മുറിവുകളിൽ നീരിറ്റിച്ചു നൽകുന്ന നേരങ്ങളിൽ മാത്രം,
വേദന അവളെ നിശ്ശബ്ദയാക്കും..
ആ നേരങ്ങളിൽ വാക്കുകൾ അവളിൽ നിന്നൊഴിഞ്ഞു മാറാറുണ്ടത്രേ..
എന്നെന്നേയ്ക്കുമായി എന്ന തോന്നൽ മാത്രം ബാക്കി ആകുമെങ്കിലും,
നിമിഷങ്ങളുടെ ഇടവേളയിൽ അവൾക്കത് വീണ്ടും കണ്ടെത്താനാവും.
കാരണം എഴുതുന്നവൾ എന്ന് സ്വയം അഹങ്കരിക്കുന്ന ഒരുവൾക്ക് വേദനയിൽ ഒരളവുവരെ വരെ നിശബ്ദ ആയിരിക്കാൻ കഴിയില്ല.
വേദനയുരുക്കി ഒഴിച്ച അച്ചുകളിൽ വാക്കുകൾ നിരത്തേണ്ടതുള്ളത് കൊണ്ടാകാം,
മുറിവുകളിൽ അവൾ നിർത്താതെ നീരൊഴിച്ചു കൊണ്ടിരിക്കുന്നത്..
എഴുതുന്ന ഒരുവൾ എപ്പോഴും മുറിവുകൾ ചോദിച്ചു വാങ്ങുമോ എന്ന് ചോദിക്കരുത്..
എങ്കിലും, മുറിവുകളിൽ മാത്രമായിരിക്കാം അങ്ങനെ ഒരുവൾക്ക് സ്വയം കണ്ടെത്താൻ കഴിയുന്നത്..
വേദനയിൽ മാത്രമാകാം അവളുടെ ആത്മാവിൽ വാക്കുകൾ പുനർജ്ജനിക്കുന്നത്..
കാരണം, അവളെ നിശ്ശബ്ദയാക്കാൻ ചില മുറിവുകൾക്ക് മാത്രമേ സാധിക്കൂ..
അവിടെയെല്ലാം, അവൾ വാക്കുകളിലൂടെ മാത്രം സ്വയം തളിർക്കാറുമുണ്ട്..
Comments
Post a Comment