന്റെ ജനലഴികളിൽ പിടിച്ചു കയറിയ മുല്ലവള്ളികളിലെ വെള്ളനിറത്തിലുള്ള സുഗന്ധം അവൾക്ക് അപ്പോഴും അനുഭവപ്പെട്ടു.അവളൊരു ഉന്മേഷത്തോടെ കട്ടിലിൽ നിന്നെഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞതും അവൾ അടുക്കളയിൽ കടന്ന് കോഫി വച്ചു. പത്രത്താളുകളിൽ വെറുതെ നോക്കി നിന്നപ്പോൾ ഫോണിൽ മെസ്സേജ് വന്ന സൗണ്ട് കേട്ടു. കോഫി ഗ്ലാസ്സിൽ പകർന്നുകൊണ്ടു അവൾ പത്രവും ഫോണും എടുത്തു ബാൽക്കണിയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു. ഫോൺ ഓപ്പൺ ചെയ്തു നോക്കി.അവന്റെ മെസ്സേജ് ആണ്.ഒരു ചെറു ചിരിയോടെ അവൾ അത് ഓപ്പൺ ചെയ്തു.

"ഗുഡ് മോർണിംഗ്, മാഡം  "

അവൾ ഒരു ഗുഡ് മോർണിംഗ് തിരിച്ചയച്ചു.

ഉണർന്നു?!!

അവൾ കോഫിയുടെ ഒരു ഫോട്ടോ എടുത്തു അയച്ചു കൊടുത്തു.

"സോ, കോഫിയിൽ ദിനം തുടങ്ങുന്നു?!

"അതേ, എല്ലാ അർത്ഥത്തിലും പുതിയ ദിനം"  അവൾ മറുപടി അയച്ചു..

"ഗുഡ്..ഒരു കോഫി കൂടി എടുക്കാൻ കാണുമോ?!

ആ മെസ്സേജ് കണ്ടതും ഒരു ആകാംക്ഷയിൽ അവളുടെ നെറ്റി ചുളിഞ്ഞു .

വൈ ?!

"യാത്രാ ക്ഷീണം ഉണ്ട്, ഒരു കോഫി കുടിച്ചാൽ മാറും എന്നു കരുതി " അവന്റെ മറുപടി കണ്ട് അവൾ കപ്പ് താഴെ വച്ച് വേഗം മറുപടി അയച്ചു,

"എവിടെയാണ് ഇപ്പോൾ?!

"അടുത്തു തന്നെ ഉണ്ട്"

അവൾ പെട്ടെന്ന് എഴുന്നേറ്റ് ബാൽക്കണിക്ക്‌ താഴേക്ക്‌ നോക്കി.അപ്പോൾ തന്നെ ഫോണിൽ വീണ്ടും മെസ്സേജ് വന്നതിന്റെ സൗണ്ട് കേട്ടു. അവൾ അത് ഓപ്പൺ ചെയ്തു.

"അത്ര അടുത്ത് ഇല്ല." അവൾ അറിയാതെ ചമ്മലോടെ ചിരിച്ചു.

"എവിടെ ആണെന്ന് പറയൂ, സസ്പെൻസ് കളഞ്ഞിട്ട്"

"യാത്രയിൽ "

"എവിടേക്ക് പോകുന്നു?"

"പോകുകയല്ല, വന്നുകൊണ്ടിരിക്കുന്നു"

"എങ്ങോട്ട്?!

"മാഡം താമസിക്കുന്ന നഗരത്തിലേക്ക്?!

"എന്തേ?

"എനിക്ക് ഈ നഗരത്തിൽ താങ്കളെ കാണുകയല്ലാതെ വേറെ എന്തെങ്കിലും ചെയ്യാൻ ഉണ്ട് എന്ന് തോന്നുന്നില്ല "

"എന്നെ കാണാൻ വേണ്ടി മാത്രം?!!

"കാണണ്ട?!!

"വേണം..വേണം.." അവൾ പെട്ടെന്ന് പറഞ്ഞു.അവൾക്ക് എന്തു ചെയ്യണം എന്നൊരു ധാരണ ഇല്ലാത്തത് പോലെ ആയി ഒരു നിമിഷം. ആകാംക്ഷ കൊണ്ട് ഹൃദയമിടിപ്പ് കൂടുന്നത് പോലെ. മെസ്സേജ് സൗണ്ട് കേട്ടപ്പോൾ അവൾ പെട്ടെന്ന് വീണ്ടും ഫോണിൽ നോക്കി.

