തോരാതെ പെയ്ത മഴയായിരുന്നു ഇന്നും.
നിശബ്ദമായ അലസതയോടെ അഴിഞ്ഞുലഞ്ഞു കിടക്കുമ്പോൾ നമുക്കൊപ്പം പെയ്ത മഴ ഓർമകളോടൊപ്പം കുത്തിയൊലിക്കുന്നുണ്ടായിരുന്നു.
നമുക്കിടയിൽ ആദ്യമായി പെയ്തിറങ്ങിയ മഴയ്ക്ക് വരണ്ടു കിടന്ന ഭൂമി നനഞ്ഞ മണമായിരുന്നു.
നമ്മെ പോലെ തന്നെ അന്ന് മണ്ണും മരങ്ങളും കുളിർപ്പെയ്ത്തിൽ മധുരിച്ചു നിന്നിരുന്നു.
നീരാവി വീണ പോൽ മങ്ങിയ ജനൽചില്ലിൽ നീ രൂപമില്ലാത്ത ചിത്രങ്ങൾ ഇടക്കിടക്ക് കോറിയിട്ടിരുന്നു.
ആദ്യ സാമീപ്യത്തിന്റെ വാക്കുകളില്ലായ്മയിൽ ഞാൻ വെറുതെ മഴനൂലുകളെ ഇഴപിരിച്ചു നോക്കികൊണ്ടുമിരുന്നു.
വരണ്ട തൊണ്ടയിൽ നിന്നെന്നവണ്ണം ഇടക്കിടെയുള്ള സംസാരങ്ങളിൽ വിറയിൽ വീണ് ചിതറാതിരിക്കാൻ
നാമിടയ്ക്കിടെ കണ്ണിൽ നോക്കാതെ ചിരിച്ചു.
അവിചാരിതമായൊരു നിമിഷത്തിന്റെ മൂർധന്യത്തിൽ മുഖത്തേക്കുതിർന്നൊരു മുടിയിഴയെ
സൂക്ഷമായി ഒതുക്കി വയ്ക്കാൻ നീ കൈനീട്ടിയപ്പോൾ എന്റെ ചുറ്റും മഴയൊന്നു നിശ്ചലമായി.
തണുത്തിട്ടെന്നവണ്ണം എന്റെ കൈവിരലുകൾ ഉറഞ്ഞ് പോയി.
നീയത് തൊട്ടറിഞ്ഞിട്ടെന്നവണ്ണം പെട്ടെന്ന് കൈകൾ പിൻവലിക്കുകയും ചെയ്തിരുന്നു.
പിന്നെ പലപ്പോഴും നമുക്കത് പറഞ്ഞു ചിരിക്കാനുള്ള ഓർമകളായിരുന്നു.
പിന്നെയുമെത്രയോ മഴപെയ്തുകൾ നമുക്കിടയിൽ ഒഴുകി പോയി.
ആദ്യമഴയെ ഓർമിപ്പിച്ചു കൊണ്ട്, എത്രയോ കാഴ്ചകളിൽ മഴ ഒരു തുടക്കമോ അവസാനമോ ആയി കൂട്ടു നിന്നിരിക്കുന്നു.
പക്ഷെ നിർത്താതെ പെയ്ത മഴയ്ക്കൊപ്പം
പ്രണയച്ചാറ്റലിന്റെ നനവേറ്റു വിറച്ചു പനിച്ച നിമിഷങ്ങളിൽ ആദ്യ ഓർമയുടെ തണുപ്പില്ല മറ്റൊന്നിനും.
ഓർമകൾക്കെപ്പോഴും മഴയുടെ ഗന്ധം തന്നെ.
ഇന്ന് പെയ്ത മഴയിലും ഓർമകളുടെ നനുത്ത ചാറ്റലടിച്ചു ഞാൻ നനഞ്ഞു കൊണ്ടിരുന്നു.
മറ്റൊരു മഴ പോലെ ഞാൻ, എന്റെ ഉള്ളിൽ തന്നെ നിർത്താതെ പെയ്തു കൊണ്ടിരിക്കുന്നു.
Comments
Post a Comment