നാം തമ്മിൽ കണ്ട നാളുകൾ ഓർക്കുകയായിരുന്നു ഈ ദിവസങ്ങളിലെല്ലാം.
നീ എന്നെ പ്രണയിക്കുന്നു എന്നറിഞ്ഞ നിമിഷം വളരെ മനോഹരമായിരുന്നു.
അതിനു മുൻപ് നമുക്കിടയിൽ ആ തിരിച്ചറിവ് ഇല്ലായിരുന്നു.
പക്ഷെ പ്രണയിക്കുകയാണെന്ന അറിവാണ് മനോഹരം, നമ്മൾ പരസ്പരം പറഞ്ഞില്ല എങ്കിലും.
ആൾക്കൂട്ടങ്ങൾക്ക് ഇടയിൽ നീ പെട്ടെന്ന് എന്റെ കൈ കവരുന്നതും
ചുറ്റും നിറയുന്ന കൂർത്തനോട്ടങ്ങൾ
അവഗണിച്ചെന്റെ ചുണ്ടിൽ ധൃതിയിൽ ചുണ്ടുകൾ അമർത്തുന്നതുമെല്ലാം
എന്നോട് പറയാതെ പറഞ്ഞത് മറ്റൊന്നും ആയിരുന്നില്ല.
നാം തമ്മിൽ പ്രണയത്തിലാണെന്ന് ആയിരുന്നു.
പ്രണയിക്കുകയാണെന്ന അറിവാണ് മനോഹരം,നമ്മൾ പരസ്പരം പറഞ്ഞില്ല എങ്കിലും.
തണുത്ത രാത്രികളിൽ
നീ എന്നെ ചേർത്തു വരിഞ്ഞ് എന്റെ കഴുത്തിനു പിന്നിൽ നൽകിയിരുന്ന ചുംബനത്തിന്റെ ചൂടിനും
ഒരു പാമ്പിനെപ്പോലെ എന്നെ ചുറ്റിപിണഞ്ഞ നിന്റെ കാലുകൾക്കും
എന്നോട് പറയാനുണ്ടായിരുന്നത് അത് മാത്രം ആയിരുന്നു,
നാം തമ്മിൽ പ്രണയത്തിലാണെന്ന്.
പ്രണയിക്കുകയാണെന്ന അറിവാണ് മനോഹരം,നമ്മൾ പരസ്പരം പറഞ്ഞില്ലയെങ്കിലും.
കടലു പോലെ നീ എന്നിൽ നിറഞ്ഞു കവിയുന്ന നേരങ്ങളിലും
തിര പോലെ ഞാൻ അലഞ്ഞടിയുന്ന നേരങ്ങളിലും
നിന്റെ ചുമലുകളിൽ പതിയുന്ന എന്റെ നഖങ്ങളുടെ മൂർച്ചയുള്ള തിണർപ്പുകളും
എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നതും അത് തന്നെയായിരുന്നു,
നാം തമ്മിൽ പ്രണയത്തിലാണെന്ന്.
പ്രണയിക്കുകയാണെന്ന അറിവാണ് മനോഹരം,നമ്മൾ പരസ്പരം പറഞ്ഞില്ലയെങ്കിലും.
എത്രയെത്ര നേരങ്ങൾ അങ്ങനെ പ്രണയിച്ചും മധുരിച്ചും നാം പോലും അറിയാതെ നമ്മിലൂടൊഴുകി പോയി.
കാലങ്ങൾ എത്ര കഴിഞ്ഞു പോയെങ്കിലും
പറയാതെ..നിറയുന്ന..അറിയുന്ന കാലമിപ്പോഴും കൂടെ ഒഴുകുന്നു.
ഇന്നും, നാം തമ്മിൽ പ്രണയിക്കുന്നു എന്ന അറിവാണെനിക്ക് മനോഹരം.
Comments
Post a Comment