"കൂടിപ്പോയാൽ ഒരു മണിക്കൂർ കൂടി. എണീറ്റതേ ഉള്ളു എന്നല്ലേ പറഞ്ഞത്.വേണമെങ്കിൽ ഒന്ന് റെഡി ആകാൻ സമയം തരാം.റെഡി ആയിക്കഴിഞ്ഞു ഒരു കോഫീ കൂടി ഉണ്ടാക്കുമ്പോഴേക്ക് ഞാൻ ഭവതിയുടെ വീട്ടുപടിവാതിൽക്കൽ ഉണ്ടാകും.."

"Done" , അവൾ ആഹ്ലാദത്തോടെ മറുപടി അയച്ചിട്ട് പെട്ടെന്ന് അകത്തേക്ക് കയറി.ഫ്ലാറ്റ് മൊത്തത്തിൽ ഒന്ന് ഓടിച്ചു നോക്കി. ഒന്നും അലങ്കോലമായി കിടക്കുന്നുണ്ടായിരുന്നില്ല.എങ്കിലും അവൾ പെട്ടെന്ന് എല്ലാം ഒന്നുകൂടി വൃത്തിയാക്കി വച്ചു. ആദ്യമായി വരുന്ന അവനെ സ്വീകരിക്കാണെന്നവണ്ണം അവളും അവളുടെ വീടും മനോഹരമായി അണിഞ്ഞൊരുങ്ങി കാത്തു നിന്നു.

"Reached bus station " അവന്റെ മെസ്സേജ് കണ്ട അവളുടെ ഹൃദയമിടിപ്പ് കൂടി .ഏറിപ്പോയാൽ പതിനഞ്ചു മിനിറ്റുകൾ കൂടി.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ വീണ്ടും "എവിടെ എത്തി "എന്നു ചോദിച്ചു കൊണ്ട് മെസ്സേജ് അയച്ചു.റിപ്ലൈ ഒന്നും വന്നില്ല. സമയം കടന്നു പോകുംതോറും അവൾ ആകാംഷയോടെ ബാൽക്കണിയിൽ പോയി ഇടയ്ക്കിടക്ക് നോക്കി. എന്താണ് മെസ്സേജ് അയക്കാത്തത്?! വഴി തെറ്റിയോ?! അവൾ ഫോണിൽ തന്നെ നോക്കി ഇരുന്നു.ലൊക്കേഷൻ അയച്ചു കൊടുത്തത് കൊണ്ട് വഴി തെറ്റാൻ സാധ്യത ഇല്ല. അവൾ ഹാളിൽ വന്നിരുന്ന് ടി വി ഓണാക്കാൻ റിമോട്ട് കൈയിലെടുത്തു. പെട്ടെന്ന് കാളിംഗ് ബെൽ മുഴങ്ങി. അവൾക്ക് ഒരു നിമിഷം അനങ്ങാൻ പറ്റാത്തത് പോലെ തോന്നി. താൻ എന്തിനിങ്ങനെ nervous ആകുന്നു എന്നോർത്ത് അവൾ സ്വയം ശാസിച്ചു കൊണ്ട് പെട്ടെന്ന് എഴുന്നേറ്റ് വാതിൽ തുറന്നു.മുന്നിൽ അവൻ!! ദൂരയാത്ര കഴിഞ്ഞു വരുന്ന പോലെ വലിയ ഒരു ബാഗും പുറത്തു തൂക്കി, പാറിയ മുടിയോടും അലസമായ വസ്ത്രങ്ങളോടും ആഴമുള്ള തവിട്ടു നിറമുള്ള കണ്ണുകളോടും കൂടി അവളെ നോക്കി ചിരിച്ചു. 

"ഇതെവിടെ നിന്നാണ് ഇത്ര അപ്രതീക്ഷിതമായ പ്രത്യക്ഷപ്പെടൽ?!! അവളുടെ ചോദ്യത്തിന് അവൻ വീണ്ടും ചിരിച്ചു. 

"അതൊരു വലിയ കഥയാണ്, ആദ്യം എന്നെ ഒന്ന് അകത്തേക്ക് കടത്തിയാൽ കൊള്ളാമായിരുന്നു."

