ഇവിടെ , ഈ ഏകാന്തമായ തണുത്ത നിശബ്ദതയിൽ എന്നെ ഒളിപ്പിച്ചിട്ടു
ഏതു ദൂരത്തിലാണ് നീ പോയത്?!
അപ്രതീക്ഷിതമായൊരു ദിനത്തിൽ,
എന്റെ അലസമായ ഇടനേരങ്ങളിൽ ,
അനുവാദങ്ങൾക്കു കാത്തു നിൽക്കാതെ
നീ വന്നു ചേരുന്ന നിമിഷങ്ങളുണ്ട്..
അതിന്റെ മാത്രം ഓർമയിലാണ് ഞാനിപ്പോൾ എന്നെ നട്ടു വളർത്തുന്നത്.
നിന്റെ ഓരോ വരവുകളിലും എന്റെ ഹൃദയമിടിപ്പുകളുടെ താളം തെറ്റിച്ചു കൊണ്ട് നീ ഒരു കാലത്തെയാണ് സൃഷ്ടിക്കുന്നത്, നാം മാത്രമെന്ന ഒരു കാലത്തെ.!!
എന്റെ ശ്വാസത്തിലും നീ നിറയുന്ന നേരങ്ങൾ..!
നീ നിന്റെ ഓരോ അണുവിലും എന്നെ ചേർത്തു വായിക്കുന്ന നേരങ്ങൾ..!!
നാം മാത്രമാകുന്ന കാലങ്ങൾ..!!
ഇന്നലെ, ഈ നേരങ്ങളിൽ എപ്പോഴോ ആണെന്നു തോന്നുന്നു നിന്റെ മുറുകിയ കരങ്ങളിൽ ഞാൻ എന്നെ കൊരുത്തിട്ടത്..!
അപ്പോഴൊക്കെ, ഞാൻ എന്നു മാത്രമുള്ള നിന്റെ മിടിപ്പുകളിലും ഞാൻ തേടുന്നൊരു ആകാശം ഉണ്ട്..
നമുക്ക് മേലെ , വിടർന്നു നിവരുന്ന , പെയ്തു തോരുന്ന ആകാശം..!
ഇപ്പോഴും നിന്റെ ഉടലിന്റെ ചൂടിലാണ് ഞാൻ ഉരുകുന്നത്.
ഒരു പുതുമഴക്കും നൽകാൻ കഴിയാത്ത തണുപ്പ് മുഴുവൻ നിന്നോടൊപ്പം നീയെടുത്തു കൊണ്ടു പോയിരിക്കുന്നു..!
ഇനിയുമൊരു അപ്രതീക്ഷിത നേരത്തെ വരവിലേക്കായി ഞാൻ ഈ മുറുകിയ നിശ്വാസങ്ങൾ കരുതിവയ്ക്കുകയാണ്,
നിന്റെ നോട്ടങ്ങളുടെ മുന്നിൽ മാത്രം പൂക്കുന്ന എന്നിലെ
മറ്റൊരു കാലത്തിന് ചിറകു വിടർത്താൻ, നാമെന്നൊരു കാലത്തെ തിരികെ നേടാൻ..!!
❤️❤️❤️
ReplyDelete❤️❤️
Delete