ഇനിയെത്ര നാളുകൾ എന്ന് അറിയില്ല.
ഞാൻ ഈ നാളുകളുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു.
കാത്തിരിപ്പിന്റെ ഓരോ ഇടവേളകളിലും മഴയും പെയ്തു തുടങ്ങിയിരിക്കുന്നു..
വേനലിന്റെ ചൂട് പിടിച്ച മേനിയിലാകെ ഇടക്കിടക്ക് തണുപ്പ് പടർത്തി
എന്നിലേക്കും പെയ്തിറങ്ങുന്നുണ്ട് ഓരോ തുള്ളികളും..
ചാറ്റൽ വീണുപരന്ന വരാന്തയിൽ
ഇരുന്ന്, കണ്ടു പിരിഞ്ഞ അവസാന ദിനത്തിലെ വരികളോരോന്നും ഞാൻ വീണ്ടും വീണ്ടും എണ്ണിയെടുക്കാറുണ്ട്..
ഇത്ര വിശാലമായൊരു ആകാശം,ഒരിക്കലും അവസാനിക്കാത്തത് പോലെ നമുക്കിടയിൽ പടർന്നു കിടക്കുന്നുണ്ട് എന്ന ഓർമ്മ എന്നെ ഇടയ്ക്കിടക്ക് അലോസരപ്പെടുത്തുന്നു..
അന്നൊരു വരി എഴുതിയേല്പിച്ച ബുക്കിലെ ഓരോ അധ്യായങ്ങളിലും നിറഞ്ഞു പെയ്യുന്ന പ്രണയത്തിന്റെ ഗന്ധം നിന്നെ തന്നെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു..
നിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ നിനക്ക് വേണ്ടി എന്നോട് പറയുന്ന വാക്കുകളായി മാത്രം ഞാൻ അത് വീണ്ടും വീണ്ടും വായിക്കുന്നു..
നിന്നെ കേൾക്കുന്നു..
നീയില്ലായ്മ മാത്രമാണ് കടന്നു പോകുന്ന ഈ ദിനങ്ങളിൽ എന്റെ വിരസത..!
Comments
Post a Comment