അവൾ ചിരിച്ചു കൊണ്ട് വഴി മാറി.ബാഗ് കസേരയിൽ വച്ചിട്ട് അവൻ ചുറ്റും നോക്കി.കൊള്ളാം എന്നർത്ഥത്തിൽ അവളെ നോക്കി പുരികം ഉയർത്തി.

"അപ്പോൾ ഇതാണ് മാഡത്തിന്റെ സങ്കേതം"  അവൾ മറുപടിയായി ചിരിച്ചു. അവൻ സോഫയിലേക്ക് ഇരുന്നു കൊണ്ട് കൈകൾ ഇരുവശത്തേക്കും വിരിച്ചു വച്ചു. മുഖത്തേക്ക് വീണു കിടന്ന അല്പം നീണ്ട മിടിയിഴകൾ മുഖം ഒന്ന് ചരിച്ചു പിടിച്ചു വെട്ടിച്ചു കൊണ്ട് അവൻ പുറകിലേക്ക് ഒതുക്കി. അവളും അവന്റെ എതിർവശത്ത് ഇരുന്നു.

"സോ, പറയ്. എന്താ ഇനി പ്ലാൻ" ആവൻ അവളെ നോക്കി.

"അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല. കുറേക്കാലം നിർത്താതെ ഓടിയതിന്റെ ക്ഷീണം തീർക്കണം. ഒന്നു വിശ്രമിക്കണം. ഞാനും എന്റെ വീടുമായി ഇനി കുറച്ചു കാലമങ്ങു കൂടാൻ ഉദ്ദേശിക്കുന്നു"

"ജോലി ഉപേക്ഷിച്ച സ്ഥിതിക്ക് വരുമാനം ഒരു പ്രശ്നമാകില്ലേ?!

"അത്യാവശ്യം കുറച്ചു സേവിങ്‌സ് ഉണ്ട്, പിന്നെ മറ്റൊരു പ്ലാനിംഗ് കൂടി ഉണ്ട്" അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി.

"അന്ന് പറഞ്ഞ ഗവേഷണ താല്പര്യത്തെ ഒന്ന് ഓഫീഷ്യലാക്കിയാലോ എന്ന് ആലോചിക്കുന്നു." അവന്റെ കണ്ണുകൾ വിടർന്നു .

"എന്നുവച്ചാൽ?"

"പി എച്ച് ഡിക്ക് ചേർന്നാലോ എന്ന് ആലോചിക്കുന്നു എന്ന്" അവൾ മടിച്ചു മടിച്ചു പറഞ്ഞു. അവൻ അവളെ തന്നെ സന്തോഷത്തോടെ നോക്കി ഇരുന്നു. അവൾ ചെറിയൊരു ജാള്യതയോടെ അവനെ നോക്കി. അവൻ മുന്നോട്ട് ആഞ്ഞിരുന്നു.

"അപ്പോൾ ഈ ഉള്ളവന്റെ വാക്കിനും വിലയുണ്ടല്ലേ ?!

അവൾ ചിരിച്ചു."ഞാൻ പറഞ്ഞില്ലേ, ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ പല കാര്യങ്ങളുമായുള്ള ഓട്ടത്തിന്റെ ഇടയിൽ അതൊക്കെ മാറ്റിവച്ചു.."

"ഉം..എന്തായാലും ഇപ്പോഴെങ്കിലും തീരുമാനിച്ചല്ലോ..സോ, ഇനി അപ്പോൾ കൂടുതൽ വിശ്രമിക്കാനും സമയം ഇല്ല എന്നർത്ഥം.."

"മിക്കവാറും..അതൊക്കെ പോട്ടെ, ഇപ്പോൾ ഇതെവിടെ നിന്നാണ് വരുന്നത്. കണ്ടിട്ട് ഒരു വലിയ യാത്ര ആയിരുന്നെന്ന് തോന്നുന്നല്ലോ."

