നീ എനിക്ക് നൽകുന്ന
ചെറിയ ചെറിയ നിമിഷങ്ങളുടെ തണുപ്പ്
മാത്രമാണ് എന്റെ ഉള്ളുരുക്കങ്ങളുടെയെല്ലാം
അവസാനം.
എനിക്കിഷ്ടമെന്നു പറയുന്ന ഒരു പാട്ടിന്റെ വരി മൂളുന്നതോ,
ഞാൻ വെറുതെ കുറിക്കുന്നതിലേതെങ്കിലും ഒന്നിന്റെ ഭംഗി വർണ്ണിക്കുന്നതോ,
എന്റെ, കാട് കയറുന്ന ചിന്തകൾക്ക് കടിഞ്ഞാണിടുന്നൊരു വാക്ക് നൽകുന്നതോ,
മഴ കാണാൻ കൊതിക്കുമ്പോൾ നിന്റെ ഇറയത്തേക്കിറക്കി നിർത്തുന്നതോ,
തിരക്കേറിയ വഴിയിലെന്നെ ഒതുക്കി ചേർത്തു പിടിക്കുന്നതോ,
ഉറങ്ങും വരെ ചിലപ്പോൾ കൂട്ടിരിക്കുന്നതോ,
ഉണരും വരെ നോക്കിയിരിക്കുന്നതോ,
നിന്റെ പ്രണയസിനിമകളുടെ ശേഖരത്തിൽ നിന്നൊന്നു തെരഞ്ഞെടുത്തെനിക്കൊപ്പം കണ്ടിരിക്കുന്നതോ,
ഈ പാട്ടു കേട്ടു നോക്കൂ ഇഷ്ടപ്പെടുമെന്നു പറഞ്ഞിടക്കെന്റെ നിശ്ശബ്ദതകളെ പിടിച്ചെടുത്തെറിയുന്നതോ,
കടുപ്പത്തിലൊരു കാപ്പി കുടിക്കൊന്നുഷാറാകട്ടെയെന്ന് ചിരി ചേർത്തിളക്കി നല്കുന്നതോ,
നമുക്കിരുവർക്കുമിഷ്ടപ്പെട്ടൊരു പുസ്തകത്തിലെ വരികൾ എന്നെ വായിച്ചു കേൾപ്പിക്കുന്നതോ,
ആകാശം നിറയെ നക്ഷത്രങ്ങൾ പൂക്കുന്ന രാത്രികളിൽ അവയിലോരോന്നും ഏതെന്ന് പറഞ്ഞു തന്നുകൊണ്ട് തമ്മിൽ
പുണർന്നിരിക്കുന്നതോ,
എനിക്കറിയാത്തൊരു ഭാവത്താൽ
വെറുതെ എന്നെ നോക്കിയിരുന്നെനിക്കുള്ളിൽ എന്തിനെന്നറിയാതെ മഞ്ഞു പെയ്യിക്കുന്നതോ,
മുൻപേ തീരുമാനിക്കാത്തൊരു യാത്രക്ക് പെട്ടെന്നിറങ്ങി തിരിക്കുന്നതോ,
തണുത്തുറയുന്ന നേരങ്ങളെ ഇറുക്കിപിടിച്ചിറക്കി വിടുന്നതോ,
ഗാഢമായ ഉറക്കത്തിന്റെ ഇടവേളകളിൽ അമർത്തിയൊരുമ്മയോടെ എന്നെ നെഞ്ചിൽ ചേർത്തു കിടത്തുന്നതോ,
എന്റെ മാത്രമായിരിക്കൂ ഇന്ന് വല്ലപ്പോഴും മാത്രം അവശ്യപ്പെടുന്നതോ ആയിട്ടുള്ള
എത്രയെത്ര ചെറുനേരങ്ങൾ ചേർത്താണെനിക്ക് നീ നിന്റെ പ്രാണന്റെ പാതി പകുത്തു തന്നത്..!
അത് മാത്രമാണ് എന്റെ ഉള്ളുരുക്കങ്ങളുടെയെല്ലാം
അവസാനവും..!
Comments
Post a Comment