"അത്ര വലിയ യാത്ര ഒന്നുമില്ല.ഒന്നു രണ്ടു പേരെ കാണാൻ ഉണ്ടായിരുന്നു. ചില ചർച്ചകളും കാര്യങ്ങളുമൊക്കെ ആയി രണ്ടു മൂന്നു ദിവസം.അവസാനം ചർച്ചകൾ ക്കെ മാറ്റിവച്ചിട്ട് ആഘോഷം മാത്രമായി തുടങ്ങിയപ്പോൾ ഞാൻ പതിയെ സ്ഥലം വിട്ടു"

"അതെന്താ താങ്കൾക്ക് ആഘോഷങ്ങളിൽ ഒന്നും താല്പര്യം ഇല്ലേ..?! അവൾ ചോദിച്ചു.

"തക്കതായ കാരണം ഉണ്ടെങ്കിൽ ഞാനും ആഘോഷിക്കാറുണ്ട്. ഇനി ഇപ്പോൾ കാരണം ആയല്ലോ, നമുക്ക് ആഘോഷിച്ചേക്കാം " അവൻ ചിരിച്ചു.

"എങ്കിൽ പോയി ഒന്നു ഫ്രഷ് ആകൂ.അപ്പോഴേക്ക് ഞാൻ കോഫീ എടുക്കാം."

"അങ്ങനെ ആകട്ടെ" അവൻ എണീറ്റ് ബാഗ് കൈയിലെടുത്തു.

"അതാണ്‌ മുറി" അവൾ ഇടതു വശത്തേക്ക് കൈ ചൂണ്ടി. അവൻ അങ്ങോട്ടേക്ക് നടന്നു. അവൾ എന്തോ ഓർത്തു ഒന്നു ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി. അവനുള്ള കോഫീ ഇട്ടു കൊണ്ട് ചെല്ലുമ്പോൾ മുറി അടഞ്ഞു കിടക്കുകയായിരുന്നു.അവൾ ഒരു നിമിഷം സംശയത്തോടെ നിന്നിട്ട് പതിയെ കതകിൽ തട്ടി.അവൻ കതകു തുറന്നു. കുളി കഴിഞ്ഞ് വസ്ത്രങ്ങൾ മാറി ഉന്മേഷത്തോടെ അവൻ അവളെ നോക്കി ചിരിച്ചു. നനഞ്ഞ മുടി മുഖത്തിനു ചുറ്റുമായി കിടന്നു.നവ്യമായ ഒരു സുഗന്ധം അവനെ ചൂഴ്ന്നു നിന്നിരുന്നു. തല പുറകിലേക്ക് ചരിച്ചു മുടി മുഖത്തു നിന്ന് ഒതുക്കി വച്ചിട്ട് അവളുടെ കയ്യിൽ നിന്ന് അവൻ കോഫി വാങ്ങി. അവൾ ഒരു ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. അവൻ ഒരു ചിരി ഒതുക്കി കൊണ്ട് കോഫി കുടിക്കുന്നത് തുടർന്നു. അവൾ  പിണക്ക ഭാവത്തിൽ ടേബിളിൽ ചാരി കൈകൾ കെട്ടി നിന്നു. അവൻ അത് കണ്ട് ഉറക്കെ ചിരിച്ചു.

"പിണങ്ങണ്ട, കോഫീ നന്നായിട്ടുണ്ട്"

"അതല്ലേലും എനിക്കറിയാം."

"ഓഹ്..ആത്മവിശ്വാസം.."

"അതേ എന്നു കരുതിക്കോളൂ.."

"അമിത ആത്മവിശ്വാസവും നല്ലതല്ല"

"എന്റെ കാര്യത്തിൽ ഇതുവരെ എന്റെ അമിത ആത്മവിശ്വാസങ്ങൾ തന്നെ ആണ് തുണയായിട്ടുള്ളത്" അവൾ ഇടംകണ്ണിട്ടു അവനെ നോക്കി. അവൻ പെട്ടെന്ന് അവളെ നോക്കി ഒരു നിമിഷം അനങ്ങാതെ നിന്നു. അവൾ നോക്കുന്നത് കണ്ടു പെട്ടെന്ന് തന്നെ നോട്ടം മാറ്റി കാപ്പി കപ്പ് മേശമേൽ വച്ചു.

"പക്ഷെ, ചില കാര്യങ്ങളിൽ എനിക്കത്ര ആത്മവിശ്വാസം പോരാ " അവൻ അവളെ നോക്കി.

"അതേതാ ആ ചില കാര്യങ്ങൾ"?! അവൾ അവനെ നോക്കി. അവൻ മറുപടി ഒന്നും പറയാതെ മേശയിലിരുന്ന ബുക്ക്‌ എടുത്തു മറിച്ചു നോക്കി കൊണ്ട് നിന്നു. പിന്നെ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് ജനലിന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് അവളോട് ചോദിച്ചു .

" ബാൽക്കണിയിൽ കുറച്ചു മുല്ല വള്ളികൾ പടർത്തിക്കൂടെ?!

"ഞാനത് കുറച്ചു മുൻപ് ആലോചിച്ചിരുന്നു. അടുത്ത തവണ നാട്ടിൽ പോയി വരുമ്പോൾ കുറച്ചു കമ്പുകൾ കൊണ്ടു വരണം"

"കൊണ്ട് വരൂ. ബോഗൻ വില്ലകൾക്ക് ഇടയിൽ മുല്ല പൂത്തു നിറയട്ടെ"

അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട് അവന്റെ ഒപ്പം ജനലിന് അടുത്തേക്ക് നീങ്ങി നിന്നു.അവന് അഭിമുഖമായി ജനൽപ്പടിയിൽ ചാരി നിന്നു കൊണ്ട് അവനെ നോക്കി.

"അപ്പോൾ ഇനി എന്താണ് പ്ലാൻ?!

"പ്രത്യേകിച്ച് ഒന്നുമില്ല.." അവൻ അവളെ നോക്കി ചിരിച്ചു.

"യാത്രക്കിടയിൽ വെറുതെ ഇതു വഴി വന്നതാണോ...അതോ..?! അവൾ ചോദ്യം പൂർത്തിയാക്കാതെ നിർത്തി.

"ഇങ്ങോട്ടേക്ക് ആയി എനിക്ക് വരാൻ പാടില്ല എന്നുണ്ടോ?!

"അങ്ങനെ അല്ല, ഇതുവരെ ഇങ്ങനെ ഒരു വരവുണ്ടായിട്ടില്ലല്ലോ. അതു കൊണ്ട് ചോദിച്ചെന്നെ ഉള്ളു"

" ഇതുവരെ ക്ഷണിച്ചിട്ടുമില്ലല്ലോ"?

"ക്ഷണിക്കാതെ വരാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ആണ് ഞാൻ കരുതിയിട്ടുള്ളത്"

"അതു കൊണ്ടാണല്ലോ ഞാൻ ഇപ്പോൾ വന്നത്" അവൻ ചിരിച്ചു. അപ്പോൾ തവിട്ടു നിറമുള്ള അവന്റെ കണ്ണുകൾ അഗാധമായി തിളങ്ങുന്നത് പോലെ തോന്നി അവൾക്ക്. പെട്ടെന്നൊരുത്തരം ഇല്ലാത്തത് പോലെ അവൾ നിന്നു. അവന്റെ നോട്ടം അപ്പോഴും അവളുടെ മുഖത്ത് തന്നെ തങ്ങി നിന്നു.
അവളൊരു രക്ഷക്ക് എന്നോണം പുറംകാഴ്ചകളിലേക്ക് നോട്ടം മാറ്റി. അവന്റെ നോട്ടമേൽക്കുമ്പോഴൊക്കെയും അവൾക്ക് നിലതെറ്റുന്നത് പോലെയൊരു ബലഹീനത അനുഭവപ്പെട്ടു കൊണ്ടിരുന്നു. ഇരുവർക്കുമിടയിലെ നിശബ്ദത തുടർന്നപ്പോൾ അവൻ അവളുടെ ബുക്കുകൾക്ക് ഇടയിൽ വെറുതെ പരതി. ഇടയ്ക്ക് അവൻ തലയുയർത്തി അവളെ നോക്കി. ജനലഴികളിൽ പിടിച്ച് അവൾ പുറത്തേക്ക് തന്നെ നോക്കി നിൽക്കുന്നു. അവൻ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നിട്ട് കയ്യിലെടുത്ത ബുക്ക് അവിടെ തന്നെ വച്ചു. എന്നിട്ട് അവളുടെ നേരെ നടന്നു. അവൻ തൊട്ടരികിൽ വന്നു നിന്നത് അവളറിഞ്ഞു. അവൾ അവന്റെ നേരെ തിരിഞ്ഞു നിന്നു.

"കുറച്ചു നാളായി ഒന്ന് ചോദിക്കണം എന്നു കരുതുന്നു " അവൻ അവളുടെ മുഖത്ത് നോക്കി സൗമ്യമായി ചിരിച്ചു. അവളുടെ ഹൃദയമിടിപ്പ് കൂടി. ചോദിച്ചോളൂ എന്ന അർത്ഥത്തിൽ അവൾ അവനെ നോക്കി. അവൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു. എന്നിട്ട് അവൾ ചാരി നിന്ന ജനലിന്റെ എതിർവശത്ത് ചാരി നിന്നു.

ചോദിക്കുന്നില്ലേ ?! അവൾ മുഖം ചരിച്ചു നോക്കി. അവൻ വെറുതെ അവളെ നോക്കി ചിരിച്ചു.

"ചോദിക്കുന്നുണ്ട്"

"എന്നാൽ ചോദിക്കൂ"

"ഉത്തരം എന്താകും എന്നൊരു ..." അവൻ പൂർത്തിയാക്കിയില്ല.

"ചോദിച്ചു കഴിഞ്ഞാൽ എന്തായാലും ഒരു ഉത്തരം കിട്ടുമല്ലോ"

"അങ്ങനെ എന്തെങ്കിലും ഒരു ഉത്തരം കിട്ടിയാൽ പോരാ" അവൻ അവളെ നോക്കി.

"പിന്നെ? അവൾ ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല.

"എന്തായാലും ചോദിക്കൂ. " അവൾ വീണ്ടും പറഞ്ഞു. ജനാലഴികളിൽ പിടിച്ചിരുന്ന അവളുടെ വിരലുകളിൽ അവൻ നോക്കി നിന്നു. പിന്നെ അവളുടെ കൈ സ്വന്തം കൈയിലെടുത്തു പൊതിഞ്ഞു പിടിച്ചു.
അവൾ എന്തു പറയണം എന്നറിയാതെ വെറുതെ അവന്റെ മുഖത്ത് നോക്കി നിന്നു. അവൻ ഒന്ന് ചിരിച്ചിട്ട് അവളുടെ കൈയിൽ നിന്ന് കൈ എടുത്തു പഴയ പടി ജനലിൽ ചാരി നിന്നു.

"നമ്മുക്ക് ഒരു യാത്ര പോകുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം, നമ്മൾ മാത്രമായി?!  അവൻ  പെട്ടെന്ന് ചോദിച്ചു.

"എങ്ങോട്ട്" ?

"എങ്ങോട്ട് വേണമെങ്കിലും"

" എപ്പോൾ" ?!

"തോന്നുമ്പോഴെല്ലാം"

പിന്നെ അവൾ ഒന്നും മിണ്ടാതെ നിന്നത് കണ്ട് അവൻ അവളെ നോക്കി.

"യാത്ര പോകാത്തപ്പോഴോ?! അവൾ ചോദിച്ചു. അവൻ അവളെ തന്നെ നോക്കി നിന്നു. അവൾ അവനിൽ നിന്നു നോട്ടം മാറ്റി. അവൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. അവൾ അല്പം പുറകിലേക്ക് നീങ്ങി. അവൻ അവൾക്ക് അഭിമുഖമായി തിരിഞ്ഞ് അവളുടെ ഇരുവശങ്ങളിൽ,ഭിത്തിയിൽ കൈ ഊന്നി നിന്നു. അവന്റെ കരങ്ങൾക്കിടയിൽ നിൽക്കുമ്പോൾ അവൾക്കൊരു വിറയൽ അനുഭവപ്പെട്ടു. അവന്റെ ശ്വാസം അവളുടെ കവിളിൽ തട്ടിക്കൊണ്ടിരുന്നു.

"യാത്ര പോകാത്തപ്പോൾ..." അവൻ അത് പറഞ്ഞിട്ട് ആലോചിക്കുന്ന പോലൊരു മുഖഭാവത്തോടെ അവളെ നോക്കി. "യാത്ര പോകാത്ത സമയത്തെല്ലാം ഇതേപോലെ എന്റെ കൂടെ  ഉണ്ടായാൽ മതി. വേറെ ഒന്നും വേണ്ട.." അവൾക്ക് കാരണമില്ലാതെ കണ്ണു നിറഞ്ഞു. അവൻ സ്നേഹത്തോടെ ചിരിച്ചു. അവൻ കൈയെടുത്തിട്ട് അവളുടെ മേശയിൽ ചാരി,കൈകൾ കെട്ടി നിന്നു. അവൾ ഒന്നും മിണ്ടിയില്ല.

"ചോദിക്കാൻ കുറച്ചു താമസിച്ചു പോയി, അറിയാം.പക്ഷെ, കുറച്ചു താമസിച്ചാലും ഒരിക്കലും താങ്കൾ ഇത് അറിയാതിരിക്കുന്നതിനെക്കാൾ നല്ലതല്ലേ..?!! "

"ഞാൻ പരാതി ഒന്നും പറഞ്ഞില്ലല്ലോ"..!! അവൾ ചോദിച്ചു.

"പക്ഷെ മറുപടി ഒന്നും പറഞ്ഞതുമില്ല.."!! അവൻ പുഞ്ചിരിച്ചു.

"യാത്രകൾ പോകാൻ എനിക്ക് ഇഷ്ടമാണ്, അത് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആളുടെ കൂടെ ആകുമ്പോൾ പ്രത്യേകിച്ചും.." അവൾ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു. അവൻ നിർനിമേഷനായി അവളെ നോക്കി നിന്നു. അവന്റെ ഉള്ളിൽ അപ്പോൾ എന്താണ് എന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് അവൾക്ക് മനസിലായില്ല. അവൻ അല്പനേരം കൂടി അങ്ങനെ നിന്നിട്ട് അവളുടെ അടുത്തു ചെന്ന് അവളുടെ കരം ഗ്രഹിച്ചു. അനുവാദത്തിനായി കാലങ്ങളായി കാത്തു നിൽക്കുന്നൊരുവനെ പോലെ അവൻ അവളെ നോക്കി കൊണ്ടിരുന്നു. അവൾ ലജ്ജ കലർന്ന ഭാവത്തിൽ അവനെ നോക്കി ചിരിച്ചു. ഇത്ര കാലം ഉള്ളിലൊതുക്കിയ പ്രണയത്തിന്റെ സാക്ഷാത്കാരം ആയിരുന്നു അവനെ സംബന്ധിച്ച് ആ നിമിഷം. സ്വയം തടഞ്ഞു നിർത്താനാവാതെ അതിന്റെ മാന്ത്രിക ശക്തിയാൽ അവനവളുടെ മുഖം കൈകളിൽ ഉയർത്തി അവളുടെ ചുണ്ടുകളിൽ അഗാധമായൊരു ചുംബനം അർപ്പിച്ചു. വാക്കുകൾക്ക് പ്രസക്തിയില്ലാത്ത ആ നിമിഷങ്ങളുടെ ആഴങ്ങളിൽ അവരിരുവരും ദീർഘനേരം സ്വയം മറന്നു നിന്നു. അവൾ തന്നെ ആണ് അവസാനം അവനിൽ നിന്ന് സ്വയം വേർപെട്ടത്. നേരിയ കിതപ്പോടെ അവൾ അവനെ നോക്കി ചിരിയൊതുക്കി.

"ഇത്രയൊക്കെ
ഉള്ളിൽ പൂട്ടി വച്ചാണോ ഇത്ര നാൾ..." അവൾ പൂർത്തിയാക്കാതെ നിർത്തി.അവൻ അത് കേട്ട് ചിരിച്ചു.

" സൗഹൃദത്തിൽ ഒതുക്കി നിർത്തിയിട്ടുള്ള സ്വാതന്ത്ര്യം മാത്രം പോരല്ലോ, അനുവാദം കൂടി കിട്ടണ്ടേ?!!

"അതിനായിരുന്നു അപ്പോൾ കാത്തിരുന്നത്?! അവളും ചിരിച്ചു.

"അതിൽ സംശയം ഒന്നും വേണ്ട എന്ന് ഇപ്പോൾ മനസിലായില്ലേ.." അത് പറഞ്ഞവൻ നിന്ന നിൽപ്പിൽ അവളെ  കൈകളിൽ കോരിയെടുത്തു. അപ്രതീക്ഷിതമായതിനാൽ അവൾ ഒന്ന് അമ്പരന്നു പോയെങ്കിലും അവളെയും കൊണ്ട് അവൻ അകത്തേക്ക് നടക്കുമ്പോൾ അവൾ അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി അവനെ ഇറുകെ പുണർന്നു !! 

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...